ആഗോളവൽക്കരിക്കപ്പെട്ട നാട്
ഇന്ന് കേരളം എന്ന പേരിൽ അറിയപ്പെടുന്ന നാട് പണ്ട് പണ്ട് പണ്ടേ ആഗോളവൽക്കരിക്കപ്പെട്ടതാണ് .
ആഗോളവൽക്കരണം എന്നു കേട്ട് പഴകിയ പദത്തിനും ഒരു മറു പുറമുണ്ട് . നമ്മൾ കേട്ടു പഴകിയത് ആഗോള മുതലാളിത്ത കുത്തകകളെ കുറിച്ചാണ് . ഞാനും അതിനെ കുറിച്ച് ഘോര ഘോരം എഴുതിയിട്ടുണ്ട് .
ഇത് വേറൊരു സൂത്രമാണ് . മനുഷ്യരും ഭാഷകളും ഭക്ഷണവും ഉടയാടകളും പല ചേരുവകൾ പല കടലും മലകളും മരുഭൂമികളും താണ്ടി കൂടിക്കലർന്നാണ് ഈ പരുവത്തിൽ ആയത് .
ഈ നാട്ടിൽ അങ്ങനെ കടലും രാജ്യങ്ങളും മരുഭൂമികളും താണ്ടി 2500 കൊല്ലത്തിനികം കൂടി ചേർന്നാണ് ഇത് പോലെ ആയത് . തനതായ മലയാള സംസ്ക്കാരം എന്ന് നമ്മൾ ഊറ്റം കൊള്ളൂമെങ്കിലും നമ്മുടെ ഭാഷയും ഭക്ഷണവും എല്ലാം എല്ലാം പലകാലങ്ങളിൽ നിന്ന് പല ചേരുവകൾ ചേർന്ന് ആഗോള അവിയലാണ്. ഇത് മിക്കയിടങ്ങളിലും പല രീതിയിലും കാല കാലങ്ങളിൽ നടക്കുന്നതുമാണ് . കേരളത്തിൽ മാത്രമല്ല . കാലം മാറുമ്പോൾ കോലം മാറാത്ത മനുഷ്യരുണ്ടോ ? അതവരുടെ കുഴപ്പമല്ല .
എന്തായാലും ഇരുപത്തിയഞ്ച് കൊല്ലം മുന്നേ കേരളത്തിലെ മുക്കിലും മൂലയിലും പ്രിയ സഖാക്കൾ ആഗോളവൽക്കാരണതിനെതിരെയും അമേരിക്കൻ സാമ്രാജ്യത്തെയുമൊക്കെ എതിർത്തു മൈക്ക് സ്ടാന്റിന്റെ കഴുത്തിൽ പിടിച്ചുനിന്നു ഘോര ഘോരം പ്രസംഗിക്കുമായിരുന്നു. ഇപ്പോഴത് അത്ര കേൾക്കാനില്ല.
അതിന്റെ കാര്യം എന്താണെന്നു ഞാൻ രഹസ്യമായി ഒരു പ്രിയ സഖാവിനോട് ചോദിച്ചു. " പിള്ളേര് മൂന്നും അമേരിക്കയിലെ നല്ല മൾട്ടി നാഷണൽ കമ്പിനികളിൽ, പിന്നെ ഞാനിപ്പോ പകുതി സമയം അവിടയ. ബേബി സിറ്റിങ്ങാണ് പണി. നേതാക്കളുടെ മക്കളെല്ലാം വിദേശത്ത് സുഖമായി കഴിയുന്നു.
നേതാക്കൾ എല്ലാം ചികിത്സക്ക് പോകുന്നത് അമേരിക്കയിൽ. പിന്നെ എങ്ങനെ ആഗോളവൽക്കരണത്തിന് എതിരെ പ്രസംഗിക്കും സഖാവേ ?
ഇതും ആരുടെടെയും കുറ്റമല്ല. മുപ്പത് കൊല്ലത്തിന് മുമ്പുള്ള നാടും നാട്ടുകാരും നാട്ടുമ്പുറവും നേതാക്കളും മക്കളും പാർട്ടികൾ ഒന്നുമല്ല ഇന്നുള്ളത്.
