Blog

നാം വലിയ ഒരു മാറ്റത്തിന്‍റെ വരവിനു മുമ്പുള്ള ഒരു സന്നിഗ്ദ്ധ സംക്രമണ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതു

നാം  വലിയ ഒരു മാറ്റത്തിന്‍റെ  വരവിനു മുമ്പുള്ള ഒരു സന്നിഗ്ദ്ധ  സംക്രമണ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്...
------------------------------------------------------------------
നമ്മള്‍ കേരളത്തിലെ കാര്യങ്ങളില്‍ മാത്രം ശ്രദ്ധ പതിപ്പിക്കുന്നത് കൊണ്ട് പലപ്പോഴും നാം വിചാരിക്കും കേരളത്തില്‍ മാത്രമാണ് പ്രശ്നങ്ങള്‍ എന്നാണ് . 

എല്ലാ രാജ്യങ്ങളിലെയും വ്യവസ്ഥാപിത അധികാര സ്വരൂപങ്ങളും സ്ഥാപനങ്ങളും പുതിയ  സാധുത പ്രതിസന്ധികള്‍ (  legitimacy crisis ) നേരിടുകയാണ് . 

ഇതിനു കാരണങ്ങള്‍ പലതാണ് . 

അതില്‍ പ്രധാനമായതു ആധുനിക കാലത്ത് വിവര-വിജ്ഞാന വിനിമായങ്ങളുടെ പ്രധാന വാഹകര്‍ സ്ഥാപനങ്ങളായിരുന്നു . 

വിവര-വിജ്ഞാന വിനിമയങ്ങളെ  പലതരത്തിലും കണ്ട്രോള്‍ ചെയ്തും മാനേജു ചെയ്തും ആണ് സമൂഹത്തില്‍ അധികാര വിനിമയങ്ങള്‍ നടത്തി ജനങ്ങളുടെ ഇടയില്‍  കണ്‍സെന്സേസ് നിര്‍മ്മിച്ചിരുന്നത്. 

അത് സഭകളില്‍ ഇടയ ലേഖനമായി വരും . 

പാര്‍ട്ടികളില്‍ മുകളില്‍ നിന്ന് താഴോട്ടു ഘട്ടം ഘട്ടമായി വിവിധ ഫില്‍ട്രേഷന്‍ പ്രക്രിയകള്‍ കഴിഞ്ഞു നിര്‍ദേശങ്ങള്‍ എത്തും . 

സ്കൂളുകളില്‍  വിദ്യഭ്യാസം സാര്‍ പറയുന്നത് വേദ വാക്യം. 

പത്രങ്ങളില്‍ മുകളില്‍ ഇരുന്നു എഡിറ്റര്‍ തീരുമാനിക്കും എന്താണ് വാര്‍ത്ത എന്നും ഏതാണ് വാര്‍ത്ത‍ എന്നും . 

പലപ്പോഴും ആനുകാലിക പ്രസദ്ധീകണങ്ങളുടെ എഡിറ്റര്‍മാര്‍ തീരുമാനിക്കും ആരൊക്കെ എഴുത്ത്കാരും ബുദ്ധി ജീവികളും , 'സാംസ്‌കാരിക ' നായകരും  ആകണമെന്ന് . 

പാര്‍ട്ടികളുടെ " ഹൈക്കമാണ്ടും സെന്‍ട്രല്‍ സെക്രെട്ടെറിയേട്ടും തീരുമാനിക്കും ആരൊക്കെ എം പി യും , എം എല്‍ ഏ യും നേതാക്കളും ആകണം എന്ന് . 

ഇതില്‍ എല്ലാ ഏറ്റവും വലിയ ഘടകം ഇന്‍ഫോര്‍മേഷന്‍ മാനേജുമെന്‍ടില്‍ കൂടി അധികാരം മാനേജു ചെയ്യുക എന്നതാണ് . 

അങ്ങനെയുള്ള സ്ഥാപന ഘടന വ്യവസ്തിതി ' വെര്‍ട്ടിക്കല്‍  ടോപ്‌ -ഡൌണ്‍ ഇന്‍ഫോര്‍മേഷന്‍ മാനേജുമെന്ടില്‍ കൂടെയാണ് കാര്യങ്ങള്‍ നടത്തുന്നത് . 

