Blog

മഹാത്മാഗാന്ധിയുടെ വൈക്കം സത്യഗ്രഹപരീക്ഷണം.

സത്യഗ്രഹം എന്നത് ഗാന്ധിയൻ പ്രതിഷേധ രീതിയാണ്. 1906 ലാണ് ഗാന്ധി സത്യഗ്രഹം എന്ന സമരരീതി വികസിപ്പിച്ചത്. അഹിംസാമാർഗം തെരെഞ്ഞെടുത്ത ഗാന്ധിജി അതിനു അനുയോജ്യമായ ഒരു പദം കണ്ടെത്താൻ അദ്ദേഹം ദക്ഷിണാഫ്രിക്കയിൽ പ്രസിദ്ധീകരിച്ച'ഇന്ത്യൻ ഒപ്പിനിയൻ' എന്ന പത്രത്തിൽ അനുയോജ്യമായ ഒരു പദം നിർദേശിക്കുന്നവർക്ക് ഒരു സമ്മാനത്തുക വാഗ്ദാനം ചെയ്തു. പല പദങ്ങൾ വന്നു.ഗാന്ധിജിയുടെ ഒരു ബന്ധുവായ മഗൻലാൽ ഗാന്ധി 'സദ്ഗൃഹ  ' എന്ന പദം നിർദേശിച്ചു. 'സദ് ഗ്രഹ ' എന്നത് നല്ലകാര്യങ്ങൾക്കു വേണ്ടിയുള്ള പ്രവർത്തനം എന്ന അർത്ഥത്തിൽ ആയിരുന്നു.

അതിനെകുറിച്ച് ചിന്തിച്ചാണ് ഗാന്ധിജി സത്യഗ്രഹം എന്ന ക്രിയാത്മക രാഷ്ട്രീയ പ്രവർത്തനത്തിന്റെ രാഷ്ട്രീയ നൈതീക (Political ethics ) രൂപപ്പെടുത്തുന്നത്. അത് ഗാന്ധിജി വിവിധ നൈതീക ധാരകൾ ഉൾക്കൊണ്ട് നിരന്തര സഹനസമര മാർഗ്ഗത്തിലൂടെ വികസിപ്പിച്ചതാണ്. ബുദ്ധ| ജൈന ധർമ്മത്തിലെ അഹിംസ. അതുപോലെ യേശുവിന്റെ ഗിരിപ്രഭാഷണത്തിൽ പ്രബോധിപ്പിച്ച സ്നേഹ -സത്യ മാർഗമായ ശത്രുക്കളെപോലും സ്നേഹിക്കുക എന്നത്. ഗാന്ധിജിയുടെ അചഞ്ചല ദൈവ വിശ്വാസവും പ്രത്യാശയും സ്നേഹവും സത്യത്തോടുള്ള പ്രതിബദ്ധതയും നിർഭയം പ്രവർത്തിക്കാനുള്ള ആത്മധൈര്യവുമൊക്കെ ഉൾക്കൊണ്ട ജീവിത- സമര-രാഷ്ട്രീയ നൈതി കതയാണ് സത്യഗ്രഹം.

ഗാന്ധിജി 1906 ൽ ഇതിനെക്കുറിച്ച് ചിന്തിച്ച് ഇന്ത്യൻ ഒപ്പിനിയനിൽ എഴുതിയിട്ടുണ്ട്

സത്യം സൂചിപ്പിക്കുന്നത് സ്നേഹത്തെയാണ്. സത്യത്തിനു വേണ്ടിയുള്ള ആഗ്രഹം സ്നേഹത്തിൽ കൂടി അർജിക്കുന്ന ശക്തികൂടിയാണ്. അതു കൊണ്ടു തന്നെ ഇന്ത്യൻ രാഷ്ട്രീയ പ്രസ്ഥാനം നടത്തുന്ന സമരത്തെ ഞാൻ 'സത്യഗ്രഹ' എന്നാണ് വിശേഷിപ്പിക്കുന്നത്. അതിന്റ ശക്തി സത്യത്തിലും സ്നേഹത്തിലും അഹിംസയിലും അധിഷ്ട്ടി തമാണ് അതു കൊണ്ടു തന്നെ അതുവരെ ഉപയോഗിച്ച  'പാസ്സീവ് റെസിസ്റ്റൻസ്' എന്ന ഇംഗ്ലീഷ് പദം ഉപയോഗിച്ചില്ല.

