Blog

ഒറ്റ കണ്ണട കാഴ്ചകൾ : പാർട്ടി, ജാതി മത മുൻ വിധികൾ

കേരളത്തിൽ മാത്രം ജീവിച്ചു ഏതെങ്കിലും ഒന്നോ രണ്ടോ ഐഡന്റിറ്റിയിൽ ജീവിതവും പ്രവർത്തനങ്ങളും സ്ഥായിയായി പിന്നെ ചിന്തിക്കുന്നതും,  വായിക്കുന്നതും  കാണുന്നതും കേൾക്കുന്നതും പറയുന്നതും എല്ലാം ആ ഫിൽറ്ററിൽ കൂടിയാണ്. അതു ഒരു ശീലമാകും. അതിനപ്പുറമുള്ള കാര്യങ്ങൾ കാണാൻ സാധിക്കാത്ത മാനസിക അവസ്ഥ.  

ഇതു കേരളത്തിൽ മാത്രം സംഭവിക്കുന്ന ഒന്നല്ല. ഒരേ ഭാഷ സമൂഹത്തിൽ ഒന്നോ രണ്ടോ സത്വ ബോധത്തിൽ മാത്രം ജീവിക്കുന്ന ഒരുപാടു മനുഷ്യരുടെ മാനസിക അവസ്ഥയാണ്. 

അങ്ങനെ ഒരു ലെൻസിൽ കൂടെ മാത്രം ജീവിതവും മറ്റുള്ളവരെയും കാണുവാൻ തുടങ്ങുമ്പോൾ പറ്റുന്ന രണ്ടു പ്രശ്നങ്ങളാണ്. ശീലിച്ച മുൻ വിധികൾ അനുസരിച്ചു മനുഷ്യരെ അളന്നു തിട്ടപ്പെടുത്തി വിധി കല്പ്പിച്ചു മറ്റൊരാൾ   അങ്ങനെയാണ് അവർ തീരുമാനിച്ചു ഉറപ്പിക്കും.

 രണ്ടാമത്തെ പ്രശ്നം. അങ്ങനെ ഒന്നോ രണ്ടോ ധാരണയിൽ ഒരു മനുഷ്യനെ ഫിക്സ്   ചെയ്താൽ പിന്നെ ആ ഫിക്സഡ് ഐഡന്റിറ്റിക്ക് അപ്പുറം ആ മനുഷ്യരെ കാണുവാനുള്ള കഴിവ് ഇല്ലാത്ത അവസ്ഥ. ഒന്നിനെ തന്നെ നിനച്ചിരിക്കിൽ വരുന്നതെല്ലാം അതു എന്നും തോന്നുന്ന അവസ്ഥ. 

ഇന്ത്യയിലും ദക്ഷിണ ഏഷ്യൻ രാജ്യങ്ങളും നേരിടുന്ന ഒരു പ്രശ്നം  ജാതി മത സ്വത വിചാരങ്ങളും രാഷ്ട്രീയ പാർട്ടികളും കൂടി  പിണഞ്ഞ ഒരു അവസ്ഥയാണ്.

 ഈ രാജ്യങ്ങളിൽ പലതിലും ജനായത്ത ബോധം ഒട്ടുമില്ലാത്ത സമൂഹത്തിന്റെ മുകളിൽ ജനാധിപത്യം സംവിധാനം എന്ന ഭരണ മേലങ്കി ധരിച്ചിരിക്കുന്നു എന്നു മാത്രം.   അതു കൊണ്ടു തന്ന ജനായത്ത സംസ്കാരം വളരെ കുറഞ്ഞ ഒരു സമൂഹത്തിൽ ജനാധിപത്യം വ്യവസ്ഥയിൽ നിന്നുള്ള പല കാര്യങ്ങളും പുസ്തത്തിലെ പശുക്കളാണ്. പുല്ലു തിന്നാൻ കഴിയാത്തവ. 

