ആത്മീകത, മതം, രാഷ്ട്രീയം. -1
ആത്മീകത, മതം, രാഷ്ട്രീയം. -1
ആത്മീകതയും മതവും രാഷ്ട്രീയവുമായുള്ള ബന്ധം വളരെ ചർച്ച ചെയ്യപെട്ടിട്ടുള്ള വിഷയമാണ്. ഈ മൂന്നു ആശയങ്ങളും ബന്ധപെട്ടതാണെങ്കിലും വ്യത്യസ്ഥമാണ് എന്നു ഞാൻ കരുതുന്നു.
ഇതെല്ലാം തോന്നലുകളാണ്. മനുഷ്യൻ ജീവിക്കുന്നത് പല തരത്തിൽ വീട്ടിൽ നിന്നു നാട്ടിൽ നിന്നും പ്രകൃതിയിൽ നിന്നു മണ്ണിൽ നിന്നു മഴയിൽ നിന്നു മഞ്ഞിൽ നിന്നു മരങ്ങളിൽ നിന്നു, വിവിധ ജീവിത സാഹചര്യംങ്ങളിൽ നിന്നു കേട്ട കേഴ്‌വിയിൽ നിന്നും കാഴ്ച്ചകളിൽ നിന്നു ആഗീകരിച്ചു മസ്തിഷ്ക്കത്തിലുള്ള ഓർമ്മകൾ ഭാഷയിലൂടെ മനസ്സിലാക്കിയും പ്രകടിപ്പിച്ചുമാണ്. ഓർമ്മകളിലൂടെയാണ് മനുഷ്യൻ ജീവിച്ചു മരിക്കുന്നത്
.അത് കൊണ്ടു മനുഷ്യൻ എന്നത് തോന്നലുകളാണ്. വിചാരണങ്ങളും വികാരവുമെല്ലാം മസ്തിഷ്കത്തിലെ ശരീരത്തിലെ തോന്നലുകളും അതിന് അനുസരിച്ചുള്ള ബയോകെമിസ്ട്രിയുമാണ്.
അങ്ങനെയുള്ള വ്യക്തിപരമായും സാമൂഹികവൽക്കരിച്ചതുമായ തോന്നലുകളിൽ നിന്നാണ് ചരിത്രവും വിചാരങ്ങളും അറിവുകളും തിരിച്ചറിവുകളും പല തരത്തിൽ പലരിലുമുണ്ടാകുന്നത്.
ആത്മീയത എന്നത് കൊണ്ട് ഞാൻ മനസ്സിലാക്കുന്നത് ഒരു മനുഷ്യന്റ മനസ്സിനുള്ളിലെ ജീവൽ ബോധത്തെയാണ്. ഈ ജീവൽ ബോധം ഓരോ മനുഷ്യനിലും ശരീരവും സ്ഥല - കാല ധാരണകളും, സാഹചര്യവും ചുറ്റുപാടുകളുമനുസരിച്ചു വ്യത്യസ്തമായിരിക്കും. മനുഷ്യനുള്ളിലെ ഭയ വിഹ്വലതകളെ നേരിടാനുള്ള സ്വാതന്ത്ര്യ വാഞ്ച നിറവേറ്റപ്പെടാൻ സർഗാത്മകതയും ക്രിയാത്മകതയും ഉൽപ്പാദനവും പ്രത്യുൽപ്പാദനവും മനുഷ്യൻ ജനനത്തിനും മരണത്തിനുമിടക്കു നടത്തുന്നത് ഈ ജീവൽ ബോധത്തിൽ നിന്നാണ്.
ആത്മീയത എന്നത് പലപ്പോഴും ഒരു വ്യക്തി സ്വന്തം അസ്തിത്വത്തെകുറിച്ചും ചുറ്റുപാടുകളെകുറിച്ചും പ്രപഞ്ചത്തെകുറിച്ചും ജനന മരണങ്ങളെകുറിച്ചുമൊക്കെയുള്ള ചോദ്യങ്ങളിൽ നിന്ന് തുടങ്ങുന്ന അന്വേഷണത്തിൽ നിന്ന് സ്വയം മാനസികമായി അടയാളപെടുത്തുന്ന ഒരു പ്രക്രിയയാണ് . ആത്മീയം ജീവൽ ബദ്ധമാണ്. ഒരാൾ ജീവനും, ജീവിതവും മരണവുമായി മാനസികമായി സമരസപ്പെടുന്ന സന്ദേഹങ്ങളും ചുറ്റുപാടുകളിൽ നിന്ന് ആർജിക്കുന്ന ഭാഷയും വിശ്വാസങ്ങളും വിഹ്വലതകളുമൊക്കെ ചേർന്ന ഒരു മാനസിക അവസ്ഥയാണ് .
