Blog

കേരളം വികസനം എങ്ങനെ ?

കേരളം വികസനം എങ്ങനെ ?

 

കേരളത്തിന്‍റെ വികസനത്തെ കുറിച്ച് സാധാരണ ജനങ്ങളുടെ ഇടയില്‍ ചര്‍ച്ചകള്‍ നടക്കണം. കാരണം എത് വികസനവും മുകളില്‍ നിന്ന് താഴോട്ടല്ല വരണ്ടത് . വികസനം എന്ന് പറയുന്നത് ചില വിദഗ്ധന്‍മാര്‍ അടച്ചിട്ട  ഏ സീ മുറികളില്‍ ഇരുന്നു തീരുമാനിച്ചു താഴോട്ടു ഇറക്കുന്നത് ആകരുത്. കേരളത്തിന്‍റെ പ്രശ്നങ്ങള്‍ എന്തെന്ന് പഞ്ചായത്ത് തലം മുതല്‍  എല്ലാ വിഭാഗമാളുകളുമായി ചര്‍ച്ച നടത്തി എന്തൊക്കെ നല്ല ആശയങ്ങള്‍ വരുന്നു എന്ന് ക്രോടീകരിച്ചു ഒരു ജനകീയ വികസനം കേരളത്തിനാവശ്യമാണ്.

അല്ലാതെ ഭരണപാർട്ടിയും അവരുടെ ശിങ്കിടികളും അതു ഏറ്റു പാടുന്ന കലാൾപ്പാടയും ഏറ്റു പാടിയാൽ അതു വികസനം ആവില്ല. വേണ്ടത് എല്ലാ പാർട്ടിക്കാരെയും എല്ലാജാതി മതസ്ഥരെയും സമൂഹത്തിൽ പാർശ്വവൽക്കരിക്കപെട്ടവരെയും സ്ത്രീകളെ ഒക്കെ ഉൾപ്പെടുത്തിയുള്ള ഇൻഫോമ്ഡ് ചർച്ചകളാണ് .

.അത് പോലെ ഇന്ന് കേരളത്തിലെ സമ്പദ് വ്യവസ്ഥയുടെ നേടും തൂണുകളായ ഗള്‍ഫ് മലയാളികളുടെ ഇടയിലും മറ്റു വിദേശ മലയാളികളുടെ ഇടയിലും തുറന്ന ചര്‍ച്ചകള്‍ നടക്കണം . കേരളത്തിലെ എല്ലാ സംഘടനയില്‍ ഉള്ളവരുമായും ചര്‍ച്ച നടത്തി കേരളത്തിന്‍റെ സാമ്പത്തിക സാമൂഹിക സുസ്തിര വികസനം എങ്ങനെ കൈവരിക്കാം എന്ന കൂട്ടായ ചിന്ത കേരളത്തില്‍ ആവശ്യമാണ്‌ . 
നമ്മുടെ ഭരണ , വിദ്യാഭ്യാസ , ആരോഗ്യ, പരിസ്ഥിതി രംഗങ്ങളില്‍  എല്ലാം കാതലായ മാറ്റങ്ങള്‍ അത്യാവശ്യമാണ് . 

കേരളം ഇന്ന് ഒരു സാമൂഹിക- സാമ്പത്തിക -രാഷ്ട്രീയ മാറ്റത്തിന്‍റെ നടുവിലാണ് .ഇതിനെ മനസ്സിലാക്കി ഭാവി വികസന പാതകള്‍ വെട്ടി തെളിച്ചില്ലെങ്കില്‍ ഇന്നത്തെ രാഷ്ട്രീയ നേതാക്കള്‍ പലരും വര്‍ഷങ്ങള്‍ക്കുള്ളില്‍ അപ്രസകതരാകും .ഇപ്പോള്‍ മിക്ക ഭരണാധികാരികളും 90% ശതമാനം  ഭരണ മെയിന്‍ടനെന്‍സും പത്തു ശതമാനം ചില ടോക്കന്‍ വികസന പ്രോഗ്രമ്മുമാണ് നടത്തുന്നത്. ഇപ്പോഴുള്ള തൊലിപ്പുറ വികസന സമീപങ്ങള്‍ കൊണ്ടൊന്നും കേരളത്തില്‍ വരനിടയുള്ള ഭാവി പ്രതി സന്ധികള്‍ പരിഹരിക്കാന്‍ ആകുമോ എന്ന് സംശയമാണ് .