ആദ്യം കേരളത്തിലെ കാര്യം. ഇവിടെ രണ്ടോ മൂന്നോ രാഷ്ട്രീയ പാർട്ടി ചേരുവകളുണ്ട് .  അതു  എൻപതുകളിൽ ഉയർന്നു വന്ന രണ്ടു ഭരണപാർട്ടി കൂട്ട് കെട്ടുകളാണ്. എൽ ഡി എഫ്‌ - യൂ ഡി എഫ്‌ എന്നി രണ്ടു  ദ്വിന്ദങ്ങളിലുള്ള ഭരണ പാർട്ടി ചേരുവകളാണ്. അതിനോട് ചേർന്നു നിൽക്കുന്ന ഒരുപാടു പേർക്ക് ഭരണ -അധികാരതിന്റെ ആശ്രിതത്വം സ്ഥാന മാനങ്ങൾക്കുള്ള ഉപാധിയാണ്.

 അനുഭാവികൾക്ക് സംഘ ബലത്തിൽ (organized power ) എന്നതിൽ നിന്ന് കിട്ടുന്ന സ്വത സുരക്ഷിത ബോധവും (പാർട്ടി കൂടുണ്ട് ) )അതിൽ നിന്ന് കിട്ടുന്ന മത്സര ബോധ രതിയുമാണ്‌ (get a high competitive sprit based on an assumed moral pedestal. ). ഈ രണ്ടു ഭരണപാർട്ടി അധികാര ദ്വന്ദങ്ങൾക്ക് അപ്പുറം കേരളത്തിൽ വളർന്നു വരുന്ന ബി ജെ പി യുടെ നേതൃത്വത്തിൽ കേരളത്തിൽ ഭരണ സുഖം അനുഭവിക്കാത്ത പാർട്ടികൾ കേന്ദ്ര അധികാര -പണ ബലത്തിൽ ഓരോ തിരഞ്ഞെടുപ്പിനും വളരുകയാണ്. ബി ജെ പി ഒരു  'ഹൈന്ദവ " സത്വ വർഗീയത സൃഷ്ടിട്ടിച്ചു വോട്ട് ഷെയർ കൂട്ടി അധികാരത്തിൽ വരുവാൻ കേന്ദ്ര ഭരണത്തിന്റെ ബലത്തിൽ ശ്രമിക്കുന്നു. അതിന് അനുപൂരകമായി കേരളത്തിൽ ഗണ്യമായ മുസ്ലിം  സ്വത വർഗീയത ഉപയോഗിച്ചു വളരുന്ന പുതിയ പാർട്ടികളും ഉണ്ട്  

എന്നാൽ സത്യത്തിൽ കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും ഈ പാർട്ടി ഏർപ്പാടുകൾക്ക് പുറത്താണ്. എല്ലാ പാർട്ടിയിലെയും സജീവ പ്രവർത്തകർ ജന സംഖ്യയുടെ വളരെ ചെറിയ ശതമാനമാണ്.  കേരളത്തിൽ സജീവമായ സംഘ ബലം കേരളത്തിൽ എല്ലാമുള്ളത് അഞ്ചു പാർട്ടികൾക്ക് മാത്രമാണ്. എൽ ഡി എഫ്‌ ഇൽ അതു സി പി എം മും പിന്നെ സി പി ഐ യുമാണ്‌.  യു ഡി എഫിൽ അതു കോൺഗ്രസ്സും മുസ്ലിം ലീഗുമാണ്. പിന്നെ ഉള്ളത് ബി ജെ പി യാണ്. ബാക്കി എല്ലാം ചിന്ന പാർട്ടികളാണ്. 

ഇവരുടെ എല്ലാ സജീവ ഭാരവാഹികൾ എല്ലാ കൂടി കൂട്ടിയാൽ   ശരാശരി ഒരു പഞ്ചായത്തിൽ നൂറു പേർ.  ഏതാണ്ട്  മൂന്നര കോടി ജന സംഖ്യയിൽ അതു വളരെ ചെറിയ വിഭാഗമാണ്. അവരുടെ പ്രധാന മോട്ടിവേഷൻ പഞ്ചായത്തു മുതൽ മേലോട്ടുള്ള ഭരണ -അധികാര വിന്യാസമാണ്. ഓരോ പാർട്ടി ഭാരവാഹികളും ഫുൾടൈം പ്രവർത്തിക്കുന്നവർക്കുമുള്ള ഭരണ -അധികാര ഇൻസെന്റീവാണ്.

