പ്രയ്‌സ് ദി ലോഡ് : അധികാരത്തിന്റെ മഹാത്ഭുത വാഴ്ത്തുക്കൾ
സമൂഹത്തിലെ മധ്യ - ഉപരി മധ്യ വർഗ്ഗക്കാർ അതാതു കാലത്തുള്ള അധികാര ക്രമങ്ങൾ അവർക്ക് നേരിട്ട് പ്രശ്നമൊന്നും ഉണ്ടാക്കിയില്ലങ്കിൽ അധികാരത്തിന്റെ വിവിധ തരത്തിൽ അംഗീകരിച്ചു ആശ്രിതരായി സാധൂകരിക്കും. കാരണം അതാണ് സൗകര്യം. അവർക്ക് ആശ്വാസം.
അവർ അധികാരികളുടെ അധികപറ്റുകളും അധികാരത്തിന്റെ അശ്ലീല വ്യവ ഹാരങ്ങളും കാണില്ല. അവർ അധികാരികളുടെ അഹങ്കാരങ്ങൾ കാണില്ല. അവർ അധികാരികൾ നീതി നിഷേധിക്കുന്നത് കാണില്ല. അവർ അധികാരികൾ ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തി ഭരിക്കുന്നന്നത് കാണില്ല. അവർ രാജ്യത്തെ പട്ടിണി പാവങ്ങളെകുറിച്ച് അനങ്ങില്ല. അവർ ലോക്കപ്പ് മരണങ്ങൾ കാണില്ല. അവർക്ക് മനുഷ്യാവകാശ ലംഘനങ്ങൾ പ്രശ്നം അല്ല. അവർക്ക് സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി മരണത്തെകുറിച്ച് മിണ്ടില്ല
അവർ ബോംബെയിൽ നിന്ന് അഹമദ്ബാദിലേക്കുള്ള ബുള്ളറ്റ് ട്രെയിൻ എഞ്ചിനീറിങ് മഹാത്ഭുതത്തെകുറിച്ച് വാഴ്ത്തുപാട്ടുകൾ എഴുതി അധികാരികളുടെ ഇതുവരെ സംഭവിക്കാത്തത് സംഭവിക്കുന്നു എന്ന അധികാര അനുരൂപ നരേറ്റിവ് ഉണ്ടാക്കും. അവർ കേരളം ജപ്പാനെപ്പോലെ മഹത്ഭുത അതിവേഗവണ്ടിയുടെ ക്യാപറ്റന് സ്തുതി പാടി സെൽഫി ഇട്ട് അധികാരത്തോടുള്ള ലോയൽറ്റി തെളിയിക്കും
അധികാരികളോട് ഉൾഭയം കൊണ്ടോ അല്ലങ്കിൽ എന്തെങ്കിലും ഗുണകാംഷിയായോക്കെ അവർ അധികാരിയെയോ അതാതു കാലത്തെ അധികാര ക്രമത്തെയോ ന്യായീകരിച്ചു സാധൂവൽക്കരിക്കും.
അതു പോലെ അതാതു കാലത്തു സ്വകാര്യ ബിസിനസ്സ്കളും സ്ഥാപന / സ്ഥാപിത താല്പര്യക്കാരും അവരവരുടെ താല്പര്യങ്ങൾ സംരക്ഷിക്കുവാൻ അധികാരത്തിലുള്ള ഏത് ചെകുത്താൻമാർക്കും സ്തുതി ഗീതം പാടും.
അധികാരത്തിന്റെ അധികപറ്റുകൾ അവർക്ക് പ്രശ്നം അല്ല.
ഇതു നമ്മൾ നാസി ജർമ്മനിയിലും ഇറ്റലിയിൽ മുസോളിനി ഫാസിസത്തിലും സംഭവിച്ചതാണ്.
