അധികാരത്തിന്റെ ഭൂമിശാസ്ത്രവും സാമൂഹിക ശാസ്ത്രവും
ഏതൊരു സമൂഹത്തിലേയും രാഷ്ട്രീയ സംസ്കാരത്തിന് അവിടുത്തെ അധികാര ചരിത്രത്തിന്റെ സാമൂഹിക ഘടനയും ഭൂമിശാസ്ത്രവുമായി ബന്ധമുണ്ടെന്നാണ് ലോകത്തിലെ ഏതാണ്ട് എൺപത് രാജ്യങ്ങളിലേ ചരിത്രവും രാഷ്ട്രീയവും സമൂഹവും പഠിച്ചതിൽ നിന്നും മനസ്സിലായത്.
ഉദാഹരണത്തിനു ഏകീകൃത അധികാര സമഗ്രാധിപത്യം നിലനിന്നിരുന്ന പല സമൂഹങ്ങളിലും ഐഡിയൊളജി മാറിവരുമ്പോഴും സമഗ്രധിപത്യ സ്വഭാവമുള്ള നേതാക്കൾക്കും സർക്കാരുകൾക്കും ഒരു തരം സാധുതയുണ്ട്.
ഉദാഹരണമാണ് റഷ്യ. റഷ്യയിൽ സാർ ഭരണകൂടത്തിനും കമ്മ്യൂണിസ്റ് ഭരണകൂടത്തിനും, ഇപ്പോഴുള്ള പുട്ടിന്റെ ഭരണകൂടത്തിനുമുള്ള സമാനത അതിന്റ സമഗ്രധിപത്യ സ്വഭാവമാണ്.
അത്പോലെ ചൈനയുടെ ചരിത്രത്തിൽ കൂടുതൽ ഏകീകൃത ഭരണ സംവിധാനവും ഹാൻ ഭാഷ സംസ്കാര മേൽക്കോയ്‌മയും കാണാം. അത് ഇപ്പോഴുമുണ്ട്.
ഇന്ത്യയുടെ പ്രധാന മുഖ്യധാര സംഘടിത അധികാര സ്വരൂപങ്ങളിൽ കൂടുതൽ സ്ഥാപനവൽക്കരിക്കപ്പെട്ടത് വടക്ക് പടിഞ്ഞാറെ ഇന്ത്യയിൽ ആയിരുന്നു. പഞ്ചാബ് തൊട്ട് ഗുജറാത്ത് വരെയുള്ള പ്രദേശങ്ങളിലായിരുന്നവതു. അതിനു പല ഭൂമിശാസ്ത്രപരമായ കാരണങ്ങളുണ്ട്.
അതിൽ ഒന്ന് മധ്യ ഏഷ്യയിൽ നിന്ന് ഇന്ത്യൻ ഉപഭൂഘണ്ഡത്തിലേക്ക് വന്നത് മിക്കവാറും പഞ്ചാബ് വഴിയാണ്. അത്പോലെ ഗുജറാത്തു -ബോംബെ തീരങ്ങളിലെ തുറമുഖങ്ങളിൽ വ്യപാര ബന്ധങ്ങളിൽ കൂടിയുള്ള സാമ്പത്തിക ശക്തി ശ്രോതസ്സുകളും നാവിക സൈന്യബലവുമതിന് ചില കാരണങ്ങളാണ്
.ബംഗാളിൽ നിന്നുള്ളവർ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ഉണ്ടായിരുന്നു എങ്കിലും ഇന്ത്യൻ നാഷണൽ കൊണ്ഗ്രെസ്സ് തുടങ്ങിയതും വളർന്നതും വടക്ക് പടിഞാറെ ഇന്ത്യയിലാണ്. കോൺഗ്രസ്സിന്റ ദേശീയ നേതാക്കളിൽ പലരും ഈ പ്രദേശങ്ങളിൽ നിന്നാണ് വന്നത് .ഗാന്ധിയും പട്ടേലും നെഹ്‌റുവും, ജിന്നയും.കൽക്കത്ത ആസ്ഥാനമായിരുന്ന ഈസ്റ്റ് ഇന്ത്യ കമ്പിനിയിൽ നിന്നും ബ്രിട്ടീഷ് സാമ്രാജ്യ അധികാരം മാറിയപ്പോൾ അവർ പിടിമുറുക്കിയത് വടക്ക് പടിഞ്ഞാറെ ഇന്ത്യയിലാണ്:
ഡൽഹിയിലും ബോംബെയിലുമാണ്.