 അതിൽ നിന്ന് കിട്ടുന്ന തെളിഞ്ഞും ഒളിഞ്ഞുമുള്ള ആദായ മാർഗ്ഗങ്ങളും  ആകർഷിക്കുന്ന ഘടകമാണ്. എല്ലാ പാർട്ടികളുട സജീവ അനുഭാവികളെകൂട്ടിയാൽ പോലും അഞ്ചോ ആറോ ലക്ഷത്തിൽ കൂടില്ല. അതായത് കേരളത്തിലെ ജനസംഖ്യയുടെ  ഒന്നര ശതമാനം.  

ഈ ഒന്നര ശതമാനം വരുന്ന ഓർഗനൈസ്ഡ് പവറിന്റ സംഘ ബലം മറ്റു 90% പേരുടേ വോട്ട് എങ്ങനെയെങ്കിലും നേടി ഭരണം പിടിച്ചു സ്ഥാന മാന പെട്രേനേജ് നെറ്റ്വർക്ക് നില നിർത്തുക എന്ന ഒറ്റ ഉദ്ദേശത്തിന് അപ്പുറം രാഷ്ട്രീയമില്ല എന്നത് കൊണ്ടു കൂടിയാണ് രാഷ്ട്രീയ പാർട്ടികൾ അരാഷ്ട്രീയവൽക്കറിക്കപ്പെടുന്നത്. കാരണം സർക്കാർ സംവിധാനത്തിൽ നിന്നുള്ള സ്ഥാന -മാന -സാമ്പത്തിക നേട്ടങ്ങൾ നൽകുന്ന പ്രെചോദനം (motivation )  ഇന്നു  രാഷ്ട്രീയ നൈതിക ബോധ്യങ്ങളെക്കാൾ പ്രധാനമാണ്. 

രാഷ്ട്രീയ പാർട്ടികൾ ജനാധിപത്യം സംവിധാനതിന്റെ നില നില നിൽപ്പിനു അത്യാവശ്യമാണ്. ഒരു രാജ്യത്തെ ജനാധിപത്യ വ്യവസ്ത്തയുടെ ആരോഗ്യം ഒരു വലിയ പരിധിവരെ ആ രാജ്യത്തെ രാഷ്ട്രീയ പാർട്ടികളുടെ ആരോഗ്യം അനുസരിച്ചു ഇരിക്കും. ഇന്ത്യയിൽ  ഇന്ന് നേരിടുന്ന ഒരു പ്രധാന പ്രശ്‍നം പ്രധാന രാഷ്ട്രീയ പാർട്ടികളിൽ ഇല്ലാത്ത ജനായത്ത വ്യവസ്ഥയാണ്.  ഇന്ത്യയിൽ ഇന്ന് വളരെ ചുരുക്കം  ദേശീയ പാർട്ടികളെയൂള്ളൂ. 53 സ്റ്റേറ്റ് പാർട്ടികളും. ഇവയിൽ അധികാര -ഭരണത്തിലുള്ള പാർട്ടികളെല്ലാം നിയന്ത്രിക്കുന്നത് ഒരു പവർ കാർട്ടലാണ്.  

മിക്കവാറും പാർട്ടികൾ നിയന്ത്രിക്കുന്നത് ഭരണ -അധികാരത്തിൽ ഉള്ള ഒരു മാക്സിമം ലീഡറും അയാളോട് /അവരോടു ലോയൽറ്റിയുള്ള പാർട്ടിക്കുള്ളിൽ ഉള്ള നെറ്റ്വർക്കാണ്. മാക്സിമം ലീഡറിനോടുള്ള ലോയൽറ്റിയാണ് ഇന്ന് പ്രത്യയ ശാസ്ത്ര ബോധ്യങ്ങളെക്കാൾ (ideological conviction ) പ്രധാനം. ചുരുക്കം ചില പാർട്ടികളിലൊഴിച്ചു മിക്ക ഭരണ പാർട്ടികളിലും കുടുംബ ലീനിയേജ് നെറ്റ്വർക്കാണ് പ്രധാന അധികാര കാർട്ടൽ. 