ഗാന്ധിജിയുടെ ഏറ്റവും വലിയ സംഭാവന തനതായി ചിന്തിച്ചുണ്ടാക്കിയ  രാഷ്ട്രീയ ഭാഷയിലൂടെ ഇന്ത്യക്കൊരു പുതിയ രാഷ്ട്രീയ ഇമേജിനേഷനും എത്തിക്സും അതിനു അനുയോജ്യമായ ഒരു രാഷ്ട്രീയ പ്രവർത്തന പദ്ധതിയും നൽകി എന്നതാണ്. അതുപോലെ ഗാന്ധിജി ജോൺ റസ്ക്കിന്റെ '
'Unto this Last'എന്ന പുസ്തകം ഗാന്ധിയുടെ സത്യഗ്രഹമാർഗത്തിന് പുതിയ മാനം നൽകി. ഗാന്ധി  Un to this Last ഗുജറാത്തിയിൽ പരിഭാഷപ്പെടുത്തി. അതിനു കൊടുത്ത പേരാണ്  'സർവ്വോദയം'. അവിടെ നിന്നാണ് ഗാന്ധിജി മെയ്യനങ്ങിയുള്ള തൊഴിലും രാഷ്ട്രീയവും പ്രധാനമാണ് എന്ന തിരിച്ചറിവിൽ എത്തുന്നത്.ഗാന്ധിയുടെ ആശ്രമ മാതൃകയെ സ്വാധീനിച്ചത് ടോൾസ്ടോയ് ആവിഷ്ക്കരിച്ച കമ്മ്യുൺ രീതിയാണ്. ഗാന്ധി അതുകൊണ്ടാണ് ദക്ഷിണാഫ്രിക്കയിലെ അദ്ദേഹത്തിന്റെ സമൂഹത്തിനു ടോൾസ്റ്റോയ് ഫാമെന്ന് പേരിട്ടത്. പക്ഷെ ഗാന്ധി അതും തനതായ രീതിയിൽ ഇന്ത്യയുടെ ഭാഷക്കും -സംസ്കാരത്തിനും അനുയോജ്യമായി ആശ്രമം എന്നാക്കി മാറ്റി 

ഗാന്ധിജിയുടെ സത്യഗ്രഹവും സർവ്വോദയവും സ്വരാജ്,സംഘർഷും സംവാദും  അഹിംസാ മാർഗവും നിർഭയ പ്രവർത്തനവും എല്ലാം സാകല്യമായ ഒരു ജീവിത വീക്ഷണത്തിന്റെയും നൈതീക ബോധങ്ങളുടെയും മാർഗ്ഗ രേഖയാണ്. ഗാന്ധിജിയുടെ  രാമരാജ്യ എല്ലാവർക്കും തുല്യ നീതിയും അവകാശങ്ങളും ആഹാരവും വസ്ത്രവും സത്യവും സ്നേഹവൂ മൊക്കെയുള്ള ഉട്ടോപ്യയായിരുന്നു 
ഗാന്ധിജിയുടെ രാഷ്ട്രീയ ഭാഷ നീതി മാർഗ്ഗത്തിന്റ സരളഭാഷയാണ്. ഗാന്ധിജി ഉപയോഗിച്ച ഭാഷയും ആശയങ്ങളും സരളവും അതെ സമയം ശക്തവും ആയിരുന്നു ( Simple and powerful ).അദ്ദേഹം സംസാരിച്ചത് പതിയ സ്വരത്തിൽ പതുക്കെ ആയിരുന്നു .
അതു കൊണ്ടു തന്നെ എല്ലാ സാധാരണക്കാർക്കും ഗാന്ധിജിയുടെ ഭാഷ മനസ്സിലായി.അതു കൊണ്ടാണ് അദ്ദേഹത്തെ കേൾക്കാൻ ആളുകൾ കൂടിയത്. അങ്ങനെയാണ് ഒരു നഗര വരേണ്യ നെറ്റ് വർക്കായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ ഗാന്ധി ജനകീയ പ്രസ്ഥാനമാക്കി മാറ്റിയത്. അതിന്റ ശക്തി സത്യത്തിന്റെയും സ്നേഹത്തിന്റെയും ശക്തിയാണ്. ട്രൂത് ഫോഴ്സ് എന്നാണ് ഗാന്ധി അതിനെ വിളിച്ചത് 

ഗാന്ധിജിക്കു മുൻപും പിൻപും ഇന്ത്യൻ രാഷ്ട്രീയത്തിൽ അങ്ങനെ തനതായ രാഷ്ട്രീയ ഭാവനയും ഭാഷയും നൈതിക ബോധ്യങ്ങളും ആർക്കും പരീക്ഷിക്കാനായില്ല. കാരണം അദ്ദേഹത്തിന്റെ ജീവിതം സത്യാന്വേഷണ പരീക്ഷണമായിരുന്നു. അദ്ദേഹം ജീവിച്ചതും വധിക്കപെട്ടതും ജീവിതം തന്നെ സത്യഗ്രഹമാക്കിയതിനാലാണ്.

