വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും
ശ്വാസമുള്ള ഓരോ മനുഷ്യനും വിശ്വാസവുമുണ്ട്. അങ്ങനെയുള്ള വിശ്വാസങ്ങൾ ആത്മനിഷ്ടമോ വസ്തുനിഷ്ട്ടമോ വ്യക്തിനിഷ്ട്ടമോ ആകാം.
വിശ്വാസങ്ങൾ പല രീതിയിലാണ് ഓരോരുത്തരും ഉൾക്കൊള്ളുകയും വാക്കിലും പ്രവർത്തിയിലും പ്രകടിപ്പിക്കയും ചെയ്യുന്നത്.
വിശ്വാസങ്ങൾ മതാത്മകമോ രാഷ്ട്രീയമോ സാമൂഹികമോ ആകാം. അതു വീട്ടിൽ നിന്നോ നാട്ടിൽ നിന്നോ പുസ്തകത്തിൽ നിന്നോ കണ്ടറിഞ്ഞോ കേട്ടറിഞ്ഞോ കൊണ്ടറിഞ്ഞോ തിരിച്ചറിഞ്ഞോയാകാം
മിക്കവാറും വിശ്വാസങ്ങൾ വളർന്ന സാഹചര്യങ്ങളിൽ നിന്നാണ് ഉള്ളിൽ കയറുന്നത്. പ്രത്യേകിച്ചും ദൈവത്തെകുറിച്ചും മതത്തെ കുറിച്ചും അതുമായി ബന്ധപ്പെട്ട ശീല ചിന്തകളും പ്രവർത്തികളുമെല്ലാം. അതു പേരിലും നാളിലും ആചാരങ്ങളിലും സത്വ ബോധത്തിലും മനുഷ്യനെ മരിച്ചു കഴിഞ്ഞാൽ പോലും പിന്തുടരും.
ഓരോ വിശ്വാസവും ഒരു വലിയ പരിധി വരെ ഓരോ വ്യക്തിയുടെയും ആത്മ നിഷ്ട്ട വികാര -വിചാരങ്ങളുമായി ഒത്തു ചേർന്നാണ് വർത്തിക്കുന്നത്. അതുകൊണ്ടു തന്നെ ഓരോരുത്തരുടെ ഉള്ളിലും ഓരോ തരത്തിൽ വർത്തിക്കുന്ന വിശ്വാസങ്ങളെ പലപ്പോഴും വസ്തുനിഷ്ട്ടമായി അളക്കുവാൻ പ്രയാസമാണ്. അതുകൊണ്ടു കൂടിയാണ് ഓരോരുത്തർക്കും വിശ്വാസ സ്വാതന്ത്ര്യം മനുഷ്യ അവകാശമാകുന്നത്.
എന്നാൽ ഒരാളുടെ വിശ്വാസം മറ്റുള്ളവരെ അക്രമിക്കുകയോ ദ്രോഹിക്കുകയോ ചെയ്യുന്ന വെറുപ്പ് ആയി പരിണമിക്കുമ്പോൾ അതു സമൂഹത്തിന് അപകടകരമാണ്. ഒരാളുടെ വിശ്വാസം അസഹിഷ്ണുതയായി സ്പർദ്ധ പരത്തി മറ്റുള്ളവവരുടെ വിശ്വാസത്തെയോ ജീവിതത്തെയോ ഹിസാത്മയി വാക്കുകൾ കൊണ്ടോ പ്രവർത്തികൾ കൊണ്ടോ നേരിടുന്നത് അതു അധികാര രാഷ്ട്രീയത്തിന്റെ ഭാഗമാകുമ്പോഴാണ്.
വിശ്വാസം എങ്ങനെയാണ് അന്ധവിശ്വാസമാകുന്നത്.?
പതിനെഴും പതിനെട്ടും നൂറ്റാണ്ടു മുതൽ വളർന്നുവന്ന വിജ്ഞാന വിചാര യുക്തികളും പിന്നീട് വന്ന ആധുനിക ശാസ്ത്ര യുക്തി ബോധവും പഴയ പല വിശ്വാസ ആചാര വിചാരങ്ങളെയും ചോദ്യം ചെയ്തു.
മനുഷ്യൻ ശാസ്ത്രം പഠിച്ചു ആധുനിക ശാസ്ത്ര യുക്തിബോധത്തിൽ ജീവിക്കുവാൻ തുടങ്ങുമ്പോൾ ബാല്യകാലത്തു മനസ്സിൽ കയറികൂടിയ വിശ്വാസ ആചാര വിചാരങ്ങളെ സ്വയം ചോദ്യം ചെയ്യും. അങ്ങനെ പല കാര്യങ്ങൾ അറിഞ്ഞും തിരിച്ചറിഞ്ഞു വിവേചിച്ചും പല ശീല വിശ്വാസങ്ങളെയും മാറ്റും.