 എല്ലാവര്‍ക്കും അറിയവുന്നത്  പോലെ കേരളത്തിലെ സാമ്പത്തിക രംഗം ഇന്ന് ഒരു ' ഡരിവട്ടിവ് എക്കോണമി' യാണ് . നമ്മുടെ സംസ്ഥാനത്തിന്‍റെ ആകെ വരൂമാനത്തിന്‍റെ ഏതാണ്ട് മൂന്നില്‍ ഒന്ന് കേരളത്തിനു വെളിയിലുള്ള മലയാളികല്‍ അയക്കുന്ന പണമാണ് . അത് തന്നെയാണ് കേരളത്തിലെ സാമ്പത്തിക വളര്‍ച്ചയുടെ എന്‍ജിന്‍ . ലോകത്ത് എന്ത് സാമ്പത്തിക മാറ്റമോ പ്രതിസന്ധിയോ ഉണ്ടായാല്‍ അത് കേരളത്തെ വല്ലാതെ ബാധിക്കും . കാരണം ഒരു തരത്തില്‍ ഏറ്റവും കൂടുതല്‍ ആഗോളവല്‍ക്കരിക്കപെട്ട സംസ്ഥാനം കേരളമാണ്. അടുത്ത പത്തു കൊല്ലത്തിൽ ഗൾഫിൽ നിന്നുള്ള റെമിറ്റൻസ് കുറയും. യൂറോപ്പിലും അമേരിക്കയിലും ഓസ്‌ട്രെലിയ, ന്യൂസിലാൻഡ് എന്നിവടങ്ങളിൽ കുടുംബമായി കുടിയേറിവർ അവിടെ ചിലവാകും ഇങ്ങോട്ട് പൈസ അയക്കില്ല. 

അത് കൊണ്ട് തന്നെ അടുത്ത 25 കൊല്ലം ലക്ഷ്യമാക്കി കേരളത്തിന്‍റെ സുസ്ഥിര-സാമ്പത്തിക- സാമൂഹിക വികസനത്തിനു നാലോ അഞ്ചു മേഖലെയില്‍ ഫോക്കസ് ചെയ്താല്‍ നന്നായിരിക്കും. 
ഇത് ഒരു സമ്പൂര്‍ണ്ണ വികസന രൂപ രേഖയല്ല. ചര്‍ച്ചക്കും തുടക്കം കുറിക്കാന്‍ ചില കാര്യങ്ങള്‍ താഴെ കൊടുക്കുന്നു .

1) അഗ്രോ പ്രോസിസ്സിംഗ് മേഖല. 
കേരളത്തിലെ പഴ വര്‍ഗങ്ങളെ മാത്രം ഫോക്കസ് ചെയതും , അയല്‍ സംസ്ഥങ്ങളില്‍  നിന്ന് ആവശ്യത്തിനു ഇറക്കു മതി ചെയ്തും. വലിയ ഫാക്ടറികള്‍ ഇല്ലാതെ തന്നെ നെറ്റുവര്‍ക്കട് ക്ലസ്റ്റര്‍  മാതൃകയില്‍ ചെയ്യാവുന്നതാണ്.  ഇവിടുത്തെ ചക്കകും, പേരക്ക, പപ്പായ, കൈത്തചക്ക , ചിക്കൂ, ആതക്ക , വിവിധ ഇനം വഴാപ്പഴങ്ങള്‍ ഏന്നിവക്ക് ഇന്ത്യയിലും പുര്ത്തതും വലിയ മാര്‍ക്കറ്റുല്ലവയാണ് . ഈ മേഘലയില്‍ മാത്രം ഏതാണ്ട് അഞ്ചു ലക്ഷം തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കാം   പക്ഷെ മാര്‍ക്കറ്റിഗും ഗുണമേന്മയും ലോക നിരവാരത്തില്‍ ഉള്ളവ ആയിരിക്കണം. ഒരു 'അമൂല്‍' മാതൃക . ഇതിനു  തായ് ലാന്‍ഡ്‌ , വിയറ്റ്നം എന്നീ രണ്ജ്യങ്ങളില്‍ മാതൃകകള്‍ ഉണ്ട് .