സത്യത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ നിന്ന് ബി ജെ പി നേതൃത്വം പിടിച്ചത് വടക്ക് പടിഞ്ഞാറെ ഇന്ത്യൻ സംസ്ഥാനങ്ങൾ പിടിച്ചെടുത്തത് മുതലാണ്. മോഡിയും ഗുജറാത്തിൽ നിന്നാണ്.
വിന്ധ്യ മലനിരകൾക്ക് തെക്കുള്ള സംഘടിത അധികാര ചരിത്രം വടക്ക് പടിഞ്ഞാറേ ഇന്ത്യയിൽ നിന്ന് വ്യത്യസ്തമാണ്. അത് കൊണ്ടു തന്നെയാണ് ദക്ഷിണ ഇന്ത്യയിലെ രാഷ്ട്രീയം എന്നും ഉത്തര ഇന്ത്യയിലെ രാഷ്ട്രീയത്തിൽ നിന്നും വിഭിന്നമായതു . അത്പോലെ കിഴക്കേ ഇന്ത്യയിലെ (ബീഹാർ, ബംഗാൾ, ഒറീസ്സ ) രാഷ്ട്രീയ സംസ്കാരവും വടക്ക് കിഴക്കേ ഇന്ത്യയിലെ ഗോത്ര സംസ്കാര രാഷ്ട്രീയവും വിഭിന്നങ്ങളാണ്.
അധികാര ചരിത്രത്തിൽ ഭൂമിശാസ്ത്രവും ഭാഷ -സാമൂഹിക ചരിത്രവും സമൂഹത്തിൽ നില നിന്നിരുന്ന സംഘടിത അധികാര സ്വഭാവ സ്വരൂപങ്ങളും പ്രസക്തമാണ്.
കേരളത്തിന്റെ ഭൂമിശാസ്ത്രത്തിന്റെ പ്രത്യേകത കൊടുകാടുകൾ നിറഞ്ഞ പശ്ചിമഘട്ടവും അത്പോലെ നീണ്ട കടൽതീരങ്ങളും നദികളും അവയുടെ അഴിമുഖങ്ങളിലുള്ള സ്വാഭാവിക തുറമുഖങ്ങളുമാണ്.
പശ്ചിമഘട്ടത്തിന് അപ്പുറമുള്ള സംഘടിത അധികാര സാമ്രജ്യങ്ങൾക്ക് ഈ പ്രദേശങ്ങൾ അപ്രാപ്യമായിരുന്നു.
കേരളത്തിൽ തീര പ്രദേശത്തുസംഘടിത രാഷ്ട്രീയ അധികാര രക്ഷകർതൃത്തമില്ലാതെ തീര ദേശ വ്യപാര ശ്രിംഘലയിലൂടെ രൂപപെട്ട ബുദ്ധമത സമൂഹങ്ങളും അതുപോലെ വിവിധ ഗോത്ര സമൂഹങ്ങളുമാണ് ഉണ്ടായിരുന്നത്. ഇവിടെയുള്ള പല ദൈവസങ്കൽപ്പങ്ങൾപോലും ഗോത്ര സംസ്കാരങ്ങളിൽ നിന്ന് ഉയർന്നു വന്നതാണ്. ടോട്ടവും ടബുവുമായി ബന്ധപ്പെട്ടത്. കാവിലമ്മയും മലനട അപ്പൂപ്പനും ചാത്തനും എല്ലാം.