സ്വയം ചോദിച്ചു വിശകലനം ചെയ്തു മാറ്റുവാൻ കഴിവുള്ള ജീവിയാണ് മനുഷ്യൻ. അതുകൊണ്ടാണ് ഒരേ ആയുസ്സിൽ മനുഷ്യൻ പലതവണ മനസ്സും വിശ്വാസ വിചാരങ്ങളും സമീപനങ്ങളും മാറ്റുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ സാമൂഹികമായി സാധാരണവൽക്കരിക്കപെട്ട അന്ധവിശ്വാസം ജാതി ബോധമാണ്. അതു വസ്തുനിഷ്ട്ടമായി വിശകലനം ചെയ്താൽ മനുഷ്യനെ വിവേചിക്കുന്ന ജനനം കൊണ്ടു മാത്രം സ്വായത്തമാക്കുന്ന സ്വത അധികാര ബോധമാണ്. അല്ലെങ്കിൽ വിവേചിക്കപെടുന്നു എന്ന ബോധം. വസ്തുനിഷ്ട്ടമായി തെറ്റാണ് എന്ന അറിഞ്ഞിട്ടും അറിഞ്ഞോ അറിയാതെയോ ഉള്ളിലെ സത്വ ബോധ ശീലമായി ജാതി വിചാരം പലപ്പോഴും അബോധ തലങ്ങളിൽ വർത്തിക്കും
ആധുനിക ശാസ്ത്ര യുക്തി ചിന്ത വച്ചു അളന്നാൽ മിക്കവാറും മത വിശ്വാസ ആചാരങ്ങളും യുക്തിഹീനമാണ്. പക്ഷെ പ്രശ്‍നം മനുഷ്യൻ യുക്തി കൊണ്ടു മാത്രമല്ല ജീവിക്കുന്നത്.
മനുഷ്യൻ സ്നേഹിക്കുന്നതും, സന്തോഷിക്കുന്നതും, സങ്കടപ്പെടുന്നതും കരയുന്നതും എല്ലാം ഒരു വലിയ പരിധിവരെ ശാസ്ത്ര യുക്തിക്കു അപ്പുറമുള്ള വികാര വിചാരങ്ങളിലാണ്. എല്ലാ മനുഷ്യരും ഒരു സർവ്വദേശീയ ആധുനിക ശാസ്ത്ര യുക്തിമാത്രം ഉപയോഗിച്ചാൽ പലപ്പോഴും പലതരത്തിലുള്ള വൈവിദ്ധ്യങ്ങൾ ലോകത്ത് കാണില്ല. മനുഷ്യൻ റീസൺ കൊണ്ടു മാത്രമല്ല ജീവിക്കുന്നത്. മനുഷ്യന്റെ ഉള്ളിലുള്ള ലോകത്തിലെ ഒരുപാടു കാര്യങ്ങൾ റീസണിന്റെ അപ്പുറത്താണ്.
അന്ധ വിശ്വാസ വിചാരങ്ങളുടെ അടിസ്ഥാനം ഡോഗ്മയാണ്. ഡോഗ്മ എന്നത് അധികാരം ചട്ടക്കൂട്ടിലാക്കി അതു ചോദ്യം ചെയ്യാനാകാത്ത ഒരു ചിന്ത ശീലവും ആചാര വിശ്വാസവുമാകുമ്പോഴാണ്. അതിനെ ചോദ്യം ചെയ്യുവാൻ പലപ്പോഴും മത അധികാര വ്യവസ്ഥയും ജീവിക്കുന്ന സാമൂഹിക സാഹചര്യവും സമ്മതിക്കില്ല. അതിനു അവർ അവരുടെ മത വിശ്വാസ യുക്തികൾ ഉപയോഗിക്കും. അങ്ങനെയാണ് തിയോളേജി എന്ന മത -ദൈവ വിശ്വാസ വിചാരം വിജ്ഞാന ശാഖ തന്നെ വളർന്നത്. അത് വലിയ ഒരു അളവു വരെ വിശുദ്ധ ഗ്രന്ഥ വ്യാഖ്യാന ഭാഷ ഭാഷ്യങ്ങളാണ്.