2) റിസര്‍ച്ച് ആന്‍ഡ്‌ ഡവലപ്മെന്റ്റ് : 
കേരളത്തില്‍ അഭ്യസ്ത വിദ്യരായ ഒരു പാടു ആളുകള്‍ ഉണ്ട് . അതു കൊണ്ട് തന്നെ സയന്‍സ്, ടെക്നോളജി , ബയോടെക്, എനര്‍ജി റിസര്‍ച്ച്  മുതലായ രംഗങ്ങളില്‍ കേരളത്തിനു വേണെമെങ്കില്‍ ലോക നിലവാരത്തില്‍ എത്താം . ഇന്ത്യയുടെ തന്നെ ഇപ്പോഴത്തെ ഒരു വലിയ ന്യുനത ജപ്പാനും ചൈനയും , സൌത്ത് കൊറിയയും യായി താരതമ്യ പെടുത്തിയാല്‍ ഇന്ത്യയുടെ ടെക്നോളജി ഡവലപ്മമെന്‍റ് വളരെ പുറകിലാണ്. ഈ രംഗത്ത് കേരളത്തിന് വലിയ സാധ്യതകളുണ്ട് . പക്ഷെ അതിനു ഏറ്റവും ആവശ്യമായ ഘടകം ഉന്നത വിദ്യാഭ്യാസരങ്ങത്തും സയന്‍സ് ടെക്നോളജി രംഗത്തും വലിയ മാറ്റങ്ങള്‍ വരണം. സിങ്ങപ്പുര്‍ ജപ്പാന്‍ സൌത്ത് കൊറിയ എന്നിവിടങ്ങളിലെ യുനിവേര്സിട്ടികളും ഇന്ത്യയിലെയും ലോകത്തെ മികച്ച ഗവേഷണ സ്ഥാപനങ്ങലുടെയും പങ്കാളിത്തതോടു കൂടി വലിയ കുതിച്ചു ചാട്ടം നടത്തണം. ലോകത്തെ ഏറ്റവും നല്ല ഗവേഷകരെയും ഗവേഷണ വിദ്യാര്‍ത്ഥികളെയും ആകര്‍ഷിക്കാന്‍ കഴിയണം . ലോകത്തെ തന്നെ ഏറ്റവും നല്ല  റിസര്‍ച്ച്, ഡവളപ്മെന്റ്റ് ആന്‍ഡ്‌ ടെക്നോളജി ഡസ്ടിനേഷന്‍  ആകുവാന്‍ കേരളത്തിനു കഴിയും  ഈ രംഗത്ത് തന്നെ ഏതാണ്ട് പത്തു ലക്ഷത്തില്‍ അധികം തൊഴില്‍ അവസരങ്ങള്‍ സൃഷ്ട്ടിക്കാന്‍ കഴിയും .

3) കേരളത്തിന്‍റെ പരിസ്ഥിതി യെയും  പ്രകൃതിയെയും വീണ്ടെടുക്കുക .
 ഇതില്‍ ഏറ്റവും പ്രധാനം ജല സ്രോതസ്സ് കളാണ് . കേരളത്തിന്‍റെ ഏറ്റവും വലിയ സമ്പത്ത് കേരളത്തിന്‍റെ പ്രകൃതി സംമ്പത്താണ് എന്ന് മനസ്സിലാക്കുക .ഇപ്പോള്‍ പ്രകൃതിയും പ്രകൃതി സമ്പത്തിനെ നശിപ്പിച്ചുള്ള വികസനമാണ് നടക്കുന്നത് . ഇനിയും പ്രകൃതി സമ്പത്തിനെ  പരിരക്ഷിച്ചും  വളര്തിയുമുള്ള ഒരു വികസനമാണ് നമ്മള്‍ക്ക് അവാശ്യം. ഇതിനോട് ചേര്‍ത്ത് വായിക്കണ്ടാതാണ് മാലിന്യ സംസ്കരണവും നിര്‍മര്‍ജനവും . ടൂറിസത്തെ കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് തന്നെ മാറണം . ഇന്ന് പ്രകൃതിയെ നശിപ്പിച്ചു കൊണ്ടുള്ള മാസ് ടൂറിസം ആണ് നടക്കുന്നത് . കുമരകത്തിന്‍റെയും മൂന്നാറിന്‍റെയും വാഗമണ്ണിന്‍റെയും ഇപ്പോഴത്തെ പരിതാപകരമായ സ്ഥിതി ഇതിനു ഉദാഹരണമാണ് .