1915  ജനുവരിയിൽ ഇന്ത്യയിൽ എത്തിയ ഗാന്ധി, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ വരാൻ ശ്രമിക്കാതെ വഴിമാറി നടന്നു. അതിനൊരു കാരണം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ ആ കാലത്തും വിവിധ ഗ്രൂപ്പുകൾ ഉണ്ട്. അന്നത് ആശയപരമായ നിലപാടുകൾ കൊണ്ടായിരുന്നു. ഇപ്പോഴത്തെ പോലെ ആമാശയ അധികാര താല്പര്യങ്ങൾ മാത്രം അല്ലായിരുന്നു ഗ്രൂപ്പുകൾ.

ഗാന്ധിയെ ഇന്ത്യയിലെക്കു വരുത്തുവാൻ ഏറ്റവും കൂടുതൽ ശ്രമിച്ചത് ഗോപാൽകൃഷ്ണ ഗോഖലെയായിരുന്നു. അദ്ദേഹം കോൺഗ്രസ്സിലെ  ലിബറൽ രാഷ്ട്രീയത്തിന്റെ വക്താവായിരുന്നു. ഗോഖലെ ദക്ഷിണാഫ്രിക്കയിൽ 1912 ൽ പോയി ഗാന്ധിയുടെ സത്യഗ്രഹ പ്രവർത്തനങ്ങളെ കണ്ടു ബോധ്യപ്പെട്ട് ഗോപാൽ കൃഷ്ണ ഗോഖലെ എഴുതിയ ലേഖനങ്ങളിൽ കൂടിയാണ് ഗാന്ധിയെ ഇന്ത്യയിലെ സ്വാതന്ത്ര്യ സമര പ്രസ്ഥാനവും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും അറിഞ്ഞത്. ഗാന്ധിയെ ഇന്ത്യയിലേക്ക്  തിരികെ കൊണ്ടുവരാൻ മുൻകൈ എടുത്തു സി.എഫ് ആൻഡ്രസിനെ ദക്ഷിണാഫ്രിക്കയിൽ അയച്ചതും ഗോപാൽ കൃഷ്ണ ഗോഖലെയാണ്. ഗാന്ധിജി 1915 ജനുവരി 14 നു ഇന്ത്യയിൽ എത്തി. 1915 ഫെബ്രുവരി 19ന്  48മത്തെ വയസിൽ ഗോപാൽ കൃഷ്ണ ഗോഖലെ മരിച്ചു.

കോൺഗ്രസ്സ് 1907-ലെ  സൂറത്ത് എ ഐ സി സി സമ്മേളനത്തോടുകൂടി ഗ്രൂപ്പ് പ്രവർത്തനങ്ങളാൽ പൂരിതമായി. തിലകിന്റെ നേതൃത്വത്തിലുള്ള യഥാസ്‌ഥിതിക റാഡിക്കൽ ഗ്രൂപ്പും ഗോഖലെയുടെ നേതൃത്വത്തിലുള്ള ലിബറൽ മോഡറേറ്റ് ഗ്രൂപ്പും തമ്മിലുള തർക്കത്തിലാണ് ആ സമ്മേളനം പര്യവസാനിച്ചത് ( ഇതൊന്നും ഇന്ന് തുടങ്ങിയതല്ല )

അതു കൊണ്ടൊക്കെ തന്നെ ഗോഖലെയുടെ ആളായി കണ്ട ഗാന്ധിജി വഴിമാറി ഗ്രാമങ്ങളിൽ പോയി പ്രവർത്തിച്ചു. ഗുജറാത്തിലെ ഖേദ താലൂക്കിലും ബീഹാറിലെ ചമ്പാരനിലും സാമൂഹിക പ്രവർത്തനവും രാഷ്ട്രീയ പ്രവർത്തനവും ഒരുമിച്ചുള്ള സത്യഗ്രഹ പ്രവർത്തനം തുടങ്ങി. അതു കഴിഞ്ഞു ഇന്ത്യയിൽ എല്ലായിടത്തും ഗാന്ധി യാത്ര ചെയ്ത്, അഞ്ചു കൊല്ലം കഴിഞ്ഞ് 1920 ലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രെസ്സിൽ സജീവമാകുന്നത്.

1920 ൽ 64-മത്തെ വയസിൽ തിലക് മരിച്ചതോടു ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ ഒന്നാം തലമുറ നേതാക്കൾക്കു ശേഷമാണ് ഗാന്ധിജി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന് പുതിയ ദിശബോധവും പുതിയ രാഷ്ട്രീയ സംഘടനാ ശ്രമവും നടത്തിയത് .