മാധ്യമങ്ങളും മധ്യവർഗവും അതാതു സമൂഹത്തിലെ സ്ഥാപിത താല്പര്യങ്ങളുമാണ് അതാതു സമയത്തെ അധികാരികളെയും അധികാര ക്രമത്തെയും സധൂകരിക്കുന്നത്.അങ്ങനെയാണ് അധികാര മേൽക്കോയ്മകൾ സമൂഹത്തിൽ ഹെജമണിയാകുന്നത്
അധികാരം എപ്പോഴും അധികാര വ്യവഹാരം നടത്തുന്നത് മൂന്നു തരത്തിലാണ്. അതിൽ ആദ്യത്തത് അധികാര ക്രമത്തിന്റ ആയുധബലവും കൈയ്യൂക്ക് ബലവുമുള്ള പോലീസ് ഉൾപ്പെടെയുള്ളൂ ഏജൻസികളെ ഉപയോഗിച്ച് ഭയത്തെ സാമൂഹികവൽക്കരിച്ചു സ്ഥാപനവൽക്കരിക്കുക എന്നതാണ്. അതാണ് ജർമനിയിൽ ഗസ്റ്റപ്പോയും ഇറ്റലിയിൽ ബ്ലാക് ഷർട്ടുമൊക്കെ വിനിയോഗിച്ച ഭയപ്പെടുത്തി ഭരിച്ചത്.
രണ്ടാമത് നിയമവ്യവസ്ഥ അധികാരത്തിന്റെ ആശ്രിതരെ കാത്തു പരിപാലിക്കും. മെരുങ്ങാത്തവരെ വടികാണിച്ചു മെരുക്കും.
അല്ലെങ്കിൽ പണമോ അധികാരത്തിന്റെ അപ്പകഷണങ്ങളോ ഉച്ചിഷ്ട്ടങ്ങളോ നൽകി കോ ഒപ്റ്റ് ചെയ്തു ഗുണഭോക്ത ആശ്രീതരാക്കും.
ഇതു കൂടതെ ഏത് അധികാരത്തോട് എന്നും ചേർന്നു നിന്ന് ഗുണഭോക്തികാരികളായ എഴുത്ത്കാരും, വിദ്വാൻമാരും, സാംസ്‌കാരിക നായകരും പതിയെ അധികാരത്തിനു അനുരൂപരാകും. അധികാരികളിൽ നിന്നുള്ള പട്ടും വളയും വാങ്ങി അനുസരണയുള്ളവരാകും. അധികാര അനുരൂപ മാധ്യമങ്ങൾ നഗ്നനായ രാജാവിന്റെ വസ്ത്രങ്ങളുടെ മഹുത്വങ്ങൾ വിളംബരം ചെയ്യും
സ്വന്തം അപ്പനെ ഒറ്റു കൊടുത്തു അധികാരത്തിന്റെ അപ്പനെ വാഴ്ത്തി അധികാരത്തിന്റെ അപ്പവും വീഞ്ഞും കുടിക്കാൻ കൊതിയോടെ വായിൽ വെള്ളമൂറി പോകും. അവസാനം അധികാരത്തിന്റെ ഉച്ചിഷ്‌ട്ടം ഭക്ഷിച്ചു തൃപ്ത്തനാകും.
എല്ലാം അധികാര ക്രമങ്ങളും ഓരോരോ ഡോഗ്മയും നരേറ്റിവും സൃഷ്ടിച്ചാണ് അധികാരത്തെ വ്യവസ്ഥാപൽക്കരിക്കുന്നത്. അതു ചിലപ്പോൾ ' വികസനം ' എന്ന ഡോഗ്മ ആയിരിക്കും. നന്മ നിറഞ്ഞ ഭരണാധിഎന്നത് ആയിരിക്കും. അവർ പ്രജകളുടെ ' പൊന്നു തമ്പുരാൻ ' ആകും.
അധികാരത്തിന്റെ അനുരൂപർ അധികാരികൾ നിർമ്മിക്കുന്ന മഹാ സൗധങ്ങളെകുറിച്ചും. ടെക്നോളേജി അത്ഭുതങ്ങളെ വാഴ്ത്തിപ്പാടും. അതു പിരമിഡ് ആയാലും ബുള്ളറ്റ് ട്രെയിൻ ആയാലും
ഇതെല്ലാം പഴയ റോമാ സാമ്രാജ്യത്തിലോ പണ്ട് ജർമ്മനിയിലോ ഫരവോന്റെ ഈജിപ്റ്റിലോ സ്റ്റാലിന്റെ റഷ്യ സാമ്രാജ്യത്തിലോ അല്ലെങ്കിൽ ബ്രിട്ടീഷ് കോളനിയൽ കാലത്തോ മാത്രം അല്ല സംഭവിക്കുന്നത്.