4) ഉന്നത വിദ്യാഭാസ രംഗം മുഴുവന്‍ അഴിച്ചു പണിയണം. 

കേരളത്തിനും ഇന്ത്യക്കും പുറത്തുള്ള ഗവേഷകരേയും , വിദ്യാര്തികളെയും ആകര്‍ഷിക്കാന്‍ കേരളത്തിനു കഴിയണം . ഇപ്പോഴത്തെ യുനിവേര്സിട്ടികലുടെ നിലവാരം വച്ചാല്‍ ഇവിടെയുള്ള നല്ല ഗവേഷകരും  വിദ്യാര്തികളും കേരളവും ഇന്‍ഡ്യയും വിട്ടു പോകുന്ന അവസ്ഥയിലാണ് .മേല്‍ വിവരിച്ച മൂന്ന് കാര്യങ്ങള്‍ക്കും  അത്യാവശ്യം ഏറ്റവും മേന്മയുള്ള ഗെവേഷകരും ഗവേഷണവും അത് പോലെ സയന്‍സ്. ടെക്നോളജി മേഖലയിലെ ഏറ്റവും നല്ല മലയാളികളെയും അല്ലാത്തവരെയും കേരളത്തില്‍ കൊണ്ട് വന്നു അവര്‍ക്ക് പ്രവര്‍ത്തിക്കുവാനുള്ള സാഹചര്യം ഉണ്ടാക്കുക എന്നതാണ് . അത് പോലെ അന്താ രാഷ്ട്ര നിലവാരത്തില്‍ ഉള്ള പുതി ഗവേഷണ -ടെക്നോലജി സഹകരണം ഉണ്ടാക്കുക. കേരളത്തില്‍ ഇപ്പോള്‍ 'സര്‍ക്കാര്‍ കാര്യം ' മുറ പോലെ എന്ന തരത്തില്‍ പോകുന്ന 'കേരള സയന്‍സ് ആന്‍ഡ്‌ ടെക്നോളെജി കൌന്‍സില്നെ ലോക നിലവാരത്തില്‍ ഉയര്‍ത്തണം. ആദ്യമായ് ചെയ്യണ്ടത് ഉന്നത വിദ്യഭ്യാസ രംഗത്ത് അന്നന്ന് ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടപെടല്‍ അവ സാനിപ്പിക എന്നതാണ് . ലോക നിലവാരത്തില്‍ ഏറ്റവും ഗുണ മേന്മയുള്ളവരെ മാത്രം തിരെഞെടുക്കുക. അവര്‍ മലയാളികളോ , ഇന്ത്യക്കാരോ ആകണമെന്ന് പോല്ലുമില്ല.

5) കേരളത്തിന്‍റെ ആരോഗ്യ രംഗത്ത് വലിയ ഒരു മാറ്റം
 ഹെല്‍ത്ത്‌ അറ്റ്‌ യുവര്‍ ഡോര്‍ സ്റെപ്പ് എന്ന ഒരു മാറ്റം ആവശ്യമാണ് . ഇപ്പോള്‍ നമുക്ക് ആശ വര്‍ക്കേഴ്സ് എല്ലാം ഉണ്ടെങ്കിലും ഉദ്ദേശിച്ച ഫലം ഉണ്ടോയെന്നു സംശയമാണ്. കേരളത്തില്‍ വരാനിരിക്കുന്ന ഏറ്റവും വലിയ പ്രശ്ങ്ങളില്‍ ഒന്ന് ചെറുപ്പക്കാരുടെ എണ്ണം കുറയുകയും , പ്രായ മായവരുടെ എണ്ണം കൂടുകയം ചെയ്യ്യും എന്നതാണ് . ഇത് ഒരു സാമൂഹിക -സാമ്പത്തിക പ്രശ്നമാണ് . ഇതിനനുസരിച്ച് അര്രോഗ്യ മേഖലയില്‍ മാറ്റം ഉണ്ടാകണം . ഇതിനും തായ് ലാണ്ട് നല്ല മാതൃകള്‍ നല്‍കുന്നുണ്ട് .