അങ്ങനെയുള്ള ഒരു ഘടനയില്‍  അധികാരം എന്നത് '  പവര്‍ ഓവര്‍' ( Power over)  എന്ന "കമാണ്ട് ആന്‍ഡ്‌ കണ്ട്രോള്‍ " എന്ന ആശയ-വിവര-വിജ്ഞാന വിതരണത്തിലൂടെയാണ് സ്ഥാപനങ്ങളെ പോളിറ്റിക്കള്‍ വരേണ്യര്‍  കൈയോതുക്കത്തോടെയും അച്ചടക്കത്തോട്  ( discipline ) കൂടിയും മുകളില്‍ ഉള്ള രഹസ്യങ്ങള്‍ കാത്തു സൂക്ഷിച്ചു കാര്യങ്ങള്‍ നടത്തിയത് . 

ഈ വെര്‍ട്ടിക്കല്‍ ഇന്ഫോര്‍മേഷന്‍ മാനേജുമെന്ടില്‍ കൂടിയാണ് ഹെജെമണി അഥവാ അധികാര മേല്‍ക്കോയ്മ  നടപ്പാക്കിയത് . 

അത് '  കണ്‍സെന്‍സസ് "  നിര്‍മ്മിച്ച്‌ ജനങ്ങളെ കൈയ്യില്‍ എടുത്തു നിര്‍ത്തി വരുതിയിലാക്കി  സാധുത  ( legitimacy) സാധിച്ചും, അതുപോലെ  അച്ചടക്കത്തിന്‍റെ വടിയും വാളുംകാട്ടി ഭയപ്പെടുതിയുമാണ് ( coercive power) . 

ഇങ്ങനെയാണ് പള്ളിയും പള്ളിക്കൂടവും , പാര്‍ട്ടികളും , പത്രങ്ങളും , സര്‍ക്കാരും എല്ലാം അധികാരം മുകളില്‍ നിന്ന് താഴോട്ട് പ്രയോഗിച്ചു സമൂഹത്തെയും മനുഷ്യരെയും അവരുടെ ചിന്തകളെയും വിചാര -വികാര-വിനിമയങ്ങളെയും എല്ലാ നിയന്ത്രിച്ചത് .

പക്ഷേ വിവര സാങ്കേതിക വിപ്ലവത്തില്‍ സാമൂഹിക മാദ്ധ്യമങ്ങളുടെ വേലിയെറ്റത്തില്‍  സ്ഥാപനങ്ങളുടെ ഇന്‍ഫോര്‍മേഷന്‍  വിനിമയ  ഉപാധിയായ നട്ടെല്ല് (Information exchange and management vertebra)  ചതയുകയും ഒടിയുകയും ചെയ്തു . 

അരമന രഹസ്യങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍  അങ്ങാടിപ്പട്ടായി . 

സംഘടന രഹസ്യങ്ങള്‍ എന്നൊന്ന് ഇല്ലാതെയായി . 

കളിക്കളത്തിന്‍റെ മതിലുകള്‍ പൊളിഞ്ഞു വീണപ്പോള്‍ ആര്‍ക്കും കേറി ഗോള്‍ അടിക്കാം എന്ന സ്ഥിതി വന്നു . 

തിരുമേനി മാര്‍ ഒതുക്കത്തില്‍ നടത്തിയ റിയല്‍ എസ്റെട്ടു കച്ചവടം നിമിഷങ്ങള്‍ക്കുള്ളില്‍ ലോകമെങ്ങും അറിഞ്ഞു . 

ഒരു മന്ത്രി രാത്രിയില്‍ നടത്തിയ ഫോണ്‍ പഞ്ചാരഅടിയും പൂച്ചക്കുഞ്ഞുങ്ങളും പെട്ടന്നു  ടീവിയില്‍  പൊട്ടിയോലിച്ചു . 

മിനി കൂപ്പര്‍ ഫേസ് ബുക്ക്‌ വാട്സ് ആപ്  ഇന്‍ഫോര്‍മേഷന്‍ ഹൈവെകളിലൂടെ ലോകമെങ്ങും പാഞ്ഞു നടന്നു .

പത്ര അരമനകളിലെയും അധികാര അന്തപ്പുരങ്ങളിലെയും രഹസ്യങ്ങള്‍ കൊച്ചു പിള്ളേര്‍ കണ്ടു രസിച്ചു . 

രാജാവിന്‌ മുണ്ടില്ലേ എന്ന് ഒരു പാടു പേര്‍ വിളിച്ചു കൂവുന്നു . 

വിരട്ടി കാര്യം സാധിക്കില്ല .   

പാര്‍ട്ടികളിലെ പാര്‍ട്ടി- ധാരളിത്ത ചിത്രങ്ങള്‍ പറന്നു നടന്നു . 