മനുഷ്യൻ മത ആചാര വിശ്വാസങ്ങളിൽ വിശ്വസിക്കുന്നത് സാമൂഹ്യവൽക്കരണത്തിൽ നിന്നുള്ള ശീലങ്ങൾ കൊണ്ടാണ്. എന്നാൽ ആത്മ നിഷ്ഠ തലത്തിൽ വിശ്വാസവും പ്രത്യാശകളും സ്നേഹവും ഇല്ലെങ്കിൽ മനുഷ്യന് സന്തോഷമായി ജീവിക്കുവാനാകില്ല. അതു കൊണ്ടു മത വിശ്വാസങ്ങൾ അടിച്ചമർത്തപെട്ടവരുടെ നിശ്വാസവും ആശയറ്റ അവസ്ഥയിൽ പ്രത്യാശയുമാകുന്നത്.
എ ആർ റഹ്‌മാന്റെ പ്രസിദ്ധമായ ഒരു പാട്ടുണ്ട് ' പ്രെ ഫോർ മി ബ്രദർ,... പ്രെയ് ഫോർ മി സിസ്റ്റർ... ഡു യു നീഡ് എനി റീസൺ ടു ബി കൈൻഡ് '. ഈ ഗാനത്തിലെ വരികളെകുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞത് ആദ്യ വരികൾ പറഞ്ഞത് അത്യസാന നിലയിൽ ആശയുടെ അറ്റത്തു കിടന്ന് ഒരു സുഹൃത്താണെന്നന്നാണ്. ഒരു മനുഷ്യൻ നിസ്സഹായതയുടെ പടുകുഴിയിൽ ആശയറ്റു വീഴുമ്പോൾ പ്രാർത്ഥന അവരെ സംബന്ധിച്ചിടത്തോളം പ്രത്യശയുടെ വഴിത്താരയാണ്.
എന്നാൽ ആധുനിക ശാസ്ത്ര യുക്തിയിൽ അതു അന്ധ വിശ്വാസമാണ്. പൊങ്കാല വയ്‌ക്കയ്‌വാൻ ലക്ഷകണക്കിന് ആളുകൾ പോകുന്നത് വിശ്വാസ ആചാര സാമൂഹിക വൽക്കരണം കൊണ്ടും പുതിയ മാർകെട്ടിങ് കൊണ്ടുമൊക്കെയാകാം. അധുനിക ശാസ്ത്ര യുക്തി ഉപയോഗിച്ചാൽ അന്ധ വിശ്വാസം. പക്ഷെ അവിടെ പൊങ്കലക്കു പോകുന്നവർക്ക് ഉള്ളിൽ പ്രത്യാശയും സന്തോഷവും.
അതു പോലെ ആധുനിക ശാസ്ത്ര യുക്തിയിൽ അന്ധ വിശ്വാസങ്ങളായ പലതും മനുഷ്യൻ ആചാര വിശ്വാസ ശീലം കൊണ്ടു ചെയ്യുന്നു. നാളും. ജാതകവും. മുഹൂർത്തവും രാഹു കാലവും വാസ്തുവും തൊട്ട് ഒരുപാടു കാര്യങ്ങൾ മനുഷ്യൻ ആചാര ശീലങ്ങൾ കൊണ്ടു ചെയ്യുന്നതാണ്.
പലപ്പോഴും നമ്മൾ രോഗികളായി ആശുപത്രിയിൽ ചെല്ലുമ്പോൾ ഒരു ഡോക്ട്ടറെയും മരുന്നിനെയും ആളുകൾ വിശ്വസിക്കുന്നത് അധുനിക വൈദ്യശാസ്ത്രമോ മരുന്നോ ഒന്നും പഠിച്ചിട്ടല്ല
അവർക്ക് കാര്യങ്ങൾ ഒക്കെ അറിയാം എന്ന സാധാരണ വിശ്വാസ ശീല യുക്തിയിൽ നിന്നാണ്.
ഒരു നൂറു കൊല്ലം മുമ്പ് ആശുപത്രി എന്ന പുതിയ വ്യാപാരം വ്യവസായ സംരഭങ്ങൾ ഇല്ലായിരുന്നപ്പോൾ ആധുനിക മെഡിക്കൽ പ്രൊഫെഷനൽ ഡോക്ടർമാർ മാർകെറ്റിൽ ഇല്ലാതിരുന്നപ്പോൾ നാട്ടു വൈദ്യന്മാരെയായിരുന്നു വിശ്വാസം.
