എന്തിനാണ് പഠിക്കുന്നത്?
എന്തിനാണ് പഠിക്കുന്നത് എന്നത് ഇന്നസെന്റ് ഒരു സിനിമയിലെ ഡയലോഗിൽ ഒരു വിദ്യാർത്ഥിയോട് ചോദിക്കുന്ന ചോദ്യമാണ്.
എന്തിനാണ് നമ്മൾ പഠിക്കുന്നത് എന്നെ ചോദ്യം പല തരത്തിൽ ചോദിക്കാം. ഇപ്പോൾ ഒരുകുട്ടി ജനിച്ചാൽ പ്രീ സ്കൂൾ, സ്കൂൾ, കോളേജ് അഡ്മിഷൻ ഒക്കെ മാതാ പിതാക്കളെ അലട്ടുന്ന കാര്യങ്ങളാണ്. എന്തു പഠിച്ചാൽ നല്ല ശമ്പളം കിട്ടും, സ്റ്റാറ്റസ് കിട്ടും എന്നതോക്കെയാണ് ജീവിതത്തിലെ പ്രധാന പ്രീ ഒക്കുപ്പെഷൻ. സാധാരണ നാട്ടു നടപ്പ് അനുസരിച്ചാണ് ഇതൊക്കെ പലരും തീരുമാനിക്കുന്നത്. കേരളത്തിൽ ഡോക്ടർ, എഞ്ചി നിയർ ഒക്കെ സ്റ്റാറ്റസ്, ശമ്പളമൊക്കെ ഉള്ള ജോലികൾ ആണെന്ന ധാരണ കൊണ്ട് ഒരുപാട് പേർ അങ്ങോട്ട് പോകുന്നു.
പലപ്പോഴും ആളുകളുടെ അഭിരുചി അറിയാതെ നാട്ടു നടപ്പ് അനുസരിച്ചു ഓരോ കരിയറിൽ തള്ളി വിടും. പിന്നെ പലരും ജീവിതത്തിൽ ഇഷ്ട്ടം ഇല്ലാത്ത ജോലി എടുത്തു മടുക്കും. എന്ത് പഠിച്ചാൽ നല്ല ജോലി കിട്ടും എന്നതിന് ഇന്നത്തെ അതിമത്സരമുള്ള ജോലി കമ്പോളത്തിൽ പ്രത്യേകിച്ച് ഉത്തരം ഒന്നും. ഇല്ല. കാരണം ഇന്നുള്ള പല ജോലികളും പത്തു കൊല്ലം കഴിയുമ്പോൾ ഇല്ലാതെയാകും.
എഞ്ചിനിയറിങ് പഠിച്ചു നല്ല ജോലി കിട്ടിയവർക്ക് തോന്നും അതാണ് നല്ലത്.
ചിലർ മെഡിസിൻ പഠിച്ചു ഡോക്ടർമാരായാൽ അതാണ് നല്ലത് എന്ന് പറയും.
ചുരുക്കം പറഞ്ഞാൽ ഇന്ന് ജനിക്കുമ്പോൾ തന്നെ കരിയർ കൗൺസിലന്മാരെ തേടും. കരിയർ ഉപദേശകരരുടെ അയ്യരു കളിയാണ്.
പഠിക്കുന്നത് ലേബർ കമ്പോളത്തിൽ ജോലി ചെയ്യാനും ഏറ്റവും കൂടുതൽ ശമ്പളം കിട്ടാനുമാണ് എന്നത് ഇപ്പോൾ കരിയർ കോമൺസെൻസാണ്.
വിദ്യാഭ്യാസത്തെ കമ്പോളത്തിൽ ഇൻവെസ്റ്റ്‌മെന്റായി കാണുന്നവർ. ബാങ്കിൽ നിന്ന് വൻ കടം എടുത്തു വിദ്യാഭ്യാസത്തിൽ ഇൻവെസ്റ്റ് ചെയ്തു കൂടുതൽ ശമ്പളം വാങ്ങി ജീവിതം തന്നെ റിട്ടേൻ ഓൺ ഇൻവെസ്റ്റ്മെന്റ് ആക്കുന്നവർ. ശമ്പള പാക്കേജ് നോക്കി കല്യാണം കഴിച്ചു ജീവിതംപോലും ഇൻവസ്റ്റ്മെന്റ് ഓപ്പചൂർനിയാക്കുമ്പോൾ നഷ്ടം ആണെങ്കിൽ ഡിവോഴ്സ് മാർകെറ്റിൽ വീണ്ടും ശ്രമിക്കുന്നവർ.