ചുരുക്കത്തില്‍ പഴയ ടോപ്‌ ഡൌണ്‍ ഇന്‍ഫോര്‍മേഷന്‍ മാനേജ്മേന്റോടെ കാര്യങ്ങള്‍ നടത്തിയവരുടെ  കയ്യില്‍ നിന്ന് ആശയ- വിവര- വിജ്ഞാന നിയന്ത്രണം വിട്ടു പോയി . 

അധികാരം ഡിസ്പെഴ്സ്ടായി ( Dispersion of Power)  കൈയ്യില്‍ നിന്ന് കാര്യങ്ങള്‍ വിട്ടു പോകുന്ന അവസ്ഥ . 

അങ്ങനെയുള്ള ഒരു ലെജിട്ടിമസി ക്രൈസിസിനെ നേരിടാന്‍ ആണ് പല രാഷ്ട്രീയ നേതാക്കളും പഴയ വിപ്ലവത്തിന് അവധി കൊടുത്തു പുതിയ ചാരിറ്റിയും ജനകീയ ഭക്ഷണവും , കെയര്‍ ഗിവിങ്ങും ഒക്കെകൊടുത്ത് ജനങ്ങളുടെ ഇടയില്‍ ലെജിട്ടിമസി തിരകെ പിടിക്കാന്‍ ശ്രമിക്കുന്നത് .

ലെജിറ്റിമസി  എന്ന് പറയുന്നത് അധികാരവുമായി ബന്ധപ്പെട്ടതാണ്.  

എല്ലാ  അധികാരത്തിനും രണ്ടു മൂന്നു പ്രധാന തലങ്ങൾ ഉണ്ട്. 

ഒന്ന് ആശയ -ആദർശ സോഫ്റ്റ്‌വെയർ,  

രണ്ടു അവയെ വ്യവസ്ഥാപവൽക്കരിച്ചു സംഘടന സ്ഥാപനങ്ങളിലൂടെ നിലനിർത്തുക,  

മൂന്നു ഭാഷാ വിനിമയ മാർഗ്ഗങ്ങളിലൂടെ ജനങ്ങളിൽ അധികാരത്തെ കുറിച്ച്  സമ്മതിയും അതെ സമയം ഭയമുണർത്തി അച്ചടക്കി വരുതിയിൽ നിർത്തിയുമാണ്. 

ഇതിൽ ടെക്നോളജിയുടെ പങ്ക്‌ പ്രധാനമാണ്. കാരണം ടെക്നോളജിയാണ് നമ്മുടെ കമ്മ്യുണിക്കേഷൻ രീതികളെ സ്വാധീനീക്കുന്നത്. 

കമ്മ്യുണിക്കേഷൻ അഥവാ വിനിമയയ ഉപാധികൾ ആണ് നമ്മുടെ കാഴ്ചകളെയും വിചാരങ്ങളേയും ചിന്തകളെയും ബാധിക്കുന്നത്.  

ചിന്തകൾ മാറുമ്പോൾ മനസ്സ് മാറുന്നു. 

മനസ്സ് മാറുമ്പോൾ മനുഷ്യൻ മാറുന്നു. 

മനുഷ്യൻ മാറുമ്പോൾ സമൂഹം മാറുന്നു. 

സമൂഹം മാറുമ്പോൾ സ്ഥാപനങ്ങളും അധികാര ഘടനകളും മാറുന്നു . 

അധികാര മാനേജ്‌മെന്റിന്  ടെക്നോളജി പ്രധാന ഘടകമാണ്. 

ടെക്നോളജി കൊണ്ടാണ് വാക്കുകളിലൂടെ വിനിമയവും ആശയ-വിജ്ഞാന -ന്യായ വ്യവസ്ഥ രീതികളും സാധ്യമാക്കുന്നത്.  

ടെക്നോളജിയിലൂടെ ആയുധത്തിന്റെ  ശക്തിയും വേഗതയും ഔട്ട്റീച്ചും കൂട്ടിയാണ്  എല്ലാം അധികാര സ്വരൂപങ്ങളും യുദ്ധം നടത്തി വെട്ടിപിടിച്ചു  ക്ഷീണപ്പിച്ചും വിരട്ടിയുമാണ് മറ്റുള്ള അധികാര സ്വരൂപങ്ങളെ വരുതിയിലാക്കുന്നത്. 