നമ്മളുടെ പൂർവികർ കാക്ക തൊള്ളായിരം വര്ഷങ്ങക്കു മുന്നേ വേറൊരു വിധത്തിൽ ആഗോളവൾക്കരിക്കപ്പെട്ട മഹാന്മാരും മഹതികളുമാണ്
ലോക ചരിത്രത്തിന്റ ഒരു പ്രധാന അധ്യായം തുടങ്ങിയത് നമ്മുടെ കോഴിക്കോട്ടെ കാപ്പാട് തീരത്തു നിന്നാണ് . നമ്മുടെ കുരുമുളക് ലോകമൊട്ടുക്കുപോയി ആഗോളവൽക്കരിക്കപ്പെട്ടു.
പണ്ട് മൊറോക്കയിൽ നിന്ന് കറങ്ങി തിരിഞ്ഞു കോഴിക്കോട്ടും കൊല്ലത്തുമൊക്കെയെത്തി ചൈനക്ക് കപ്പൽ കയറിയ ഇബനു ബത്തൂത്ത എന്ന ചെങ്ങായി എഴുതിയത് കുറിപ്പുകൾ വായിച്ചാണ് പണ്ട് കാലത്തു ഈടെ കോണകം എന്ന മാന്യ വസ്ത്രം തരിച്ച മാന്യ ജനങ്ങളെകുറിച്ചും അന്നത്തെ കേരളത്തെ കുറിച്ചറിയുന്നത്
ഇപ്പോൾ കേരളത്തിലുള്ള കപ്പേം ചെനേം റബ്ബറും ഒക്കെ ആമസോണിൽ നിന്ന് ലിസ്ബൻ വഴി കപ്പലിറങ്ങിയതാണ്. പറങ്കി അണ്ടിയും പറങ്ങിപുണ്ണും കപ്പലും കൊച്ചീൽ കപ്പലിറങ്ങി.
ചൈനക്കാർ കൊല്ലത്തു കപ്പലടുപ്പിച്ചു കച്ചോടം ചെയ്തില്ലയിരുവെങ്കിൽ നമുക്ക് കൊഴുക്കട്ടയും, ഇടി അപ്പവും മുറുക്കും അച്ചപ്പവും പിന്നെ ചീന ചട്ടിയും ചീന ഭരണിയും ചീന വലയും ചിന്ന കടയുമുണ്ടാകില്ലയിരുന്നു. കൊല്ലത്തുള്ള പലർക്കും ഇപ്പോഴും ഒരു ചിന്ന ചൈനീസ് ലൂക്കുള്ളത് ശ്രദ്ധിച്ചിട്ടുണ്ടോ?
കേരളത്തിന്റെ തനതായെന്നു നമ്മൾ കരുതുന്ന നാലു കെട്ടും കെട്ടിട നിർമ്മാണ കലയും ചൈനയിൽ നിന്ന് ഇവിടെ കുടിയേറിയതാണ്. കഞ്ഞിയും പിഞ്ഞാണവും ചൈനയിൽ നിന്ന് നാം കടം കൊണ്ടതാണ്. അപ്പവും സ്‌റ്റുവും പൂ കേക്കും പോര്ടുഗീസുകാർ തന്നതാണ്. തെങ്ങു കൃഷി ഇവിടുണ്ടായത് ഡച്ചുകാർ വന്നിട്ടാണ്. റബ്ബർ മലേഷ്യയിൽ നിന്നും മുണ്ടക്കയത് കൊണ്ട് വന്നു സായിപ്പു കൃഷി ചെയ്തു തുടങ്ങിയതാണ്.
ഇവിടെ പള്ളീം അമ്പലോം ഒക്കെ പല നാട്ടിൽ നിന്ന് വന്നതാണ്. ജനലും മേശയും കസേരയുമൊക്കെ നാം പോർത്തുഗീസ് ഭാഷയിൽ നിന്നും കടമെടുത്തതാണ്. കക്കൂസ് ഡച്ചു ഭാഷയിൽ നിന്നും. ബൂര്ഷ ജർമനിയിൽ നീന്നും. മാർക്സമ്മാവൻ ലണ്ടനിൽ നിന്നും.
എന്തിന് അധികം പറയുന്നു നമ്മുടെ ജീൻ പൂൾ പോലും യമനിൽ നിന്നും ജോർഡാനിൽ നിന്നും ഈജിപ്തിൽ നിന്നും ലബന നിൽ നിന്നും ചൈനയിൽ നിന്നും യൂറോപ്പിൽ നിന്നുമൊക്കെ കച്ചോടം വഴി പല പരിപാടിയിൽ കൂടി ഇവിടെകൂടിയതാണ്.