ഇന്ത്യയിലെ ജനാധിപത്യതിന്റെ പ്രധാന ഘടകമായ  ഭരണ അധികാര രാഷ്ട്രീയ പാർട്ടികളിൽ ജനാധിപത്യം ഇല്ല എന്നുള്ളതാണ്. ഇന്ത്യയിലെ ജാതി -മത വ്യവസ്ഥയിലൂന്നിയുള്ള സെമി ഫ്യുഡൽ സ്വഭാവം എല്ലാ രാഷ്ട്രീയ പാർട്ടി നേത്വത്തലിലും പല അളവിലുണ്ട്. അതാണ് തിരഞ്ഞെടുപ്പിന് മുമ്പ് വിനയത്തിന്റ ആൾരൂപങ്ങൾ പലതും തിരെഞ്ഞെടുപ്പ് കഴിഞ്ഞു അധികാര തേരിൽ കയറിയാൽ രാജാക്കന്മാരെപ്പോലെയോ നാട് വഴികളെപ്പോലെയോ പെരുമാറുന്നത്. 

മിക്കവാറും പാർട്ടികളുട ഐഡിയോലജി മുഖദാവിന് പിറകിൽ ജാതി മത സമവാക്യങ്ങൾ അനുസരിച്ചു മാത്രം സ്ഥാനാർഥി നിർണ്ണയം നടത്തുന്നത് അതിന് അപ്പുറമുള്ള മാനവിക രാഷ്ട്രീയ ബോധ്യങ്ങൾ കമ്മിയായത് കൊണ്ടാണ്. 

മിക്കവാറും പേർ ഇന്ന് ഒരു രാഷ്ട്രീയപാർട്ടിയുടെ  അനുഭാവിയോ പ്രവർത്തകനോ ആകുന്നത് കുടുംബം പശ്ചാത്തലം കൊണ്ടോ,  അല്ലെങ്കിൽ സ്കൂൾ -കോളേജിൽ ഉണ്ടായ രാഷ്ട്രീയ സാമൂഹിക വൽക്കരണം കൊണ്ടോ,  അതുമല്ലെങ്കിൽ ജാതി -മത സ്വത ബോധങ്ങൾ കൊണ്ടോ,  അതു മല്ലെങ്കിൽ സ്ഥാന- മാന സാമ്പത്തിക ഇൻസെന്റീവ്  ഭരണ സംവിധാനത്തിൽ  പ്രതിക്ഷിക്കുവരാണ്. 

കേരളത്തിലെ ഒരു പ്രശ്‍നം ഒരു പാർട്ടിയിൽ തന്നെ ജനിച്ചു വളർന്നു പാർട്ടി/സർക്കാർ  സ്ഥാന മാനങ്ങൾ ലഭിച്ചവർക്കും പാർട്ടികളുടെ സംഘടന ബലത്തിൽ (organized power )അഭിരമിക്കുന്നവർക്കും അതാതു പാർട്ടി ലോയൽറ്റിക്കപ്പുറം കാഴ്ചകൾ നഷ്ട്ടപെട്ടവരാണ്. 

പാർട്ടി കണ്ണുകൾ കൊണ്ടു മാത്രം ആളുകളെ കാണുമ്പോൾ അവരുടെ മുൻവിധികൾക്കപ്പുറം ആളുകളെ കാണുവാൻ സാധിക്കില്ല. കേരളത്തിൽ അവർക്കു ആരെയും പാർട്ടി ബോക്സുകളിൽ പ്രതിഷട്ടെങ്കിൽ മാത്രമേ അവരവരുടെ രാഷ്ട്രീയ യുക്തി  പ്രവർത്തിക്കുകയൂള്ളൂ. 

നിങ്ങൾ ഞങ്ങൾ പറയുന്നതോ ചെയ്യുന്നതോ എല്ലാം പിന്താങ്ങുന്നില്ല എങ്കിൽ നിങ്ങളെ ശത്രു സ്ഥാനത്തു പ്രതിഷ്ഠിച്ചു പിന്നെ മുൻവിധികളോട് മാത്രമേ കാണുകയൂള്ളൂ. അവർക്കു എല്ലാവരും കമ്മിയോ,  കൊങ്ങിയോ,  സംഘിയോ സുടാപ്പിയോ  ആണ്. 