ഗാന്ധിജി കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ വന്നതിന് ശേഷമുള്ള പ്രധാന സമ്മേളനമായിരുന്നു 1923 ലെ കാക്കിനഡ സമ്മേളനം.കോൺഗ്രസ്സ് സ്വാതന്ത്ര്യസമര പ്രസ്ഥാനത്തോടൊപ്പം ഒരു സാമൂഹിക പരിഷ്ക്കാര പ്രസ്ഥാനമാകണം എന്ന ഗാന്ധിയുടെ കാഴ്ചപ്പാട് ആദ്യമായി ആവിഷ്ക്കരിച്ചുത് കാക്കിനഡ എ ഐ സി സി സമ്മേളനത്തിൽ ആയിരുന്നു. 1921 ൽ റ്റി. കെ മാധവൻ ഗാന്ധിജിയെ തിരുനെൽ വേലിയിൽ ബാരിസ്റ്റർ ജോർജ് ജോസഫിനൊപ്പം കാണുന്നു  അങ്ങനെ 1923 ലെ കാക്കിനഡ എ ഐ സി സി യിൽ  റ്റി.കെ മാധവനെ ക്ഷണിക്കുന്നു  .അവിടെ  തൊട്ടുകൂടായ്മയെക്കു റിച്ചും അയിത്തം അവസാനിപ്പിക്കേണ്ട ആവശ്യകതയെക്കുറിച്ച് സംസാരിച്ചു.

അങ്ങനെ ഐ ഐ സി സി അയിത്തത്തിനും തൊട്ട് കൂടായ്മക്കും എതിരെ പ്രമേയം പാസാക്കി. അങ്ങനെ ഒരു സ്വാതന്ത്ര്യ സമര സംഘടന എന്നതിലുപരി  സാമൂഹിക മനസ്‌ഥിതിയെയും സാമൂഹിക മുൻവിധികൾക്ക് എതിരായും തൊട്ട് കൂടായ്മക്കും എതിരായ സത്യഗ്രഹ  പ്രസ്ഥാനമാക്കി പുതിയ ദിശബോധം നൽകിയത് ഗാന്ധിയാണ്.

1924 കോൺഗ്രസ്സ് ചരിത്രത്തിലെ മാറ്റങ്ങളുടെ വാർഷം ആയിരുന്നു. ഇന്ത്യയിൽ തൊട്ട്കൂടായ്മക്കും അയിത്തത്തിനും എതിരായ ആദ്യ പ്രസ്ഥാനമാണ് വൈക്കം സത്യഗ്രഹം.അത് സാമൂഹിക പരിഷക്കരണത്തിൽ ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള ആദ്യ സത്യഗ്രഹ പരീക്ഷണമായിരുന്നു.

1924 ൽ ഗാന്ധിജി എ ഐ സി സി പ്രസിഡന്റായി. അതു രെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഒരു നെറ്റ് വർക്ക് രാഷ്ട്രീയ പ്രസ്ഥാനമായിരുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന് കൃത്യമായ സംഘടനാരൂപവും മാർഗവും സത്യഗ്രഹ നൈതികതയും കൈവന്നത് 1924 ലാണ്.

1925 മാർച്ച്‌ 8-19 വരെയാണ് ഗാന്ധിജിയുടെ വൈക്കം സത്യഗ്രഹ യാത്ര.ആ യാത്രയിലാണ് അദ്ദേഹം ശ്രീനാരായണ ഗുരുവിനെ സന്ദർശിക്കുന്നത്. ഗാന്ധിജിയുടെ രണ്ടാമത്തെ കേരള യാത്രയായിരുന്നു.

വൈക്കം സത്യഗ്രഹത്തിൽ ഗാന്ധിജിയും കോൺഗ്രസ്സും പ്രധാന പങ്കു വഹിച്ചു എങ്കിലും യഥാർത്ഥത്തിൽ വൈക്കം സത്യഗ്രഹം കോൺഗ്രസ്സിനെയും ഗാന്ധിജിയെയും മാറ്റി മറിച്ചു.