ഞാനീ എഴുതുന്ന മലയാള ഭാഷ രണ്ടായിരമാണ്ടുണ്ടായിരുന്നുവെന്നു പുളൂ അടിച്ചു നാം ശ്രേഷ്ഠ ഭാഷ പദവി ഒക്കെ സഘടിപ്പിച്ചെങ്കിലും ഗുണ്ടർട്ട് സായിപ്പും ബെയിലി സായിപ്പോമൊക്കെ ഇല്ലാരുന്നേൽ മലയാളം നമ്മളെഴുതുന്നതും പറയുന്നതും ഇങ്ങനെ ആയിരിക്കില്ല.
തിരുവന്തപുരത്തു മര്യാദക്കൊരു പൊതു കെട്ടിടം ഉണ്ടങ്കിൽ അത് സായിപ്പ് പണിഞ്ഞതാണ്. ബാർട്ടൻ സായിപ്പിന്റെ മഹ്വതം അറിയണമെങ്കിൽ 1869 ഇൽ പണിത നമ്മുടെ സെക്രട്ടറിയേറ്റ് മന്ദിരവും ഇന്നാളിൽ പണി കഴിപ്പിച്ച നിയമ സഭാ മന്ദിരവും ഒന്ന് തൂക്കി നോക്ക്.
കഴിഞ്ഞ പത്തൺപത്കൊല്ലമായി നമ്മൾ സിലോണിലും സിംഗപ്പൂരിലും ബർമേലും ബോർണിയോയിലും എത്യോപ്പിയായിലും ടാൻസാനിയായിലും ജർമനിയിലും ജനീവയിലും പേർഷ്യയിലും പിന്നെ കൂട്ടത്തോടെ ഗൾഫ് നാടുകളിലും അമേരിക്ക കാനഡ യു കെ ആസ്‌ട്രേലിയ വഴി ലോകമെമ്പാടും പെറ്റു പെരുകി. ഇന്ത്യയിൽ ഏറ്റവും ആഗോളവൽക്കരിക്കപ്പെട്ട സമൂഹം നമ്മളാണെന്നുള്ളതിൽ തർക്കമില്ല.
നമ്മൾ അടിമുടി ആഗോളവൽക്കരിക്കപ്പെട്ട ആഗോളവളക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന സമൂഹമാണ്. കുമ്പനാട് ഒരു കിലോമീറ്ററിനുള്ളിൽ ഒരു ഇരുപതു ബാങ്കുകൾ കാണും.
ഏതു ദുനിയാവിൽ ചെന്നാലും എനിക്ക് മുമ്പേ എത്തിയ ഒരു മലയാളി കാണും.ആമസോൺ കാടുകളും സംസ്കാരവും കാത്തു സൂക്ഷിക്കാൻ പണിപ്പെടിന്ന പാലക്കാരനായ എന്റെ കൂട്ടുകാരൻ ഷാജി യെ പരിചയപ്പെട്ടത് ബ്രസീലിലെ ബെലേം നഗരത്തിലെ യൂണിവേഴ്‌സിറ്റി ഭക്ഷണ ശാലയിൽ വച്ചാണ്. നോർവേയുടെ ഏറ്റവും അങ്ങേയറ്റം നോർത് പൊളിനടുത്തെ പ്രശസ്ത ഡന്റിസ്റ്റ് ഉതിമൂടുകരനായ എൻെറ കൂട്ടുകാരൻ സജിയാണ്. കിഗാലിയിലെ വലിയ റെസ്റ്റോറന്റിൽ ആഫ്രിക്കൻ ഭക്ഷണം ഉണ്ടാക്കിയത് കൊച്ചീക്കാരൻ സന്തോഷ്. ഏതന്സിലെ ചൈനീസ് റസ്റ്റോറന്റിൽ ഭക്ഷണം വിളമ്പിയത് കിളിമാനൂർക്കാരൻ റഷീദ്.
അങ്ങനെയാണ് ഞാൻ ചെങ്ങന്നൂരിൽ നിന്നും ജയന്തി ജനതയിൽ കയറി ആഗോള പൗരനായ ഒരു നാടോടി ആയതു. നമ്മുക്ക് കേന്ടക്കി ഫ്രയിട് ചിക്കനൊക്കെ ലുലുമാളിരുന്നു അടിച്ചുകൊണ്ടു വീണ്ടും ആഗോളവൽക്കരണത്തിനെതിരെ ആത്മ രോക്ഷം കൊള്ളാം.
ജെ എസ് അടൂർ