കളിമൺ കാലുള്ള വിചിത്രരായ മഹാന്മാർ
സമൂഹവും ചരിത്രവും മഹാൻമാരക്കുന്നു പല മനുഷ്യരുടെയും വ്യക്തി ജീവിതം അടുത്തു നോക്കിയാൽ അവർ കുറ്റങ്ങളും കുറവുകളും വിചിത്ര സ്വഭാവങ്ങളും മുൻവിധികളും പിടിവാശികളും അഹങ്കാരങ്ങളുമൊക്കെയുള്ള വെറും മനുഷ്യരാണെന്നു മനസ്സിലാകും.
അതേ സമയം അവർ എഴുതിയ പുസ്തകങ്ങളും അവർ ചെയത അസാമാന്യ പ്രവർത്തികളും ജീവിതത്തിന്റെ ഒരു സമയത്തു അവർ കാണിച്ചു നിസ്തുല ധൈര്യവും നമ്മെ പ്രചോദിപ്പിച്ചു കൊണ്ടിരിക്കും. കാലക്രമത്തിൽ അവരുടെ പ്രകാശം പരത്തുന്ന ചെയ്തികൾ അവരുടെ ഉള്ളിലെ ഇരുട്ടിനെ മറച്ചു, അവർ ചരിത്രത്തിൽ മഹാന്മാരായി വാഴ്ത്തപെടുന്നു. ചിലർക്ക് ദൈവീക പരിവേഷം പോലുമുണ്ടാകുന്നു.
മഹാത്മാ ഗാന്ധിയെന്ന് അറിയപ്പെടുന്ന എം കെ ഗാന്ധി വലിയ ഉൾകാഴ്ചകൾ ഉള്ള മനുഷ്യൻ ആയിരുന്നു. അതേ സമയം മക്കളുടെ അച്ഛൻ എന്ന നിലയിൽ തികഞ്ഞ പരാജയം. പല കാര്യത്തിലും പിടിവാശിക്കാരൻ. എതിർക്കുന്ന പലരെയും കൗശല പൂർവ്വം ഒഴിവാക്കിയാൾ. ഇന്ത്യയിലെ ജാതി വ്യവസ്ഥയെ ന്യായികരിച്ചയാൾ. വയസ്സ്കാലത്തു ബ്രഹ്മചാരി എന്ന് വരുത്താൻ കൊച്ചു പെൺകുട്ടികളുടെ കൂടെപോലും ഉറങ്ങിയയാൾ(ഇന്നായിരുന്നു എങ്കിൽ കേസ് എടുത്തേനേ ). ഇതൊക്കെ ആയിരുന്നു എങ്കിലും എം കെ ഗാന്ധിയെപോലെ ഒരു മഹാത്മാവിനെ ഇരുപതാം നൂറ്റാണ്ടിൽ കാണുക പ്രയാസം.
അത് പോലെ കഴിഞ്ഞ ആഴ്ചയിൽ ശശി തരൂർ എഴുതിയ അംബേദ്കറിന്റെ ജീവചരിത്രം വായിച്ചു. അതിൽ അംബേദ്കർ 57 വയസ്സിൽ തന്നെകാട്ടിൽ വളരെ പ്രായം കുറഞ്ഞ ഡോക്ടറെ വിവാഹം ചെയ്യുന്നത് മുമ്പ് അവരുടെ അമ്മക്ക് എഴുതിയ കത്തിൽ " I am a difficult man to live with " എന്നു തുടങ്ങുന്ന കത്തിൽ സ്വയം വിമർശനങ്ങൾ വിവരിക്കുന്നണ്ട്. അംബേദ്കർ പലപ്പോഴും മൂഡ് സ്വിങ് ഉള്ള മനുഷ്യൻ ആയിരുന്നു. ഔറഗബാദിൽ അന്നത്തെ സിനിമ സെലിബ്രിറ്റിയായിരുന്ന ദിലീപ് കുമാറിനോട് പരുഷമായി സംസാരിച്ചു സാമാന്യ മര്യാദ മറന്നുപോയാൾ. താൻ നേതൃത്വം നൽകിയ ഭരണഘടനയെ അവസാനകാലത്തു രാജ്യസഭയിൽ തള്ളിപറഞ്ഞയാൾ. പലപ്പോഴും ഗാന്ധിയോടുള്ള എതിർപ്പ് കാരണം സംഘ പരിവാറുമായി സഹകരിച്ചു. ജയിക്കാൻ മുസ്ലിം ലീഗ് സഹായം തേടിയയാൾ. തികഞ്ഞ പിടിവാശിക്കാരൻ.പക്ഷെ ഇന്ത്യയുടെചരിത്രത്തിൽ പ്രകാശഗോപുരമായി നിൽക്കുന്നു അംബേദ്കർ.