ഇന്ന് രോഗ ശമനത്തിന് വേണ്ടി നാട്ടു വൈദ്യൻമാരുടെ അടുത്തുപോയാൽ അന്ധ വിശ്വാസം. കാരണം മനുഷ്യന്റെ യുക്തികൾ പലതും കാലദേശങ്ങൾക്ക് അനുസരിച്ചു മാറും. അങ്ങനെ മാറിയതാണ് ചരിത്രവും ആശയങ്ങളും എല്ലാം.
പണ്ടും മനുഷ്യൻ രോഗാവസ്ഥയിൽ മരുന്നും നിസ്സഹായ അവസ്ഥയിൽ മരുന്നും മന്ത്രവും തേടും. പണ്ടും ആളുകൾ നിസ്സഹായത അനുഭവിക്കുമ്പോൾ അമ്പലങ്ങളിലോ പള്ളികളിലോ പ്രാർത്ഥിക്കും. അതു കൊണ്ടാണ് അന്നും ഇന്നും മരുന്നിനും മന്ത്രത്തിനും ഡിമാൻഡു.
ആധുനിക സമൂഹത്തിൽ രോഗം വന്നാൽ ആശുപത്രിയിൽ പോകണം ചികിൽസിക്കണം. അതിൽ കൂടുതൽപേർക്ക് രോഗം ഭേദമാകുമ്പോൾ ആശുപത്രിയിലും ഡോക്ടർമാരിലും മരുന്നിലും മനുഷ്യനു സ്വാഭാവികമായും വിശ്വാസം കൂടും. അതു കണ്ടും അനുഭവിച്ചുമുള്ള വിശ്വാസമാണ്.
ഇന്ന് ലോകത്തിലെക്കും ഏറ്റവും വലിയ വ്യപാര വ്യവസായം ആശുപത്രി ബിസിനസാണ്. അവിടെ അവശ്യമുള്ളതും അവശ്യമില്ല്യതെയും നൂറു കൂട്ടം ടെസ്റ്റുകളും വൻകിട ഫാർമ കമ്പിനിയുടെ മരുന്നുകളുമാണ് വിൽക്കുന്നത്. മൾട്ടി ബില്ല്യൻ ബിസിനസ് . ലോകത്തിൽ പാവപ്പെട്ടവർക്ക് ഏറ്റവും കടമുണ്ടാക്കുന്ന ബിസിനസ് സംരംഭം. അവിടെയും പഠിച്ചു മിടുക്കരായി ബിസിനസ് ചെയ്യുന്ന ഡോ ജോഷ്വാ കാൾട്ടൻമാരുണ്ട്. കാശാണ് ലക്ഷ്യം.
എല്ലാ ഇന്നു മാർക്കറ്റിലാണ്. ആശുപത്രിയും പള്ളിയും അമ്പലങ്ങളും എല്ലാം. എല്ലാം മനുഷ്യന്റെ അരക്ഷിത ബോധത്തെയും രോഗം അവസ്ഥകളെയും മുതലാക്കി ബിസിനസ് ചെയ്യുന്നവർ. ചിലർ അവരുടെ സ്ഥാപനങ്ങളിൽ മരുന്നു വിൽക്കുന്നു. ചിലർ മന്ത്രങ്ങളും തന്ത്രങ്ങളും വിൽക്കുന്നു.
ആത്മീയ വ്യാപാര വ്യവസായ ബിസിനസ് എല്ലാ മതങ്ങളിലുമുള്ള വിശ്വാസ സംരംഭകരും ചെയ്യുന്നത് മരുന്നിനെപ്പോലെ ഇന്നും പ്രാർത്ഥനകൾക്കും മന്ത്രത്തിനും തന്ത്രത്തിനും മാർക്കറ്റ് ഉള്ളതിനാലാണ്.
ചിലർ അതു ഒരു ' ഹൈ ' കിട്ടുവാൻ ചെയ്യുന്നു. ചിലർ നിസ്സഹായതയുടെ നിവർത്തികേടിൽ. പലരും ശാരീരികമോ മാനസികവുമായ രോഗാവസ്ഥയിൽ വിശ്വാസവും അന്ധ വിശ്വാസവും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലാകും.
അങ്ങനെപലരും ദൈവം വിശ്വാസം എന്ന ആശ്വാസത്തിൽ നിന്ന് കൃപാസാനം പത്രം അന്ധ വിശ്വാസത്തിലേക്കോ അല്ലെങ്കിൽ ടെലി ഇവാഞ്ചിൽസ്റ്റ് സംരംഭകരുടെ അന്ധ വിശ്വാസങ്ങളിലേക്കോ കൂപ്പു കുത്തും.