1924 ൽ ഗാന്ധിജി നവ ജീവനിൽ ഇങ്ങിനെ എഴുതി "എനിക്ക് പെട്ടന്ന് മഞ്ഞു പോകുന്ന ഭൂമിയിലെ അധികാരത്തിൽ താല്പര്യം ഇല്ല " .1924 ൽ ഒരു പ്രാവശ്യം മാത്രമാണ് ഗാന്ധി എ ഐ സി സി പ്രസിഡന്റ് ആയത് . അതിനുശേഷം വൈക്കം സത്യഗ്രഹ സന്ദേശം ഇന്ത്യ മുഴുവൻ പ്രവർത്തിക മാക്കുന്നതിന് 1931ൽ അദ്ദേഹം ഹരിജൻ സേവ സംഘത്തിന് രൂപം നൽകി.1933 ൽ അദ്ദേഹം ഹരിജൻ എന്ന പത്രം തുടങ്ങി.

വൈക്കം സത്യഗ്രഹം  സാമൂഹിക മാറ്റത്തിനും അയിത്ത വ്യവസ്ഥക്കുമെ തിരെയുമുള്ള ഗാന്ധിയൻ സത്യഗ്രഹ, പരീക്ഷണത്തിന്റെ തുടക്കമായിരുന്നു. അതോടെ ഇന്ത്യൻ നാഷണൽ കോൺഗ്രെസ്സ് ഒരേ സമയം അധുനിക സാമൂഹിക പരിഷ്ക്കരണ പ്രസ്ഥാനവും  ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെയുള്ള രാഷ്ട്രീയ സത്യഗ്രഹ പ്രസ്ഥാനമായി പരിണമിച്ചു.

ഗാന്ധിജി എന്നും കോൺഗ്രസ്സ് അധികാര സ്ഥാനത്തു നിന്നും ഇന്ത്യൻ പാർലിമെന്ററി അധികാര സ്ഥാനങ്ങളിൽ നിന്നും മാറി നടന്നു. രാഷ്ട്രീയ പ്രവർത്തനത്തിന്റെ അടിസ്ഥാനം സാമൂഹിക പ്രവർത്തനവും പരിവർത്തനവുമാണ് എന്ന സത്യഗ്രഹം മാർഗ്ഗമാണ് കോൺഗ്രസ്സ് രാഷ്ട്രീയ നൈതീകതയുടെ അടിസ്ഥാനം

ഗാന്ധിയുടെ പാഠങ്ങൾ മറന്ന് ഗാന്ധിജിയുടെ പടങ്ങളും ഗാന്ധി പടങ്ങൾ ഉള്ള കറൻസി നോട്ടുകളും ഗാന്ധി സത്യഗ്രഹം എന്നത് ടോക്കണിസവുമായതാണ് ഇന്ന് കോൺഗ്രസ്സും രാജ്യവും നേരിടുന്ന വെല്ലുവിളി.

ഇപ്പോഴത്തെ കോൺഗ്രസ്സിലെ അധികാര കസേര മത്സരങ്ങളും അധികാര പ്രസംഗം മത്സരങ്ങളും ആമാശയ -അധികാര ആഗ്രഹങ്ങളും എല്ലാ സത്യഗ്രഹ ആദർശ, ആശയങ്ങൾക്കും എതിരാണ് എന്ന് അറിയുമ്പോൾ മഹാത്മാ ഗാന്ധി തിരിഞ്ഞു നടക്കും.

ഗാന്ധിയിൽ നിന്നും നെഹ്‌റുവിൽ നിന്നും പാഠങ്ങൾ ഉൾകൊള്ളാതെ അവരുടെ പടം കാണിച്ചു ആചാര അനുഷ്‌ട്ടാനങ്ങൾ മാത്രം പിൻപറ്റിയാൽ കോൺഗ്രസും രാജ്യവും ജീർണോൻമുഖമാകും.

വൈക്കം സത്യഗ്രഹ ശതാബ്ദി ആചാര അനുഷ്ടാനമെന്നതിലു പരി സ്വയം വിമർശന സത്യഗ്രഹ പാഠങ്ങൾ ആയില്ലങ്കിൽ കോൺഗ്രസ്സ് തന്നെ ആചാര-അധികാര പാർട്ടിയായി, ഗാന്ധിജി വൈക്കം സത്യഗ്രഹത്തിൽ കാട്ടിത്തന്ന,സത്യഗ്രഹം ഒഴിച്ച് ബാക്കിയെല്ലാ അധികാരകിട മത്സരങ്ങളും വാചക മേളകളും ഓർമ്മ പെരുന്നാളും സംഘടിപ്പിച്ചത് കൊണ്ടു മാത്രം കോൺഗ്രസ്സ് ഉയർത്തെഴുന്നേൽക്കില്ലെന്ന് തിരിച്ചറിയുക.

ജെ.എസ്.അടൂർ

(മാധ്യമം വാരികയിൽ ഈ ആഴ്ചയിൽ പ്രസിദ്ധീകരിച്ചലേഖനം)