കഴിഞ്ഞ ആഴ്ചയിൽ റിഫോർമേഷൻ ഡേക്ക് ഞാൻ ഇട്ട പോസ്റ്റിൽ ഒരു പ്രിയ സുഹൃത്തു മാർട്ടിൻ ലൂഥർ എന്ന ചരിത്രം ആഘോഷിക്കുന്ന മഹാൻ എത്ര മാത്രം യഹൂദ വിരുദ്ധനാണ് എന്ന് ഒരു സുഹൃത്ത് പറഞ്ഞു. സത്യമാണ്. അദ്ദേഹതിന്റെ ജീവ ചരിത്രത്തിൽ പല വൈരുധ്യങ്ങളും നിറഞ്ഞ മൂശേട്ടക്കാരാനും യാഥാസ്ഥിതിക ബോധവുമൊക്കെയുള്ള ഒരു മനുഷ്യനെക്കാണാം. അദ്ദേഹം 1515 മുതൽ 1525 വരെയുള്ള കാലത്തു ചെയ്തതതും പിന്നെ 1534 സാധാരണ ജർമ്മൻ ഭാഷയിൽ പരിഭാഷപെടുത്തിയ ബൈബിളുമാണ് അദ്ദേഹത്തെ മഹാനാക്കിയത്. പക്ഷെ അദ്ദേഹതിന്റെ മനസ്സിൽ ഒരുപാട് മുൻവിധികളും മനുഷ്യരെ വെറുപ്പിക്കുന്ന പലതും ഉണ്ടായിരുന്നു. പക്ഷെ ലോക ചരിത്രത്തിൽ മാറ്റങ്ങൾക്ക് വഴിയൊരുക്കിയ ഒരാൾ മാർട്ടിൻ ലൂഥർ തന്നെയാണ്.
കാൾ മാർക്സ് എന്ന മനുഷ്യൻ മുപ്പത് കൊല്ലത്തിൽ കൂടുതൽ വായനമാത്രം ചെയ്തു മൂന്നു പുസ്തകം എഴുതി വിജ്ഞാന വിചാര രാഷ്ട്രീയ ചരിത്രത്തെ സ്വാധീനിച്ചു അനശ്വരനായ ആളാണ്. പക്ഷെ വ്യക്തി ജീവിതത്തിൽ വൃത്തിയും വെടിപ്പും ഇല്ലാത്ത മനുഷ്യൻ. അയാൾ ഒരിക്കൽ സ്നേഹിച്ചു കൂടിയ ജെന്നിയെ അവഗണിച്ച മനുഷ്യൻ. വീട്ടിൽ സഹായത്തിനു നിന്ന സ്ത്രീയെ അവിഹിത വേഴ്ച്ച നടത്തി ഗർഭിണിയാക്കിയിട്ട് അതിന്റ ഉത്തരവാദിത്തം സുഹൃത്തായ എൻഗൽസിന് മേളിൽ ചാർത്തിയയാൾ. അങ്ങനെ വ്യക്തി ജീവിതത്തിൽ പിടിവാശികളും മുൻ വിധികളുമൊക്കെയുള്ള മനുഷ്യന് മറ്റു മനുഷ്യർക്ക് വേണ്ടി അധികം സമയം ഇല്ലായിരുന്നു. ലണ്ടനിൽ അയാൾ ' ഔട്ട് സൈഡർ ആയിരുന്നു 'മരിച്ചപ്പോൾ പോലും വിരലിൽ എണ്ണാവുന്നരെ ഉണ്ടായിരുന്നു. പക്ഷെ പത്തൊമ്പതാം നൂറ്റാണ്ടിലെ ചിന്തകരിൽ ലോകത്തെയും രാഷ്ട്രീയത്തെയും ചരിത്രത്തെയും ചിന്തകളെയും മാർക്സ് സ്വാധീനിച്ചത് പൊലെ ആരും ഇല്ല. മാർക്സ് ചരിത്രത്തിലെ ചിന്ത ഗോപുരമാണ് ഇന്നും.