കേരളത്തിലെ തനതു ഗോത്ര സംസ്കാരത്തിന്റെ തുടക്കം ഇവിടെയുള്ള ആദിവാസി-ദളിത് സംസ്കാര പ്രാഗ് രൂപങ്ങളാകാനാണിട. കേരളത്തിലെ പ്രദേശീക ദൈവ സങ്കൽപ്പങ്ങളും കാവുകളുമൊക്ക ഗോത്ര സംസ്കാരത്തിന്റെ അടയാളങ്ങളാണ് . അതൊക്ക പിന്നീട് ബ്രാമ്മണവൽക്കരിച്ചു പുതിയ മത സംസ്കാര മേധാവിത്തം വരുന്നത് നൂറ്റാണ്ടുകൾ കഴിഞ്ഞാണ്.
കേരളമെന്ന പ്രദേശമാകെ ഒരിക്കലും ഒരു സംഘടിത അധികാര ശക്തിയൊ ഒരു സാമ്രാജ്യമോ ചക്രവർത്തിയോ
ഉണ്ടായിട്ടില്ല. ഗോത്രമൂപ്പൻമാർ പിന്നീട് നാട്ടു അധികാര സ്വരൂപങ്ങളിൽ അധികം അയൂധബലമോ സാമ്പത്തിക ശക്തിയൊ ഇല്ലാത്ത പാരമ്പര്യ അധികാരികളയായിരുന്നു.
കേരളത്തിൽ പുരാവസ്തു ഗവേഷണണത്തിൽ ആകെ കിട്ടുന്നത് തീരദേശ വ്യാപാരകണ്ണികളും ബാക്കിയുള്ള ഗോത്ര സംസ്കാര അടയാളങ്ങളുമാണ്. വലിയ കൊട്ടാരങ്ങളോ സംഘടിത അധികാരത്തിന്റെ അടയാളങ്ങളോ അഞ്ഞൂറ് കൊല്ലം മുമ്പ്പോലും കാണാൻ സാധിക്കില്ല.
ഇവിടെ ചിന്നി ചിതറി (dispersed power )ഉള്ളത് കൊണ്ടാണ് കൂടുതലും കടൽമാർഗ്ഗമുള്ള വ്യപാരകണ്ണികളിലൂടെ വന്ന സങ്കര(Hybrid )അധികാര സംസ്കാരമാണ് ഈ പ്രദേശത്തു പ്രഭാവം ചിലത്തിയ പ്രധാന ഘടകങ്ങളിലൊന്നു.
കേരളത്തിൽ ബുദ്ധ-ജൈന സമൂഹങ്ങളും, ജൂത -നസ്രാണി-ക്രിസ്ത്യൻ സമൂഹങ്ങളും ചീന ബന്ധവും, അറബ്-മുസ്ലിം സമൂഹങ്ങളുമൊക്കെ ജൈവീക സംസ്കാരങ്ങളായി വളർന്നത് കേരളത്തിൽ വലിയ ആയുധ ബലമുള്ള സാമ്രജ്യങ്ങൾ ഇല്ലായിരുന്നു എന്നത് കൊണ്ടു കൂടിയാണ്. അതു കൊണ്ടു കൂടി കേരളത്തിന്റ രാഷ്ട്രീയ ഡെമോഗ്രഫി മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിഭിന്നമാണ്.
കേരളത്തിൽ അധികാര സ്വരൂപങ്ങൾ എല്ലാം പ്രാദേശിക ഗോത്ര സ്വഭാവുമുള്ള ചെറിയ ഭൂപ്രദേശത്തു ഒതുങ്ങിയ നാട്ടു പ്രമാണിമാരായിരുന്നു.
സംഘടിത അധികാര രൂപമാവാൻ ശ്രമിച്ചു പോർട്ട്ഗീസ്കാർക്കോ ഡച്ചുകാർക്കോ കേരളത്തിലാകമാനം അധികാരം ഉറപ്പിക്കുവാൻ സാധിച്ചില്ല.