ഇതാണ് ഇപ്പോൾ ഇന്ത്യയിലും കേരളത്തിലും എല്ലാം സംഭവിക്കുന്നത്. ഡിറ്റോ
ബ്രിട്ടീഷ് കോളോനിയൽ കാലത്തെഎഞ്ചിനയറിങ് അത്ഭുതങ്ങളെ വാഴ്ത്തിയവർ ബോംബെയിലെ വിക്റ്റൊരിയ ടെർമിൻസ് എന്ന വി ടി മഹത്ഭുതത്തെ അന്ന് വാഴ്ത്തി. പക്ഷെ ജാലിയൻവാലബാഗ് കൂട്ടകോലയെ കുറിച്ച് അനങ്ങിയില്ല.
ജർമ്മനിയിൽ ഹിറ്റ്ലർ ചെയ്ത ഇൻഫ്രാസ്ട്രക്ച്ചർ വികസന നരേറ്റിവിനെ അധികാരത്തിന്റെ അനുരൂപ വിദ്വാൻമാർ വാഴ്ത്തിപ്പാടി.വൻ ബിസിനസ് കോർപ്പേരെറ്റുകൾ എല്ലാ കോൺട്രാക്റ്റുകളും എടുത്തു ലാഭം കൊയ്തു. നാസി പാർട്ടിക്കു ഇഷ്ട്ടം പോലെ സംഭാവനകൾ കൊടുത്തു. യഹൂദ ന്യൂനപക്ഷത്തെ കോൺസെൻട്രേഷൻ ക്യാമ്പിൽ കൊലചെയ്യാൻ കൊണ്ടുപോയപ്പോൾ മധ്യ വർഗ്ഗവും മാധ്യമ വർഗ്ഗവും ഉദ്യോഗസ്ഥ വർഗ്ഗവും ബുദ്ധി ജീവികളും കണ്ടില്ലന്നു നടിച്ചു നേതാവിനെ വാഴ്ത്തി. ഹയിൽ ഹിറ്റ്ലർ എന്നു വാഴ്ത്തി.ജോസഫ് ഗീബൽസ് എന്ന പ്രോപ്പഗണ്ട മന്ത്രി കള്ളങ്ങൾ ആവർത്തിച്ചു ആവർത്തിച്ചു എല്ലാം ശരിയാക്കി. അധികാരം ഉറപ്പാക്കി.
റഷ്യയിൽ സ്റ്റാലിൻറ് ട്രെയിൻ അത്ഭുതങ്ങൾക്ക് വാഴ്ത്തു പാട്ടുകൾ കമ്മ്യുണിസ്റ്റ് പ്രോപഗണ്ട അടിച്ചിറക്കി പാർട്ടി പ്രോലിറ്റെറികളെ കൊണ്ടു ഏറ്റ് പാടിച്ചു.
യേശു ചെയ്ത് ഏകതെറ്റ് മഹാപുരോഹിതനായ കയ്യഫാവിന്റെ അധികാരത്തിനു അനുരൂപരാവാൻ വിസമ്മതിച്ചു എന്നതതാണ്. പള്ളികൾ കള്ളൻമാരുടെ ഗുഹയാണ് എന്ന് വിളിച്ചു പറഞ്ഞതാണ്. അധികാര മേൽക്കോയ്മയുള്ള പരീശ ഭക്ഷത്തു പോകാഞ്ഞതാണു. യേശു ചെയ്ത് ഏക തെറ്റ് ദുഖിതർക്കും പീഡിതർക്കും അധ്വാനിക്കുന്നവർക്കും ഭാരം ചുമക്കുന്നവർക്കും വേണ്ടി സംസാരിച്ചു എന്നതാണ്. യേശു ചെയ്ത് തെറ്റ് കുഷ്ട്ടരോഗികളെ തൊട്ട് സൗഖ്യം ആക്കിയതാണ്.യേശു ചെയ്ത ഏക തെറ്റ് നിങ്ങളിൽ പാപം ഇല്ലാത്തവർ വേശ്യയെ കല്ലെറിയുക എന്ന അശ്ലീല അധികാര ഡോഗ്മയെ തുറന്നു കാട്ടിയത് കൊണ്ടാണ്. യേശു ചെയ്ത് ഏകതെറ്റ് അനീതിയെ ചോദ്യം ചെയ്തു സ്നേഹ സുവിശേഷം പ്രസംഗിച്ചു ഭയം കൊണ്ടു ഭരിക്കുന്നവരെ അലോസരപ്പെടുത്തി എന്നതാണ്. യേശു ചെയ്ത് ഏക തെറ്റ് റോമാ സാമ്രാജ്യത്തിന് സ്തുതി പാടി ഇല്ല എന്നതാണ്.