ഇങ്ങനെ ഒരുപാട് ഉദാഹരണങ്ങൾ ചരിത്രത്തിൽ ഉണ്ട്. ഡോസ്റ്റോയൊവസ്കി, വാൻഗോഗ്, ജോർജ് വാഷിംഗ്ടൻ, നീഷേ,ബർട്രൻറ് റസ്സൽ, മാവോ, സാർത്ര്.. ഫുക്കോ.. ..അങ്ങനെ ഒരുപാട് മഹാന്മാർ...
എസ് കെ പൊറ്റക്കാട് ആഫ്രിക്കൻ യാത്ര വിവരണത്തിനു ഇട്ടപേര് ' കാപ്പിരികളുട നാട്ടിൽ ':എന്നാണ്. അത് പോലെ ജോസഫ് കോൺറാഡിന്റെ ആഫ്രിക്കയെ പ്രശസ്തമായ നോവലിന്റ പേര് ' Heart of Darkness " എന്നാണ്. കാരണം അവരുടെ പല മുൻവിധികളും അവർ ജീവിച്ച സാമൂഹിക /സാംസ്‌കാരിക /രാഷ്ട്രീയ മുൻവിധികൾ കൂടിയാണ്. മാർട്ടിൻ ലൂഥർ എഴുതിയ ജ്യൂസ് ആൻഡ് ദേർ ലൈസ് എന്ന പുസ്തകം റോമാ സാമ്രാജ്യം മുതൽ ജൂതർക്കെതീരെ നില നിന്നിരുന്ന സാമൂഹിക മുൻവിധിയിൽ വളർന്നത് കൊണ്ട് കൂടിയാണ്.
സൽഗുണ സമ്പൂർണരായ മനുഷ്യരെ ചരിത്രത്തിലും സമൂഹത്തിലും കാണാൻ വലിയ പ്രയാസമാണ്.
ഒരു മനുഷ്യനും സ്വന്തം നാട്ടിൽ പ്രവാചകൻ ആകാൻ സാധിക്കാത്തതിന്റെ ഒരു കാരണം അവരുടെ വ്യക്തി ജീവിതത്തിലെ പല പ്രശ്നങ്ങളും അടുത്തു അറിയാവുന്നവർ കൂടുതൽ ഉണ്ടെന്നാണ്. അവരുടെ കളിമൺകാലുകളെ അടുത്തു അറിയാവുന്നർ കൂടുതൽ ഉള്ളത് കൊണ്ടാണ്.
ചരിത്രത്തിലും സമൂഹത്തിലും ദൂരകാഴ്ചയിൽ മഹാൻമാർ എന്നു തോന്നുന്നു പലരും വെക്തി ജീവിത സൂഷ്മ കാഴ്ചയിൽ വെറും മനുഷ്യരായിരുന്നു.
അവർ വയലിലെ പൂ പോലെ പൂത്തു സൗരഭ്യം പരത്തിയിട്ട് കാറ്റ് അതിൻ മേൽ അടിച്ചപ്പോൾ മാഞ്ഞു പോയ മനുഷ്യർ മാത്രം. മനുഷ്യൻ ഉറച്ചു നിന്നാലും ഒരു ശ്വാസം മാത്രം.
ജെ എസ്