പതിനെട്ടാം നൂറ്റാണ്ടിൽ തെക്ക് ഒരു ചെറിയ നാട്ടു പ്രദേശത്തു നിന്നുയർന്നു വന്ന മാർത്താണ്ട വർമ്മയാണ് ചില കൊച്ചു പ്രദേശങ്ങളിലെ നാട്ടു മൂപ്പന്മാരെ പിടിച്ചു അടക്കി, തെക്ക് തിരുവിതാംകൂർ എന്ന നാട്ടു രാജ്യം സ്ഥാപിച്ചത്.അതിലും ഡച്ചുകരുമായി 1841 ഇൽ തീര ദേശവാസികളുടെയും -മത്സ്യ തൊഴിലാളികളുടെ സഹായത്തിൽ കുളച്ചിൽ യുദ്ധ വിജയത്തിന് ശേഷം കൂടെ കൂടിയ ഡച്ചു ക്യാപ്റ്റൻ ഡിലിനോയ്ക്ക് ഒരു പ്രധാന പങ്കുണ്ടായിരുന്നു. തിരുവനന്തപുരം അസ്ഥാനമാക്കിയ തിരുവിതാംകൂറിനു പോലും 200(1750 -1949) കൊല്ലത്തെ ചരിത്രമെയുള്ളൂ. അതിൽ തന്നെ 1810 മുതൽ ബ്രിട്ടീഷ് അധീനതയിൽ കഴിഞ്ഞ പ്രദേശം.
കേരളത്തിൽ കോഴിക്കോടിനോ, കൊച്ചിക്കോ, കൊല്ലത്തിനോ ഉള്ള അത്രയും രാഷ്ട്രീയ ചരിത്രമൊ പഴക്കമോ തിരുവനന്തപുരത്തിനില്ല. ഇരുനൂറ് വർഷത്തിനുള്ളിൽ അധികാര ചരിത്രവും ബ്രിട്ടീഷ് സ്വാധീനം കൊണ്ടും അധികാര സ്വരൂപങ്ങൾക്ക് ചുറ്റുമുള്ള നാട്ടു പ്രദേശ നാഗരികതയായി വളർന്നതാണ് തിരുവനന്തപുരം. അവിടെ തന്നെ ഒരു അധികാര സംവിധാനമുണ്ടായത് ദിവാൻ ജോൺ മൺറോയുടെ കാലം തൊട്ടാണ്. അധികാര ഗുമസ്ത സംസ്കാരത്തിന് അനുബന്ധമായി വളർന്നു വന്ന അധികാര ആശ്രിത ഗുണഭോക്ത സാമൂഹിക മനസ്ഥിതിയും അന്നന്നു ഭരിക്കുന്നവരോടുള്ള രാജഭക്തിയും തിരുവനന്തപുരത്തു ഇന്നും പലതലത്തിൽ വർത്തിക്കുന്നുണ്ട്.
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ ഭരണ അടിസ്ഥാന സൗകര്യങ്ങൾ താരതമ്യേന കൂടിയത് കൊണ്ടാണ് തിരുവനന്തപുരം തലസ്ഥാനമായാത്. അല്ലെങ്കിൽ ഭൂമിശാസ്ത്രപരമായി കൊച്ചിയായിരുന്നു സൗകര്യം.
പറഞ്ഞു വന്നത് അധികാര ചരിത്രങ്ങളുടെ ഭൂമി ശാസ്ത്രവും രാഷ്ട്രീയ സാമൂഹിക സംസ്കാരവുമാണ്.
കേരളത്തിൽ ഇപ്പോഴും രാഷ്ട്രീയ ചേരുവകളും മുന്നണിയും ഇങ്ങനെ ആയിരിക്കുന്നത് എന്താണ്?
കേരളത്തിൽ ഒരൊറ്റ രാഷ്ട്രീയപാർട്ടിക്കൊ നേതാവിനോ ഒറ്റക്ക് ഭരിക്കാൻ സാധിക്കില്ല. അതിനു ഒരു കാരണം കമ്മ്യുണിസവും കോൺഗ്രസ്സും അടക്കമുള്ള ഐഡിയൊളെജി പഴയ അസംഘടിത ഗോത്ര -നാട്ടു അധികാര ചരിത്രത്തിന്റെ മുകളിൽ വിരിച്ച പുതപ്പാണ്.