ടെക്നോളജിയാണ് ആയുധങ്ങളേയും ആശയങ്ങളെയും  വിനിമയം ചെയ്തു മാർക്കറ്റിനെയും സാമ്പത്തിക ശക്തിയെയും നിലനിർത്തി ഭരിക്കുന്നത്.  

എന്നാൽ  ചരിത്രത്തിൽ എന്നൊക്കെ ടെക്‌നോളജിയിൽ ഡിസ്‌റപ്റ്റീവ് ആയ വലിയ മാറ്റങ്ങൾ ഉണ്ടായോ അവിടെ അതാതു കാലങ്ങളിൽ നില നിന്നിരുന്ന ആശയ ധാരകളും അധികാര സ്ഥാപന സ്വരൂപങ്ങളും മാറ്റി മറിക്കപ്പെട്ടു. 

അതു ബോധപൂർവ്വം ആരെങ്കിലും എവിടെനിന്നെങ്കിലും സ്റ്റേജ് മാനേജ്‌മെന്റ് ചെയ്യുന്നത് കൊണ്ടല്ല. മറിച്ചു അധികാര വിനിമയങ്ങൾ സാങ്കതിക  വിപ്ലവത്തിൽ ഡിസ്‌പേർഴ്സ്ഡ് ആയി പുതിയ സോഷ്യൽ ഫോഴ്‌സുകളുടെ വേലിയേറ്റം സൃഷ്ട്ടിക്കുന്നത് കൊണ്ടാണ്.  

അങ്ങനെയുള്ള വേലിയേറ്റങ്ങൾ ഉണ്ടാകുമ്പോൾ അധികാര സ്വരൂപങ്ങൾ ആയുധങ്ങൾ കൊണ്ടും അടിച്ചമർത്തൽ കൊണ്ടും ആശയ വിനിമയ ഉപാധികളെ നിയന്ത്രിച്ചും ടെക്നൊലെജിയെ വരുതിയിലാക്കാനും ലെജിറ്റിമസിക്കു വേണ്ടി പുതിയ സേവനങ്ങൾ ചെയ്തു ജനതയുടെ സമ്മതി നേടാനും ശ്രമിക്കും.  

പക്ഷെ പുതിയ വിനിമയ ആശയ വേലിയേറ്റങ്ങളിൽ പഴയ സോഫ്റ്റ്‌വെയറിൽ നിർമ്മിച്ച അധികാര സ്വരൂപങ്ങൾക്കു  പിടിച്ചു നിൽക്കാൻ സാധിക്കില്ല.

അത് മാത്രമല്ല പഴയ മാധ്യമങ്ങള്‍  കാലഹരണ പെട്ട്കൊണ്ടിരിക്കുന്നു . 

പുതിയ തലമുറ പത്രം വായിക്കാതെ വിവരങ്ങള്‍ പത്രങ്ങള്‍ക്കും ടീ വി ചാനലിനും മുന്നേ അറിയുന്നു. 

ഇന്ന് കഥ എഴുതാനോ പ്രസിധീകരിക്കാനോ  എഡിറ്ററുടെ ഔദാര്യമോ , പുസ്തക കച്ചവടക്കാരെന്‍റെ  കടാക്ഷമോ വേണ്ട . 

അധികാരം അവരുടെ കൈയ്യില്‍ നിന്നും ചോര്‍ന്നു പോകുന്നു . 

ഇന്ന് അഞ്ചും ആറും ലക്ഷം ആളുകള്‍ ഒരു വീഡിയോ മിനിറ്റു കള്‍ക്കുള്ളില്‍ ലോകം മുഴുവനും കാണും . 

പിന്നെ എന്തിനു ടീ വി ?

ഇന്നുള രാഷ്ട്രീയ ഘടനകളും സ്ഥാപന രൂപങ്ങളും മാറ്റി മറിക്കപ്പെടും . 

ഇന്നും  നാം മനസ്സില്‍ കാണുന്നവരായിരിക്കില്ല കേരളവും ഇന്ത്യയും  പത്തു  പതിനഞ്ചു  കൊല്ലം കഴിഞ്ഞാല്‍  ഭരിക്കാന്‍ പോകുന്നത് . 

ഇന്ന് പ്രബലം എന്ന് തോന്നുന്നു  പല പാര്‍ട്ടികളും മാറ്റത്തിനന്‍റെ  കുത്തൊഴിക്കില്‍ ഒഴുകി മറയും . 

നാം  വലിയ ഒരു മാറ്റത്തിന്‍റെ  വരവിനു മുമ്പുള്ള ഒരു സന്നിഗ്ദ്ധ  സംക്രമണ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്... 