മനുഷ്യന് സ്വയത്തെ കുറിച്ചും സമൂഹത്തെക്കുറിച്ചും കണ്ടും കേട്ടും കൊണ്ടുമറിഞ്ഞ് ചിന്തിച്ചു ഒരു ഭാഷയിലൂടെ പ്രകടിപ്പിക്കുവാനും വിനിമയും ചെയ്യാനുമൊക്കുന്നതാണ് ഹോമോ സാപിയൻസിനെ മറ്റ് മൃഗങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്..കേട്ടറിവും കണ്ടറിവും കൊണ്ടറിവും തിരിച്ചറിവും മനുഷ്യൻ ആർജിക്കുന്നത് ശരീരത്തിലൂടെ സമൂഹത്തിൽ നിന്നാണ്. സ്വന്തം ശരീരത്തിന്റെ നിലനിൽപ്പുമായി ബന്ധപ്പെട്ട ആവശ്യങ്ങളെയും തൃഷണകളെയും തൃപ്തി പെടുത്താനും, വായു, ആഹാര, ലൈംഗീക ആവശ്യങ്ങളെ നിറവേറ്റാനും മനുഷ്യന് ഇണയും തുണയും താങ്ങും തണലും വേണം. പ്രായേണ ദുർബലനായ മനുഷ്യൻ ചിന്തയിലൂടെയും സമൂഹത്തിലൂടെയുമാണ് പ്രകൃതി ശക്തികളുമായി താദാത്മ്യം പ്രാപിച്ചു ജനിച്ചു, ജീവിച്ചു മരിക്കുന്നത്.
ഞാൻ ആര്? ഞാൻ എന്തിന് വേണ്ടി? എന്ന ചോദ്യങ്ങളിൽ തുടങ്ങി മനസ്സും മനുഷ്യനും സമൂഹവുമൊക്കെയുള്ള ബന്ധത്തെ കുറിച്ചുള്ള ചോദ്യങ്ങൾ പലപ്പോഴും അധികാരത്തെകുറിച്ചും നമ്മൾക്കതീതമായ പ്രകൃതി ശക്തികളെ കുറിച്ചും മണ്ണിനെയും വിണ്ണിനെയും മരങ്ങളെയും, പുഴകളെയും, അഗ്നിയേയ്യും ചരാ ചരങ്ങളെയും കുറിച്ച് ഒരു ജീവൽ ബോധമുണ്ടാക്കുന്നു.
മനുഷ്യൻ സ്വന്തം ആഹാര, ലൈംഗീക, പാർപ്പിട അവശ്യങ്ങളുടെ നിറവേറ്റപെട്ടു കഴിയാനുള്ള കൂട്ടായ്മയായാണ് ഇണയും തുണയുമായി കുടുംബമെന്നവ്യവസ്ഥാവൽക്കരണമുണ്ടാകുന്നത്. അവിടെ നിന്നാണ് ജനനവും, ഭാഷയും, വിശ്വാസ വിചാരങ്ങളും പേരും നാളും പ്രണയവും, പണിയും പണവും മനസ്സും മനസ്ഥിതിയും മനുഷ്യന്റെ ഉള്ളിൽ ആദ്യമായി കുടിയേറുന്നത്. മനുഷ്യന് മസ്നസ്സിലുള്ള ഭയ വിഹ്വലതകളെയും മരണ ഭയമുൾപ്പെടെയുള്ളതിനെ നേരിടുവാൻ സ്വയം പ്രകാശനത്തിലൂടെ ജീവനോടും പ്രകൃതിയോടും ഭാഷയിലൂടെയും കൈ മെയ് വഴക്കങ്ങളിലൂടെയും പ്രതീകരിക്കുമ്പോഴാണ് കഥയും കവിതയും വരകളും വർണ്ണങ്ങളും നൃത്ത ചുവടുകകള്മായി മനുഷ്യൻ സര്ഗാത്മകവും ക്രിയാത്മകവുമാകുന്നത്.
മനുഷ്യൻ സാമൂഹിക ജീവിയും സർഗാത്മതയും ക്രിയാത്മകതയും ഒരുമിപ്പിച്ചു സ്വന്തം അവസ്ഥയെയും സമൂഹത്തെയും പ്രകൃതിയെയും ഭാഷ -വിനിമയ -സാമൂഹിക ശാസ്ത്രീയ ഇടപെടലിലൂടെ മാറ്റാൻ കഴിവുള്ള ഒരു ജീവിയാണെന്നുള്ള ധാരണയാണ് നമ്മളെ മറ്റു ചരാചരങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. അതുകൊണ്ട് തന്നെ ഓരോ വ്യക്തിയുടെയും ജീവൽ ബോധമായ ആത്മീകതയെ സാമൂഹികതയിൽ നിന്നും ഭാഷയിൽ നിന്നും ജീവിത സഹാചര്യങ്ങളിൽ നിന്നും വേറിട്ട് കാണാനാകുകയില്ല. ഞാനില്ലെങ്കിൽ നമ്മളില്ല. നമ്മളിലെങ്കിൽ ഞാനില്ല. ഈ തിരിച്ചറിവിൽ നിന്നാണ് മനുഷ്യൻ ഇണയെയും തുണയേയും തേടി സ്വതന്ത്രരാകുവാൻ ശ്രമിക്കുന്നത്. ഈ ഉൾ സ്വാതന്ത്ര്യ വാഞ്ച നിറവേറ്റാനും സ്ഥായിയാക്കുവാനുമുള്ള് വ്യവസ്ഥ ക്രമങ്ങളിൽ നിന്നാണ് മതമെന്ന സ്ഥാപന ചിന്തയുടെ തുടക്കം.
ജെ എസ് അടൂർ