കേരളത്തിലെ പല രാഷ്ട്രീയ നേതാക്കൾക്കും ഇപ്പോഴും ഒരു ഗോത്രമുപ്പൻമാരുടെ അധികാര ഡി എൻ എ യുണ്ട്.
കേരളകോൺഗ്രസ്സിൽപോലുമുള്ള അടിപിടിക്ക് ഒരു ഗോത്ര സ്വഭാവമുണ്ട്. അത് കൊണ്ടാണ് ഒരൊറ്റ എം എൽ എ പാർട്ടിയും ഒരൊറ്റയാൾ പാർട്ടിയും കേരളത്തിൽ ഇപ്പോഴും പിടിച്ചു നിൽക്കുന്നത്. പൂഞ്ഞാറിൽ പോലും പലപ്പോഴും ഒരു ഗോത്ര മൂപ്പന്റ സ്വരം കേൾക്കാം.
അത് മാത്രം അല്ല കേരളത്തിൽ ആദ്യമുണ്ടായ സംഘടിത രാഷ്ട്രീയ ആവശ്യം പത്തൊമ്പതാം നൂറ്റാണ്ടിന്റ അവസാനത്തിലെ മലയാളി മെമ്മോറിയലും അത് കഴിഞ്ഞുള്ള ഈഴവ മെമ്മോറിയാലുമാണ്. രണ്ടു തിരുവനന്തപുരത്തു.1860മുതൽ ലഭ്യമായ വിദ്യാഭ്യാസത്തിന്റെ ഗുണഭോക്താക്കൾക്ക് തൊഴിൽ ഇല്ലാത്ത ഒരവസ്ഥയിലാണ് അത് ഉണ്ടായത്. അത് നടത്തിയത് രാഷ്ട്രീയപാർട്ടികൾ അല്ല. അതിന്റ പിന്നിൽ സമുദായ സത്വവിചാരങ്ങളാണ് ഉണ്ടായിരുന്നത്.
കേരളത്തിൽ ആധുനിക ഭാഷക്കും വിദ്യാഭ്യാസത്തിനും പാഠപുസ്തകങ്ങൾക്കും പത്രപ്രവർത്തനങ്ങൾക്കും നാന്ദിയായി ' നവോത്ഥാനത്തിനു ' വഴിയൊരുക്കിയത് എൽ എം എസ്, ബേസൽ, സി എം എസ് മീഷ നുകളിൽ കേരളത്തിലെ വിവിധ ഇടങ്ങളിൽ പ്രവർത്തിച്ച മിഷനറിമാരാണ്. അവരുടെ ഭാഷ, വിദ്യാഭ്യാസ, ആരോഗ്യ പ്രവർത്തനങ്ങളാണ് കേരളത്തിലെ സാമൂഹിക പരിവർത്തനത്തിനും ' 'നവോത്ഥാനത്തിനും' വഴിയൊരുക്കിയത്.
അതിൽ നിന്നുള്ളവായ സംഘടന രൂപങ്ങളാണ് പിന്നീട് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദിശകങ്ങളിൽ സമുദായ സ്വത സംഘടനകൾക്ക് വഴി തെളിച്ചത്.
കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യവൽക്കരണവും ആധുനിക സാമൂഹിക സമവായങ്ങളും തുടങ്ങിയത് സമുദായിക സംഘടനകളിൽ കൂടിയാണ്. അതിൽപോലും ഗോത്ര അധികാര സ്വഭാവത്തിന്റെ ഒരു ഡി ൻ എ കാണാം.
കേരളത്തിൽ ആധുനിക ജനായത്ത കക്ഷി രാഷ്ട്രീയമുണ്ടായി വളർന്നത് 1930 കൾ മുതൽ 1950വരെയുള്ള ഇരുപത് വർഷങ്ങളിലാണ്. അതിൽ തന്നെ 1930കളിൽ കക്ഷി രാഷ്ട്രീയത്തിനു പിന്നിൽ സമുദായ സംഘടന സ്വത ബോധങ്ങൾ വർത്തിച്ചിരുന്നു.