അങ്ങനെയുള്ളവർക്ക് ചരിത്രം, സാഹിത്യം, ഫിലോസഫി,ഭാഷ, സോഷ്യൽ സയൻസ്, ഇക്കോണോമികസ്, എല്ലാം നഷ്ട്ടകച്ചവടം ആണെന്ന് തോന്നും. കാരണം ലേബർ മാർകെറ്റിൽ സ്കോപ്പ് ഇല്ലന്നാണ് പൊതു ധാരണ.
പുതിയ കണ്ട് പിടുത്തം ഡിഗ്രി ഒന്നും പ്രശ്നം അല്ല ലേബർ മാർകെറ്റിൽ സ്കോപ്പ് ഉള്ള സ്കിൽ മാത്രം മതി.
എന്റെ കാഴ്ചപ്പാട് ഇങ്ങനെയുള്ള മനസ്‌ഥിതിക്ക് നേരെ എതിരാണ്.
കാരണം ജീവിതത്തിൽ ലേബർ മാർക്കറ്റ് നോക്കി പഠിച്ചു നല്ല ജോലി വാങ്ങി ശമ്പളക്കാരനായി അടിച്ചു പൊളിച്ചു ജീവിച്ചു ലാഭ നഷ്ടങ്ങൾ നോക്കി ജീവിച്ചു മരിക്കുകയല്ല ജീവിതം.
മനുഷ്യന് സ്കൂൾ /കോളേജ് / യൂണിവേഴ്സിറ്റി കഴിഞ്ഞാൽ ജീവിതത്തിൽ ആകെ ക്രിയാത്മകമായി ജീവിക്കാൻ കിട്ടുന്നത് ഏകദേശം 40-45 കൊല്ലമാണ്. ശരാശരി 15000 ദിവസം. അതിൽ മൂന്നിൽ ഒന്നു ഉറങ്ങും. അതു കഴിഞ്ഞു മൂന്നിൽ ഒന്ന് അങ്ങനെയും ഇങ്ങനെയും പോകും. പിന്നെ തൊഴിൽ ചെയ്യുന്നത് ഒരു ആഴ്ചയിൽ ശരാശരി 40 മണിക്കൂർ. ഒരുദിവസം 8 മണിക്കൂർ അങ്ങനെ നോക്കിയാൽ ജീവിതത്തിൽ, ശരാശരി 5000 ദിവസങ്ങൾ മാത്രം
അങ്ങനെ പരിമതമായ ദിവസങ്ങൾക്ക് വേണ്ടി സ്കൂളിൽ പഠിക്കുമ്പോൾ മുതൽ പെടാപ്പാട് പെട്ടു കരിയർഒക്കെ ശരിയാക്കി എല്ലാം കഴിയുമ്പോൾ പലപ്പോഴും ബാലൻസ് ഷീറ്റ് നിൽ ആയിരിക്കും. പലപ്പോഴും സന്തോഷ രഹിതമായി കരിയർ റാറ്റ് റെസിൽ തട്ടി വീണു ബേൺ ഔട്ട് ആകും. കരിയർ സ്റ്റാറ്റസ് കല്യാണത്തിൽ കിടന്ന് വീർപ്പു മുട്ടും.
അതു കൊണ്ടു തന്നെ ഞാൻ ലൈഫ് ചോയ്സിന്റെ വക്താവാണ്. അതിൽ പ്രധാനം നമ്മൾ എന്തിന് വേണ്ടി എങ്ങനെ ജീവിക്കുന്നു എന്നതാണ്. എന്താണ് നമ്മളെ സർഗാത്മകവും ക്രിയാത്മവുമായി ജീവിക്കും എന്നതാണ്. എങ്ങനെ മറ്റുള്ളവരെ സഹായിക്കുന്നു എന്നതാണ്. എങ്ങനെ നമ്മുടെ വിജ്ഞാനവും സമ്പത്തും പങ്കുവയ്ക്കുന്നു എന്നതാണ്. എങ്ങനെഎല്ലാം ദിവസവും സന്തോഷമായി ജീവിക്കുന്നു എന്നതാണ്.
ജീവിതം പലപ്പോഴും ആക്‌സ്മിക വിസ്മയങ്ങൾ നിറഞ്ഞതാണ്. ജീവിതത്തിൽ പലപ്പോഴും ചാൻസും ചോയ്സുമാണ് നമ്മളെ ഓരോ ഇടത്തു് എത്തിക്കുന്നത്. ആ ചോയ്സ് എങ്ങനെ വേണം എന്ന തീരുമാനങ്ങൾ എടുക്കുവാനുള്ള പ്രാപ്തി ആണ് പ്രധാനം
എന്ത് പഠിച്ചു എന്നതിൽ ഉപരി എങ്ങനെ പഠിക്കുന്നു എന്നതാണ് പ്രധാനം. എന്ത് ചിന്തിക്കുന്നു എന്നത് പോലെ പ്രധാനമാണ് എങ്ങനെ ചിന്തിക്കുന്നു എന്നത്. കാഴ്ച്ചകൾക്ക് അപ്പുറമുള്ള കാഴ്ചപ്പാടുകളും ജീവിത വീക്ഷണവും ഉണ്ടോ എന്നതാണ് പ്രധാനം. എങ്ങനെ ജീവിക്കുന്നു എന്നതാണ് കാര്യം.