ഏറ്റവും കൂടുതല്‍ ടോപ്‌-ഡൌണ്‍ ഘടന വ്യവസ്ഥയില്‍ അധികാരം നടപ്പാക്കുന്ന മോഡല്‍  ആണ് കത്തോലിക്ക സഭ . 

അവരുടെ അധികാര മോണോപ്പളിയാണ് ആ സംഘടന സംവിധാനത്തില്‍ ഏറ്റവും വലുത് . 

അതിനു അവര്‍ക്ക് പ്രത്യക നിയമങ്ങള്‍ ഉണ്ട് . 

അവര്‍ ഒരു പരമാധികര ചട്ടക്കൂട്ടിലാണ്‌ കാര്യങ്ങള്‍ നടത്തി ശീലിച്ചത് . 

അത് കൊണ്ടാണ്  കതോലിക്ക റിയല്‍ എസ്റ്റെട്ടു കച്ചവടം കൈവിട്ടു പോയപ്പോള്‍ കർദിനാൾ  "കാനോന്‍' നിയമം പറയുന്നത്.

 കത്തോലിക്ക സഭയുടെ മാതൃകയിലാണ്‌  കമ്മ്യുണിസ്റ്റ് പാര്‍ട്ടികളുടെ  സ്ഥാപന ഘടന ഡിസൈന്‍ . 

അത് ഒരു സിംഗിള്‍ പാര്‍ട്ടി ഭരണ കൂടത്തിനു വേണ്ടിയുള്ള ഡിസൈന്‍ ആണ് . 

അത് കൊണ്ടാണ്  പാര്‍ട്ടി നിയമവും പാര്‍ട്ടി ചട്ടവും റൂളും  ഹൈറാര്‍ക്കിയും വളരെ പ്രധാനമകുന്നത് . 

സര്‍ക്കാര്‍ എന്തൊക്കെ നടത്തണം എന്നും എങ്ങനെയൊക്കെ നടത്തണം എന്നും  പാര്‍ട്ടിതീരുമാനിക്കും 

അത് കൊണ്ട് തന്നെയാണ് ഈ പാര്‍ട്ടികളുടെ ആസ്ഥാന മന്ദിരങ്ങള്‍  ബഹു നില മന്ദിരങ്ങള്‍ ആകുന്നതു . 

ഈ പാര്‍ട്ടികളില്‍ എല്ലാം വെര്‍ട്ടിക്കല്‍ എന്ട്രി പോയിന്റ്  മാത്രമേയുള്ളൂ. 

അതു കൊണ്ടു  ആദ്യം തൊട്ടു  സംഘടന കൂറ് പുലർത്തി, പാരമ്പര്യം ഉള്ളവർക്ക് മാത്രമേ നേതാക്കൾ ആകുവാൻ സാധിക്കുകയുള്ളൂ. 

കത്തോലിക്കാ സഭയിലെപ്പോലെ അച്ചടക്കം ഉള്ളവര്‍ക്കെ അച്ചപട്ടത്തം കിട്ടുകയുള്ളൂ. പിന്നെ പാര്‍ട്ടി /സഭ വിധേയത്ത അധികാര ചവിട്ടു പടികൾ  ക്ഷമയോടെ ചവിട്ടി കയറിയാല്‍ മാത്രമേ ഒരു കാർദിനാളോ , പോളിറ്റ് ബ്യൂറോ മെമ്പറോ ആകുവാന്‍ സാധിക്കുള്ളൂ.  

അവിടെ എത്തിയാല്‍ അവര്‍ ദിവ്യന്‍മാരാകും . ആര്‍ക്കും ചോദ്യം ചെയ്യാന്‍ സാധിക്കില്ല.  

തിരു വായ്ക്കു എതിര്‍ വായില്ല . ചോദ്യം ചെയ്യുന്നവരെ ' വിശ്വാസ വിരുദ്ധരായി " /പാര്‍ട്ടി വിരുദ്ധരായി നിഷ്ക്കാസനം ചെയ്യും . 

ഹെരിറ്റിക്സ്‌ ആയി ചാപ്പകുത്തും. 

ഇവര്‍ക്ക് രണ്ടു കൂട്ടര്‍ക്കും  ചോദ്യം ചെയ്യാത്ത വിശ്വാസികളെ ആണ് ആവശ്യം. 