ഇപ്പോഴും കേരളത്തിലെ കക്ഷി രാഷ്ട്രീയത്തിന് തൊട്ട് താഴെ സമുദായ സ്വതബോധ വ്യവഹാരം സജീവമാണ്. കേരളത്തിൽ ജനായത്ത കക്ഷി രാഷ്ട്രീയ മതേതര രാഷ്ട്രീയ(secular politics )വ്യവഹാരത്തിന് തൊട്ട് താഴെ സമുദായ സ്വത്വ ബോധങ്ങൾ (sectarianism )സജിവമായി കക്ഷി രാഷ്ട്രീയത്തിലും അതിനു വെളിയിലും വർത്തിക്കുന്നുണ്ട്. അങ്ങനെയുള്ള സമുദായ സ്വത്വ ബോധങ്ങളിൽ ഒരു ഗോത്ര സാമൂഹികതയുണ്ട്. ഇപ്പോഴും സമുദായ സ്വത്വ പരിഗണനകൾ സീറ്റ്കൾ തീരുമാനിക്കുന്നതിലും തിരെഞ്ഞെടുപ്പ് പരിഗണനയിലും പ്രധാന ഘടകമാണ്.
കേരളത്തിളുള്ള മുന്നണി സംവിധാനങ്ങൾക്ക് പുറകിൽ പ്രാദേശിക ഗോത്ര സ്വരൂപ മനസ്ഥിതികൾ പല തലത്തിൽ വർത്തിക്കുന്നുണ്ട്.
അത് കൊണ്ടു തന്നെ ഒരൊറ്റ നേതാവിന്റ ബിംബവൽക്കരണം ഒരു പരിധിയിൽ കവിഞ്ഞു കേരളമോട്ടാകെ അംഗീകരിച്ച ചരിത്രം ഇല്ല. അത് മാത്രം അല്ല കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക സംസ്കാരം തിരുവിതാംകൂർ പ്രദേശത്തും, മധ്യകേരളത്തിലും മലബാർ പ്രദേശത്തും ഒപോലെയല്ല. മലബാറിൽ തന്നെ കണ്ണൂർ, കാസർഗോഡ് രാഷ്ട്രീയ സാമൂഹിക അവസ്ഥ വ്യത്യസ്തമാണ്.
കേരളത്തിൽ ബി ജെ പി യടക്കം ഒരു പാർട്ടിക്കും ഒറ്റക്ക് 20% ത്തിൽ അധികം പോലും വോട്ടു കിട്ടാൻ പ്രയാസമാണ്. കേരളത്തിൽ ഏറ്റവും വലിയ പാർട്ടിക്ക് പോലും ഒറ്റക്ക് 20% ത്തിൽ അധികം കിട്ടാൻ പ്രയാസമാണ്. അത് കൊണ്ടു തന്നെ കേരളത്തിന്റെ രാഷ്ട്രീയ ഭൂമി ശാസ്ത്രപരമായും സാമൂഹിക സംസ്കാരവുമനുസരിച്ചു ഒരൊറ്റ പാർട്ടിക്കൊ നേതാവിനോ കേരളത്തിൽ ആകമാനം സാധുത/പിന്തുണ കിട്ടുവാനുള്ള സാധ്യത കുറവാണ്
കാരണം കേരളത്തിന്റെ പ്രത്യേക സാമൂഹിക രാഷ്ട്രീയപരിസ്ഥിതിയിൽ അധികാരം പലയിടത്തായാണ് വ്യവഹരിച്ചു വിന്യസിക്കുന്നത് (dispersed power distribution and configuration ). അങ്ങനെയുള്ള രാഷ്ട്രീയ ഭൂമിശാസ്ത്രത്തിലും (political geography ) രാഷ്ട്രീയ സാമൂഹികവൽക്കരണത്തിലും (political socialization ) ഏകശില-ഏകീകൃത അധികാര രാഷ്ട്രീയത്തിനോ വ്യക്തികൾക്കോ ഇടമില്ല.
ജെ എസ് അടൂർ