ഓരോ മനുഷ്യരും നിസ്തുലരാണ്. (Unique ). അതെ സമയം എല്ലാ മനുഷ്യരും അവരവരുടെ ഭക്ഷണത്തിന്റെ ഭാഷയുടെയുംപരിസ്ഥിതിയിടെയും സാമൂഹിക സാഹചര്യങ്ങളുടെയും സൃഷ്ട്ടിയാണ്. കണ്ടറിവും കേട്ടറിവും തൊട്ടറിവും വായിച്ചുള്ള അറിവും തിരിച്ചറിവുകൾ ആക്കാനുള്ള ശേഷിയാണ് മനുഷ്യനു സ്വന്തം ഭാവനയും ഭാഷയും വഴിത്താരകളുമുണ്ടാക്കുന്നത്. എന്റെ ലൈബ്രറിയിൽ ഐൻ സ്റ്റിന്റ ഒരു പോസ്റ്റർ ഉണ്ടായിരുന്നു. Imagination is more important than knowledge.
എനിക്ക് എഞ്ചിനിയറോ, ഡോക്ടറ്ററോ കളക്ട്ടറോ ആകാമായിരുന്നു. ആ വഴി പോകേണ്ട എന്ന തിരിച്ചറിവ് ഏതാണ്ട് 16 -18 വയസിൽ ഉണ്ടായിരുന്നു. എനിക്ക് ഇഷ്ട്ടം ഉള്ളത് ഇഷ്ട്ടം പോലെ പഠിച്ചു. സയൻസ് ഇഷ്ടം ആയിരുന്നത് കൊണ്ടു സയൻസ് പഠിച്ചു. ഡിഗ്രി കഴിഞ്ഞു പഠിച്ചത് ഇഗ്ളീഷ് സാഹിത്യം. എം എസ് സി കെമിസ്ട്രിക്ക് പോകുന്നതിന് പകരം എം എ ഇഗ്ളീഷ് സാഹിത്യമാണ് പഠിച്ചത് . അതു കഴിഞ്ഞു ലിങ്കുസ്റ്റിക്സ് പഠിക്കണം എന്ന് തോന്നി അതു പഠിച്ചു .. അതു കഴിഞ്ഞു സോഷ്യൽ സയൻസ് പഠിക്കണം എന്നു തോന്നി അതു പഠിച്ചു. സോഷ്യോ ലിംഗുസ്റ്റിക്സ് പഠിക്കാൻ ഇഷ്ട്ടമായി അതു പഠിച്ചു. നോർത്ത് ഈസ്റ്റ് പഠിക്കാൻ അവിടെ പോയി പഠിച്ചു
സാധാരണ കരിയർ ചോയ്സ് ഉപദേശമനുസരിച്ചു ഞാൻ ചെയ്തത് ആന മണ്ടത്തരമാണ്. ഇരുപത്തി അഞ്ച് വയസ്സിൽ ഒരു പ്രൈമറി സ്കൂൾ അദ്ധ്യാപകൻ ആയതു അതിലും വലിയ ആന മണ്ടത്തരം.
പക്ഷെ ഒരു കുഴപ്പവും പറ്റിയില്ല. ഇഷ്ട്ടം പോലെ ഇഷ്ട്ടം ഉള്ളത് പഠിച്ചു അങ്ങനെ ഇഷ്ട്ടം ഉള്ളത് ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുന്നു. ഇഷ്ട്ടം ഉള്ളത് ചെയ്തു ഇഷ്ട്ടം പോലെയാണ് ഇതുവരെ ജീവിച്ചത്
സയ്ൻസും സാഹിത്യവും ഭാഷശാസ്ത്രവും പഠിച്ചത് കൊണ്ടു ഒരു ദോഷവും ഉണ്ടായില്ല. ഇപ്പോൾ ഞാൻ പഠിപ്പിക്കുന്നത് കോളേജിലോ യൂണിവേഴ്സിറ്റിയിലോ പഠിച്ചതുയി ഒരു ബന്ധം ഇല്ലാത്തതാണ്. സ്വയം പഠിച്ചത്.