സത്യത്തിൽ ഓരോ പാർട്ടിയുടെയും സജീവ ആളുകൾ കാണുന്നത് പോലെ ബ്ലാക്ക് ആൻഡ് വൈറ്റല്ല  ബഹു ഭൂരിപക്ഷം വരുന്ന ആളുകൾ. ബ്ലാക് ആൻഡ് വൈറ്റ് മാത്രം കാണുവാൻ ശീലിച്ചവർക്ക് ഒരിക്കലും കൂടുതൽ ഗ്രേ സോണിൽ ജീവിക്കുന്നവരെ കണാൻ സാധിക്കില്ല. 

ഇങ്ങനെയുള്ള ഒരുപാട് രാഷ്ട്രീയ പാർട്ടി അനുഭാവികൾ സമൂഹത്തിലും സാമൂഹിക മാധ്യമങ്ങളിലും മുൻവിധിയോടെ ആളുകളെ കണ്ടു ജഡ്ജ്മെന്റ് പാസാക്കുന്നത്. 

പലപ്പോഴും ഒരാൾ എന്ത് എങ്ങനെപറയുന്നു വെന്നതിൽ അധികം ആരുപറഞ്ഞു എന്ന അടിസ്ഥാനത്തിൽ മുൻ വിധിയോടെ വായിക്കുന്നവർ ഒരുപാടുണ്ട്. കേരളത്തിൽ അതു പാർട്ടി ലെൻസു കൊണ്ടോ ജാതി മത ലെൻസുകൊണ്ടോ നോക്കുന്നവർ അനവധിയുണ്ട്.  

പലപ്പോഴും  സാമൂഹിക  മാധ്യമങ്ങളിലോ  മാധ്യമങ്ങളിലോ എഴുതുന്ന ആളുടെ ഇമാജിൻഡ് ഐഡന്റിറ്റിയോ (പാർട്ടി,  ജാതി -മത )കണ്ണട വച്ചു വായിച്ചിട്ടാണ് പ്രതികരിക്കുന്നതും പ്രതികരിക്കത്തതും. അങ്ങനെയുള്ളവർ  പലപ്പോഴും അവർ രാഷ്ട്രീയ  'എതിരാളികൾ 'എന്ന് ഒരാളെ ഫിക്സ് ചെയ്താൽ ഒന്നുകിൽ വായിക്കില്ല. അഥവാ വായിച്ചാലും അതു ഒരിക്കലും അക്നോളെജ് ചെയ്യില്ല. 

വൈവിധ്യ ജീവിത പരിസരം ജീവിത മുൻവിധികളെ മാറ്റും. 

പലരും പല വിധത്തിലാണ് മുൻ വിധികളെ തിരിച്ചറിഞ്ഞു അതു മാറ്റിയെടുക്കുന്നത്. ഒരുപാടു പേർ വായനയിലൂടെയും അതിൽ നിന്നുണ്ടാകുന്ന സ്വതന്ത്ര ചിന്തകളുടെയും അടിസ്ഥാനത്തിൽ പഴയ കണ്ണടകൾ മാറ്റും. മറ്റു ചിലർ അനുഭവങ്ങളുടെ വെളിച്ചത്തിൽ. വേറെ ചിലർ വൈവിധ്യമുള്ള മനുഷ്യരുമായി ഇടപെടുമ്പോൾ.  വേറെ ഒരു മാർഗം യാത്രകളാണ്.ഓരോ മനുഷ്യരും അവരവരുടെ രീതിയിൽ സ്വയം കണ്ടെത്തി മുൻവിധികളെ മാറ്റി പഠിക്കും.  കാരണം അതു ഒരു unlearning ആണ്. 