അതെ യേശുവിന്റെ പേരിലുണ്ടായ അധികാര ഡോഗ്മയെ മുന്നൂറ്റി അമ്പത് വർഷം കഴിഞ്ഞു അതെ റോമാ സാമ്രാജ്യം കോ ഒപ്റ്റ് ചെയ്തു. പുതിയ കയ്യഫാവുമാർ യേശുവിനെ ക്രൂശിച്ച കുരിശ് ആഘോഷിച്ചു അധികാരത്തിന്റ അടയാളമാക്കി.
അതു കൊണ്ടു തന്നെ അധികാരത്തിനു അനുരൂപരായി കുഞ്ഞാടുകളെകൊണ്ടു ആമീൻ പറയിക്കുന്ന മഹാപുരോഹിത കയ്യഫാവൂമാർ അധികാരത്തിനും അധികാരികൾക്കും ഹല്ലേലുയ പാടും.
അധികാരത്തിന്റെ അത്യുന്നതങ്ങളിൽ ആരായാലും മഹത്വം ഭൂമിയുടെ മുകളിൽ ഞങ്ങൾക്കും ഞങ്ങളുടെ സ്ഥാപനങ്ങൾക്കും താല്പര്യങ്ങൾക്കും സമാധാനവും ആശ്വാസവും. അവരുടെ വിശ്വാസവും പ്രത്യാശയും സ്നേഹവും അവരോടും അധികാരത്തോടുമാണ്.
അധികാരത്തിൽ ഉള്ളവരെ അപ്പൻ എന്ന് വിളിച്ചു ശീലിച്ചവർക്ക് ഇതൊന്നും ഒരു പ്രശ്നം അല്ല. കാരണം അധികാരത്തിനു അനുരൂപരാ യി ജീവിച്ചവർ ആരു ഭരിച്ചാലും അവർക്ക് സ്തുതി പാടും. പ്രൈയ്സ് ദി ലോഡ് എന്നത് അവസരത്തിനു ഒത്തു മോഡിഫൈ ചെയ്യുന്നു എന്നത് മാത്രം.
അതു പുരോഹിത വർഗ്ഗം കച്ചവട വർഗ്ഗവും അധികാരി വർഗ്ഗവും എന്നും ഒരുമിച്ചായിരുന്നു. എപ്പോഴും ഇപ്പോഴും
അധികാരത്തിന് അനുരൂപരായവർക്ക് അന്നന്നത്തെ അധികാരികളാണ് ഭഗവാൻ.
അതു കൊണ്ട് അവർ എല്ലാവരും
പ്രയ്‌സ് ദി ലോഡ്
എന്നു പറയുമ്പോൾ
ആമീൻ
എന്ന് പറഞ്ഞു കുഞ്ഞാടുകൾ ആയാൽ ഇന്ത്യ മധുരമനോജ്ന വാഗ്ദത് നാടാകുംപുതിയ കനാൻ ദേശമാകും
അധികാരി മെഴുകുതിരി കത്തിക്കുമ്പോൾ പരീശ പുരോഹിതവർഗം ധർമ്മപുരാണത്തിലെ പ്രജാപതിക്കു വേണ്ടി കുന്തിരുക്ക പാത്രം വീശി, വീശി അമേദ്ധ്യത്തിനു എന്ത് സുഗന്ധം എന്നു വാഴ്ത്തും
പ്രയ്‌സ് ദി ലോഡ്
ജെ എസ് അടൂർ