എന്റെ കരിയർ പ്ലാൻ സീറോയാണ്. അന്നും ഇന്നും കരിയർ പ്ലാനിങ്ങിന്റ് ആളല്ല. പക്ഷെ കരിയർ എന്നെ തേടി വന്നു.ഉന്നത ജോലികൾ തേടിവന്നു. പക്ഷെ മാസം 800 രൂപ ശമ്പളം കിട്ടിയപ്പോഴും .6000 രൂപ ശമ്പളം കിട്ടിയപ്പോഴും 6 ലക്ഷം മാസം ശമ്പളം കിട്ടിയപ്പോഴും അതിന്റ ഇരട്ടി ശമ്പളം കിട്ടിയപ്പോഴും ഞാൻ എന്റെ ജീവിത ശൈലിയോ ജീവിത വീക്ഷണമൊ മാറ്റിയില്ല. കാരണം അതു ഒരു ലൈഫ് ചോയ്സാണ്
62 വയസ്സ് വരെ യു എന്നിൽ ജോലി ചെയ്യാമായിരുന്നു. അവിടെ ബോർ അടിച്ചപ്പോൾ വിട്ടു.പക്ഷെ ജോലികൾ തേടി വന്നു. ഒരു ദിവസം പോലും തൊഴിൽ രഹിതനായില്ല. സാധാരണ തോതിൽ വളരെ സക്സ്ഫുൾ കരിയർ ഗ്രാഫ്. പഠിച്ചത് എഞ്ചിനിറിങ് അല്ല. മെഡിസിനും അല്ല. സാഹിത്യവും ഭാഷ ശാസ്ത്രവും സാമൂഹിക ശാസ്ത്രവുമാണ്.
ശമ്പളം ആവശ്യത്തിൽ അധികമായപ്പോൾ അതു നല്ല കാര്യത്തിനു വേണ്ടി മാറ്റി വച്ചു.
ഇതു എഴുതുന്നത് ബോധിഗ്രാമിൽ വച്ചാണ്. ഇവിടെ വിശക്കുന്നവർക്കും ആഹാരമുണ്ട്. പ്രയാസപ്പെടുന്നവർക്കു സഹായമുണ്ട്. രോഗത്തിൽ ഉൾവർക്ക് സഹായമുണ്ട്. ശമ്പളത്തിൽ 25% ഇതിനൊക്കെ ചിലവാക്കുന്നത് എന്റെ ലൈഫ് ചോയിസ് അങ്ങനെയായത് കൊണ്ടാണ്.
കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് ചോദിച്ചു ബോധിഗ്രാം ഇങ്ങനെ സ്വന്തം പോക്കറ്റിൽ നിന്ന് ചിലവഴിച്ചാൽ നഷ്ടം അല്ലെ.?
ഞാൻ പറഞ്ഞു ജീവിതം ജീവിക്കാൻ ഉള്ളതാണ്. അവിടെ ഞാൻ ലാഭ നഷ്ട്ടങ്ങൾ അല്ല നോക്കുന്നത്. ഇതു ആശ്രമമാണ്.
ജീവിതം ലാഭ നഷ്ട്ടങ്ങളുടെ കണക്ക് നോക്കിയാൽ പിന്നെ ആത്മധൈര്യത്തോടെ മനസമാധാനതോടെ ജീവിക്കുവാൻ സാധിക്കില്ല. ജീവിതം ഒരു കണക്ക് പുസ്തകം അല്ല. തൊഴിലും.ചെയ്യുന്ന ജോലി ഇഷ്ട്ടപെട്ടു സർഗാത്മകവും ക്രിയാത്മകവുമാക്കി മികച്ചതാക്കിയാൽ ഏറ്റെടുത്ത മേഖലയിൽ നല്ല മികവ് കാട്ടിയാൽ ജോലികൾ തേടി വരും.
അതു കൊണ്ടു ഇഷ്ട്ടം ഉള്ളത് പഠിച്ചു. ഇഷ്ടം ഉള്ള ഭക്ഷണം കഴിച്ചു ഇഷ്ട്ടം ഉള്ളത് പോലെ സമാധാനവും സന്തോഷമായും ജീവിക്കുക
എന്ത് ജോലി ചെയ്യുന്നു. എത്ര ശമ്പളം വാങ്ങുന്നു എന്നതിൽ ഉപരി എങ്ങനെ സന്തോഷമായും സമാധനമായി കഴിയുന്നിടത്തോളം മനുഷ്യരെയും പ്രകൃതിയെയും സ്നേഹിച്ചു ആയുസ്സുള്ളിടത്തോളം ജീവിക്കുക
ഇന്നലെകളെ കുറിച്ച് പശ്ചാത്തപിച്ചിട്ടോ നാളെകളെ കുറിച്ച് വേവലാതിപെട്ടിട്ടോ, കിട്ടാത്ത കാര്യങ്ങളെകുറിച്ച് ആവലാതിപെട്ടിട്ടോ കാര്യംഇല്ല. മറ്റുള്ളവരെ കുറിച്ച് അസൂയപെട്ടു കളയാനുള്ളത് അല്ല ജീവിതം.
ജോലി മാത്രം അല്ല ജീവിതം
ജെ എസ്