ഇതേ ഘടനയാണ് ആര്‍ എസ എസിനും . അവിടെ  നാഗപ്പൂര്‍ നാഥനായ   സർസംഘ ചാലക് മഹാരാഷ്ട്ര ബ്രാമ്മിന്‍ മേധാവി പറയുന്നത് ആണ് കാര്യം . 

ഇവര്‍ എല്ലാം ഒരു ഘടന സ്ഥാപന വ്യവസ്ഥയോട് കൂറ് സ്ഥാപിച്ചു വളര്‍ന്നു തലപ്പത്ത്‌  എത്തുമ്പോഴേക്കും അവര്‍ വന്ദ്യ വയോധികരാകും . 

അത് കൊണ്ട് തന്നെ അവരില്‍ മിക്കവരും മാറ്റങ്ങള്‍ക്ക് എതിര് നില്‍ക്കുന്ന അവരവരുടെ സ്ഥാപന യാഥാസ്ഥിതികരാകും . 

ചിലര്‍ മാറ്റങ്ങളെ കണ്ടറിഞ്ഞു  അഡാപ്റ്റു ചെയ്യും . 

അങ്ങനെ അഡാപ്റ്റു ചെയ്തു പിടിച്ചു നിന്ന ലോകത്തിലെ ഏറ്റവു പഴയ  വലിയ അധികാര-ആത്മീയ  സ്ഥാപന നെറ്റ്വര്‍ക്ക്  സംരംഭമാണ്  കാത്തലിക്  സഭ .

ഇപ്പോള്‍ നടക്കുന്ന മാറ്റങ്ങളെ കണ്ടെറിഞ്ഞു അഡാപ്റ്റു ചെയ്യുന്നത് കൊണ്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പ വ്യത്യസ്തനാകുന്നത് . 

അത്പോലെ ആയിരുന്നു ജോണ്‍ പോള്‍ മാര്‍പ്പാപ്പയും 

 കാലം മാറുകയാണ്. 

അന്തക്കാലം അല്ല  ഇന്തക്കാലം . ഇപ്പോള്‍ ഏതു ജനത്തിനും അഭിപ്രായം പറയാം. 

ആരും കേറി ഗോളടിക്കും . 

കര്ദിനാളിനെയോ  പാര്‍ട്ടി പി ബി യെയോ  ഹൈക്കമാണ്ടിനെയോ , നാഗ്പൂര്‍ നാഥനയോ വിമര്‍ശിക്കര്‍ ഒരുത്തന്‍റെയും ലൈസന്‍സ് ആവശ്യം ഇല്ല . 

കാര്യങ്ങള്‍ തുറന്നു പറയുന്നവര്‍ ഏറെ . 

സൈബര്‍ സേനയും ട്രോല്‍ ആയുധവും ന്യായീകരണ  കാലാള്‍പ്പടയും ഒക്കെയുന്ടെങ്കിലും കണ്ട്രോള്‍ കയ്യില്‍ നിന്ന് പോയി. 

അത് മാത്രമല്ല ' മത്തായി  മ ' പക്ഷക്കാര്‍ കൂടി വരികയാണ്. 

അവര്‍ പറയാന്‍ ഉള്ളത് പച്ചക്ക് വിളിച്ചു പറയും . 

സാമൂഹിക മാധ്യമ വിപ്ലവം പഴയ സെറ്റപ്പിനെ വെള്ളം കുടിപ്പിക്കുകയാണ് . 

സെന്ട്രലൈസ്ഡ് അധികാര രൂപങ്ങങ്ങളും ഘടനകളും  അങ്കലാപ്പിലാണ് .

ഇന്നുള രാഷ്ട്രീയ ഘടനകളും സ്ഥാപന രൂപങ്ങളും മാറ്റി മറിക്കപ്പെടും . 

ഇന്നും  നാം മനസ്സില്‍ കാണുന്നവരായിരിക്കില്ല കേരളവും ഇന്ത്യയും  പത്തു  പതിനഞ്ചു  കൊല്ലം കഴിഞ്ഞാല്‍  ഭരിക്കാന്‍ പോകുന്നത് . ഇന്ന് പ്രബലം എന്ന് തോന്നുന്നു  പല പാര്‍ട്ടികളും മാറ്റത്തിനന്‍റെ  കുത്തൊഴിക്കില്‍ ഒഴുകി മറയും . 

നാം  വലിയ ഒരു മാറ്റത്തിന്‍റെ  വരവിനു മുമ്പുള്ള ഒരു സന്നിഗ്ദ്ധ  സംക്രമണ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതു...

ജെ എസ്സ് അടൂര്