കേരളത്തിനും ഇന്ത്യക്കും വെളിയിൽ അവരവരുടെ ഭാഷ ജാതി മത പാർട്ടി ഐഡന്റിറ്റികൾക്ക് അപ്പുറം ജീവിച്ചു വൈവിധ്യ ജീവിതങ്ങളിൽ സ്ഥല കാല പരിമിതികൾക്കപ്പുറം ജീവിത വൈവിധ്യ കാഴ്ചപ്പാടുള്ളവർക്ക് ജീവിതവും ആളുകളും എല്ലാം കുറെ കൂടി ഫ്ലൂയിഡ് ആയി ഗ്രേ സോണിൽ കാണുന്നവരും വിവിധ ലെൻസുകൾ നിരന്തരം മാറി ഉപയോഗിച്ചു കാണുന്നവരുമാണ്. അതു കൊണ്ടു തന്നെ ഒരു പാർട്ടി ലെന്സിലൂടെയോ ഒരു ജാതി മത ലെന്സിലൂടെയോ മാത്രം ആളുകളെ കാണുവാൻ പ്രയാസമാണ്. 

എനിക്ക് ഉണ്ടായിരുന്ന മുൻവിധികൾ മാറിയത് യാത്രകളിലൂടെയുണ്ടായി unlearning പ്രക്രിയയിൽ കൂടെയാണ്. 

ഇവിടെ പണ്ട് ശീലിച്ച മുൻവിധികളുടെ പൊള്ളത്തരങ്ങൾ മാറിയത് കേരളത്തിനു വെളിയിൽ ഇൻഡ്യയിൽ ആകമാനം മലയാളികൾ അല്ലാത്ത ആളുകളുടെ കൂടെ ജീവിച്ചപ്പോഴും വിവിധ ഭാഷ ജാതി മത ഗോത്ര സംസ്കാരങ്ങൾ മനസ്സിലാക്കിയപ്പോഴാണ്.

 ഇന്ത്യൻ മുഖ്യ ധാര മധ്യ വർഗ്ഗ മുൻവിധികൾ മാറിയത് രണ്ടു കൊല്ലത്തിൽ കൂടുതൽ നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളെ കണ്ടും കൊണ്ടും അറിഞ്ഞു പഠിച്ചു വിവിധ ഗോത്ര സമൂഹങ്ങളിൽ ജീവിച്ചാണ്. അതു പോലെ മുഖ്യധാര രാഷ്ട്രീയ പാർട്ടികൾകപ്പുറം ഉള്ള സാമൂഹിക അവസ്ഥകൾ മനസ്സിലാക്കിയത് ആദിവാസി സമൂഹങ്ങളിൽ അവരോടു ഒത്തു പ്രവർത്തിച്ചപ്പോഴാണ്. 

ഇരുപത്തി അഞ്ചു കൊല്ലം ലോകത്തു ആകമാനം സഞ്ചരിച്ചു വിവിധ രാജ്യങ്ങളിൽ നിന്നും വിവിധ വംശ, ഭാഷ,  മത സംസ്കാരങ്ങളിൽ നിന്നുള്ളവരുമായി പ്രവർത്തിച്ചപ്പോഴാണ് ഇന്ത്യയിൽ ജനിച്ചു വളർന്നപ്പൊഴുണ്ടായിരുന്ന മുൻ വിധികളുട പൊള്ളത്തരങ്ങൾ മനസ്സിലായത്. ഉദാഹരണത്തിനു പാക്കിസ്ഥാനിൽ ഉള്ള മനിഷ്യരെകുറിച്ചുള്ള തെറ്റിധാരണകളും മുൻ വിധികളും.  അതു പോലെ ഒരു പുരുഷനും സ്ത്രീയും ഒരു മുറിയിലോ ഫ്ലാറ്റിലോ ഒക്കെ ഒരുമിച്ചു കഴിഞ്ഞാൽ സെക്സിനാണ് എന്ന മുൻ വിധിയോടെയുള്ള തെറ്റിധാരണ.. വളരെ അടുത്ത സ്ത്രീ സുഹൃത്തുക്കളുമായി ഏറ്റവും മനോഹരമായ അസെക്ഷുൽ സുഹൃത് ബന്ധം സാധ്യമാകുമെന്ന് തിരിച്ചറിഞ്ഞത് കേരളവും ഇന്ത്യയും വിട്ടു യാത്ര തുടങ്ങിയതിൽ പിന്നെയാണ്. ആളുകളെ ജഡ്ജ് ചെയ്യാതിരിക്കുവാൻ പഠിച്ചതും. 