ആശുപത്രിയിൽ മരുന്ന് കൊണ്ടും അപ്പുറത്ത് മന്ത്രം കൊണ്ടും രോഗ ശാന്തി തേടുന്ന മനുഷ്യൻ. ഇപ്പോൾ രണ്ടും വ്യപാര വ്യവസായ മാർക്കറ്റിങ് യുക്തിയിലാണ് നിസ്സഹായ രോഗാവസ്ഥലളിൽ ഉള്ള കസ്റ്റമേഴ്‌സിനെ തേടുന്നത്.
മരുന്നിൽ ചിലർക്ക് വിശ്വാസം. പലർക്കും അതു അന്ധവിശ്വാസമായി പരിണമിക്കും. മരുന്നിനു സൈഡ് എഫ്ഫെട് ഉള്ളത് ഉപയോഗിക്കുമ്പോൾ പരിഗണിക്കില്ല പലരും. കാരണം വിശ്വാസത്തിൽ ഉള്ള ആശ്വാസമാണ് പ്രധാനം. പലപ്പോഴും മനസിന്റെ നിസ്സഹായ അവസ്ഥകളിലെ ദൈവ രൂപമായി ആശുപത്രിയിൽ ഡോ ജോഷ്വാ കാൾട്ടണും. മറ്റേ മാർകെറ്റിൽ പാ. ജോഷ്വാ കാൾട്ടൻമാരും ബിസിനസ് ചെയ്യും. മാർക്കറ്റ് യുക്തി തുടങ്ങുന്നതും അവസാനിക്കുന്നതും ലാഭത്തിലാണ്. ആശുപത്രിയായാലും ആത്മീയമായാലും സിനിമയായാലും.
നിവർത്തി ഇല്ലാത്ത മനുഷ്യരുടെ ആശകളും നിരാശകളും നിസ്സഹായതകളും ഇന്ന് മാർകെറ്റിൽ വിൽപ്പന സാമഗ്രികളുമായി നിൽക്കുന്നവരുടെ മുമ്പിലേക്കാണ് ആശ്വാസത്തിനും രോഗ ശാന്തിക്കും വേണ്ടി ക്യൂ നിൽക്കുന്നത്. കച്ചവടം ചെയ്യുന്നവരുടെ യുക്തി ആധുനിക കോർപ്പറേറ്റ് യുക്തി. അതിനു പോകുന്ന 'വിശ്വാസികൾ ' വിശ്വാസത്തിനും അന്ധ വിശ്വാസത്തിനും ഇടയിൽ ഓടി അവരുടെ നിസ്സഹായതയിൽ ആശ്വാസം തേടുന്നവർ.
ഇന്നത്തെ പല വിശ്വാസങ്ങളും നാളെ അന്ധ വിശ്വാസങ്ങളാകാം. അന്ധവിശ്വാസങ്ങൾ സ്വന്തം ജീവനും മറ്റുള്ളവർക്കും അപകടം ചെയ്യുമ്പോൾ അതു ദുരന്തമാണ്. ദുരന്തമില്ലാതെ ആരെങ്കിലും എന്തിലെങ്കിലും വിശ്വസിച്ചു ആശ്വസിച്ചു സന്തോഷിക്കുന്നത് അവരുടെ കാര്യം. മറ്റാർക്കും പ്രശ്നം ഉണ്ടാക്കുന്നില്ലെങ്കിൽ അവരവരുടെ വിശ്വാസം അവരെ രക്ഷിക്കട്ടെ എന്നതാണ് നിലപാട്.
നമ്മൾ ഇന്ത്യക്കാരാണ് എന്നതും ഒരു വിശ്വാസമാണ്. ചിലർക്ക് അന്ധ വിശ്വാസവും. എന്റെ വല്യപ്പച്ചൻ വിചാരിച്ചിരുന്നത് അദ്ദേഹം തിരുവിതാകൂർകാരനായിരിന്നു എന്നാണ്
മനുഷ്യൻ വിശ്വാസത്തിനും അന്ധ വിശ്വാസത്തിനും ഇടയിൽ പെൻഡുലം പോലെ ആടികൊണ്ടിരിക്കുന്ന വിചിത്ര. ജീവിയാണ്. അല്ലെങ്കിൽ ശബരിമല സ്ത്രീ പ്രവേശനം ഒന്നും ഇത്രയും വിഷയം ആകേണ്ടതില്ല.
.
ചേരയെ തിന്നുവരുടെ നാട്ടിൽ പോയാൽ നടുത്തുണ്ടം തിന്നു ജീവിക്കുവാൻ കഴിവുള്ള ജീവി
ജെ എസ് അടൂർ