അമ്മ... മക്കൾ എത്ര പ്രായമായലും അമ്മക്ക് അവർ കുട്ടികളാണ്.
അമ്മ...
മക്കൾ എത്ര പ്രായമായലും അമ്മക്ക് അവർ കുട്ടികളാണ്.
അമ്മയോടൊപ്പമാകാനാണ് ജോലി രാജിവച്ചു തിരിച്ചു വന്നത്.
അമ്മമാരുടെ സ്നേഹം നിരുപാധികമാണ്, നിർവാജ്യമാണ്.
അമ്മ പോകുമ്പോൾ ജീവിതത്തിലെ ആദ്യ പ്രകാശം പോകും.
ഇനിയും വീട്ടിൽ കാത്തിരിക്കാൻ, യാത്ര ചെയ്യുമ്പോൾ എവിടെ വരെയെത്തി എന്ന് ചോദിക്കാൻ, എത്ര മണിക്ക് എവിടെക്കാണ് പ്ലെയ്ൻ കയറുന്നത് എന്നു ചോദിക്കാൻ, ഇറങ്ങുമ്പോൾ വിളിക്കണം എന്ന് പറയാൻ, ഭക്ഷണം കഴിക്കണം എന്ന് ഉപദേശിക്കാൻ, പ്രാർത്ഥിക്കാം എന്ന് പറയാൻ ഇനി അമ്മയില്ല.
അമ്മ പോകുമ്പോഴാണ് ജീവിതത്തിൽ അനാഥത്വം പതിയെ വരുന്നത്. വീട്ടിൽ ചെന്നു ആദ്യം വിളിക്കുന്നത് ' അമ്മേ ' എന്നാണ്.
ആ വിളി കേട്ട് ചിരിച്ചു കൊണ്ടു വരുന്ന അമ്മയിനിയില്ല എന്നതിനോട് ഇനിയും പൊരുത്തപ്പെട്ടില്ല.
ലോകമാകെ സഞ്ചരിച്ചു പല രാജ്യങ്ങളിൽ പല ഫ്ലാറ്റുകളിൽ താമസിച്ചു എങ്കിലും അമ്മയുള്ളയിടമായിരുന്നു എന്നിക്ക് വീട്. അമ്മ പറഞ്ഞിട്ടാണ് ബോധിഗ്രാം വീടിന് അടുത്താക്കിയത്. നേരത്തെ തമിഴ് നാട് കേരള അതിർത്തിയിൽ തിരുവനന്തപുരത്തിനടുത്തു കാമ്പസ് പണിയാൻ ആയിരുന്നു പ്ലാൻ. ആ പദ്ധതി മാറ്റിയത് അമ്മ കാരണമാണ്.
അമ്മയില്ലാത്ത വീട്ടിൽ ഇനിയും അമ്മയുടെ ഓർമ്മകൾ മാത്രം.
അമ്മ ആദ്യമായി അടിച്ചത് കള്ളം പറഞ്ഞതിനാണ് .പൂവരിശും കമ്പ് വച്ചാണ് അടിച്ചത് എന്ന് നല്ല ഓർമ്മയുണ്ട് . ആദ്യ ബാലപാഠം കള്ളം പറയരുത് .കള്ളം ചെയ്യരുത് . കൈക്കൂലി വാങ്ങരുത് എന്നാണ് . എന്റെ മക്കളോട് അവരുടെ അമ്മയും വളരെ ഗൗരവമായി പറഞ്ഞു കൊടുത്തത് അതാണ് .അത് അവരുടെ അമ്മ നൂറ് പ്രാവശ്യം ആവർത്തിക്കും .
അച്ഛൻ 26 കൊല്ലം മുമ്പ് പോയതിൽ പിന്നെ എപ്പോഴും ഞാൻ എന്ത് ചെയ്യുമ്പോഴും ചിന്തിക്കുന്നത് അച്ഛൻ എന്ത് പറയും എന്നതാണ്.
വന്ന വഴി മറക്കരുത് എന്നും. താണനിലത്തെ നീരോടൂ എന്ന് പറഞ്ഞതും. ജീവിതത്തിൽ ഒരടി ഉയർന്നാൽ രണ്ടു അടി താഴണം എന്ന് പറഞ്ഞു കൊണ്ടെ ഇരുന്നത് അമ്മയാണ്. ആരും കൊടുത്തു മുടിഞ്ഞിട്ടില്ല എന്ന് പറഞ്ഞതും. തല മറന്നു എണ്ണ തേക്കരുത് എന്ന് പറഞ്ഞു തന്നതും അമ്മയാണ്.
വരവറിഞ്ഞു ചിലവു ചെയ്യണം എന്നു ബേസിക് ഇക്കോണോമിക്സ് പഠിപ്പിച്ചത് അമ്മയാണ്.
നാലു വയസ്സ് മുതൽ കേട്ടത് ഒക്കെ മനസ്സിൽ നിന്ന് പെട്ടെന്ന് മാഞ്ഞു പോകില്ല .
സ്വാതന്ത്ര്യം ഇഷ്ട്ടപെട്ട അമ്മ എനിക്ക് ജീവിതമൂല്യങ്ങൾ തന്ന് സ്വതന്ത്രമായി വിട്ടു. ജീവിതത്തിൽ ഇഷ്ട്ടവഴികൾ തിരഞ്ഞെടുത്തപ്പോഴും അമ്മ പഠിപ്പിച്ച മൂല്യങ്ങൾ കൈവിട്ടില്ല. അമ്മയുടെ പ്രാർത്ഥനഎപ്പോഴും ഉണ്ട് എന്നത് എന്ത് ചെയ്യാനും വലിയ ആത്മ ധൈര്യമായിരുന്നു.
പ്രത്യാശയിലാണ് അമ്മ പോയത് .
പഠിപ്പിച്ചതെല്ലാം കാണിച്ചു അമ്മ മനസ്സിലിരുന്നു വഴിപറഞ്ഞു തരും എന്ന പ്രത്യാശയിലാണ് ഇനിയുള്ള ജീവിതം.