ഇതു വളരെ ചുരുക്കത്തില്‍ ഉള്ള ഒരു വിവിരണമാണ് . ഈ പറഞ്ഞ കാര്യങ്ങള്‍ എല്ലാ എപ്പോള്‍ എങ്ങനെ ചെയ്യുമെന്ന് അതിനുള്ള സാമ്പത്തിക സ്രോതസ്സ് എങ്ങനെ ഉണ്ടാക്കെമെന്നും വിവരിക്കണമെങ്കില്‍ ഞാന്‍ ഒരു പുസ്തകം എഴുതേണ്ടി വരും . അടുത്ത പത്തു വര്‍ഷങ്ങള്‍ക്കുള്ളില്‍ നമ്മള്‍ക്ക് കുറഞ്ഞത് അമ്പത് ലക്ഷം തൊഴില്‍ അവസരം ഉണ്ടാക്കാന്‍ കഴിയണം. 

ഇതില്‍ പല കാര്യങ്ങളും ചെയ്യാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട് . പക്ഷെ പ്രശ്നം രണ്ടാണ് . ഒന്ന് സര്‍ക്കാര്‍ കാര്യം മുറ പോലെ നടത്തി നല്ല കാര്യങ്ങള്‍ പോലും ഉദ്ദേശിച്ച ഫലം തരില്ല, രണ്ടു ഭരിക്കുന്ന പാര്‍ട്ടികള്‍ എല്ലാ  രംഗത്തും കഴിവിന് ഉപരിയായി  പാര്‍ട്ടി ശിങ്കിടികളെ തിരുകി കയറ്റുന്ന പ്രവണത .അത് കൊണ്ട് തന്നെ ഇങ്ങനെയുള്ള കാര്യങ്ങള്‍ ഡിസൈന്‍ ചെയ്യുമ്പോള്‍ തന്നെ രാഷ്ട്രീയ കൈ കടത്തലുകള്‍ക്കുള്ള അവസരം ഇല്ലാതാകണം. ഇതിനു നല്ല ഉദാഹരണമാണ്‌ ശ്രീ ചിത്തിര ഇന്സ്ടിട്ടു ഓഫ് മെഡിക്കല്‍ സയന്‍സും ,  സീ ഡീ എസ്സും , കൊച്ചിന്‍  വിമാനത്താവളവും . 

ആദ്യം മാറേണ്ടത് നമ്മുടെ ഓരോരുത്തരുടേയും മനസ്ഥിതിയാണ് , ഉത്തരേത്തെല്‍ ഇരിക്കുനത് വേണം താനും , കക്ഷത്തില്‍ ഇരിക്കുന്നത് പോകാന്‍ പാടില്ല ' എന്ന നിലപാടു മാറണം . പഴയ മനസ്ഥിതി കൊണ്ട് പുതിയ കാലത്തേ നേരിടാന്‍ ആവില്ല.

ജെ എസ്‌

പിൻകുറി : ഇതു 2017  ജൂണിൽ ൽ എഴുതിയത് . നിലപാടിൽ ഇപ്പോഴും മാറ്റം ഇല്ല. ഇത് എഴുതിയത് പ്രമുഖർ പ്രമുഖർക്കു വേണ്ടി തയ്യാറാക്കിയ സിൽവർ ലൈൻ ' വികസന ജ്വരത്തിനു മുൻപാണ്.

ഇവിടെ വേണ്ടത് ശരാശരി 8 ലക്ഷം രൂപയെങ്കിലും വരൂമാനമുള്ള 25 ലക്ഷം പുതിയ തൊഴിൽ അവസരങളാണ്. അതിനു വേണ്ട ദേശീയ വിദേശിയ കമ്പിനികളുടെ പുതിയ ഇൻവെസ്റ്റമെന്റാണ്. എല്ലാം ജില്ലയിലും പ്രൊഫഷണൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്ന ഫ്രീ ഇക്കോണോമിക് സൊനാണ്.പുതിയ സംരഭങ്ങളുടെ മുന്നിൽ കോടി കൊട്ടി തുലക്കുന്ന കലഹരണപെട്ട റെന്റ് സീകിങ്‌ (അഴിമതി എന്ന് പച്ച മലയാളം ) രാഷ്ട്രീയ മനസ്തിയാണ്