ഇന്ത്യയിൽ  കേരളത്തിന് അപ്പുറം അഞ്ചു സംസ്ഥാനങ്ങളിൽ ജീവിച്ചപ്പോഴാണ് പല വിധ മനുഷ്യരെയും ഭക്ഷണ രീതികളെയും സംസ്കാരങ്ങളെയും തിരിച്ചറിഞ്ഞത്. ആദ്യമായി പട്ടി ഇറച്ചി ഭക്ഷിച്ചപ്പോൾ ഭക്ഷണത്തെ കുറിച്ച മുൻവിധികൾ പോയി. അതു പോലെ ഭക്ഷണത്തോടും ഭാഷയോടും ഒക്കെയുള്ള മുൻ വിധികൾ.  

 മറ്റു ഭാഷകളിലും വൈവിധ്യ രാജ്യ -ഭാഷ മത സംസ്കാരമുള്ളവരുമായി ഇടപഴകിയപ്പോഴാണ് മൾട്ടി കൽച്ചറിസം എന്താണ് എന്നു അനുഭവിച്ചു തിരിച്ചറിഞ്ഞു. ഞാൻ ജോലി ചെയ്ത പല ഓഫീസുകളിലും ഒരൊറ്റ ഇന്ത്യക്കാരൻപോലും ഇല്ലായിരുന്നു 

അതു കൊണ്ട് ഇപ്പോഴും ആളുകളെ ഒരു ലെൻസിൽ കൂടെ നോക്കാനുള്ള കഴിവ് നഷ്ട്ടപെട്ടു.  നിലപാടുകളെ വിമർശിക്കുമ്പോഴും ആളുകളെ അവരുടെ ചില നിലപാടുകൾക്ക് അപ്പുറം മനസ്സിലാക്കാൻ സാധിക്കും. ഒരു മനുഷ്യരോടും സംവദിക്കുന്നത് പാർട്ടി നോക്കിയോ ജാതി നോക്കിയോ മതം നോക്കിയോ അല്ല. 

ഭാഷക്കും ജാതിക്കും മതത്തിനും ദേശത്തിനും അപ്പുറം  മാനുഷ്യരെ മനുഷ്യരായി മാത്രം കണ്ടു സ്നേഹിക്കാനും ബഹുമാനിക്കുവാനും പഠിച്ചത് നിരന്തര യാത്ര കൊണ്ടാണ്.  യാത്രകൾ ഒരു വലിയ പരിധി വരെ  മുൻവിധികളെ തിരുത്തുവാൻ സഹായിക്കും. അതു കൊണ്ടു നിലപാടുകളിൽ തികച്ചും വ്യത്യസ്ത നിലപാടുള്ളവരെ സ്നേഹിക്കാനും സുഹൃത്തുക്കളാകുവാനും .കഴിയും. 

ഞാൻ പലപ്പോഴും വിമർശിക്കുന്നത് നിലപാടുകളെയാണ്. അല്ലാതെ ആളുകളെയല്ല. അതു കൊണ്ടാണ് എനിക്ക് എല്ലാ പാർട്ടികളിലും അടുത്ത സുഹൃത്തുക്കളുള്ളത്. കാരണം ഞാൻ അവരെ പാർട്ടി ലെന്സിലൂടെയല്ല കാണുന്നത്. സംഘ പരിവാർ രാഷ്ട്രീയ നിലപടുകളെ നിശിതമായി വിമർശിക്കുന്ന എനിക്ക് ബി ജെ പി നേതാക്കളും അനുഭാവികളുമായ  സുഹൃത്തുക്കളുണ്ട്.  കാരണം  അവരെ ആദ്യമായും അന്ത്യമായും മനുഷ്യരെയാണ് കാണുന്നത്. 

ജെ എസ് അടൂർ

പിൻകുറിപ്പ്
വര്ഷങ്ങൾക്ക് മുമ്പ് എഴുതിയത് പോസ്റ്റാൻ മറന്നു പോയത് ശ്രദ്ധയിൽപെട്ടപ്പോൾ പങ്കു വയ്ക്കുന്നു