ദേശസ്നേഹം മാർകറ്റിങ് പാക്കേജല്ല.
ഓരോ മനുഷ്യനും ജനിക്കുന്നതും ഭാഷകൾ മനസ്സിലാക്കി ഭാഷയിലൂടെയും കാലാവസ്ഥ പരിസ്ഥിതിക്കനുസരിച്ചുള്ള ഭക്ഷണ ശീലമൊക്കെ ജീവിക്കുന്നത് ജീവിതത്തിന്റ് ആകസ്മിതകളിലോന്നാണ്.
നമ്മൾ കണ്ടും കേട്ടും രുചിച്ചും തൊട്ടും അറിഞ്ഞും തിരിച്ചറിഞ്ഞും പഠിച്ചും പഠിപ്പിച്ചുമൊക്കെ ശീലമാക്കിയതിനോടൊക്കെ ഒരു മാനസിക അടുപ്പമുണ്ട്. എനിക്ക് അട പ്രഥമൻ ഇഷ്ട്ടമായതു അടപ്രഥമൻ ലോകത്തിലെ ഏറ്റവും രുചിയുള്ള പായസമായതിനാല്ല. അതു എന്റെ ചെറുപ്രായത്തിലെ ശീലമായതു കൊണ്ടാണ്.
എന്റെ അച്ഛനും അമ്മയും ജനിച്ചത് ഇന്ത്യയിലല്ല. അവർ ജനിച്ചത് തിരുവിതാംകൂർ എന്ന ഒരു ചെറിയ രാജ്യത്താണ്. അന്ന് അവരുടെ രാജ്യസ്നേഹവും ദേശസ്നേഹവുമൊക്കെ തിരുവിതാംകൂർ രാജവിനു സ്തുതിഗീതം പാടി ശീലമായതാണ്. എന്റെ അച്ഛനും അമ്മയും മരിച്ചത് ഇന്ത്യയിലെ ഒരു സംസ്ഥാനമായ കേരളത്തിലും.
എനിക്കു അടപ്രഥമൻ പോലെ ഇഷ്ട്ടമാണ് ദേശീയ ഗാനവും. കാരണം ഇതെല്ലാം നമ്മുടെ ശീലത്തിന്റ ഭാഗമാണ്.
ഒരു നൂറുകൊല്ലം മുമ്പുള്ള രാജ്യങ്ങളും ലോകവുമല്ല ഇന്നുള്ളത്. സോവിയറ്റ് യൂണിയൻ എന്ന ഏറ്റവും വലിയ ശക്തമായ രാജ്യം ഇന്നില്ല. കാരണം അധികാരവും അധികാരികളും വരയ്ക്കുന്ന വരകൾക്കത്തു നിന്നുള്ള ശീലങ്ങളിലും ഭാഷയിലും ഭക്ഷണത്തിലും നിയമ പരിധിയിലുമാണ് മനുഷ്യൻ ജീവിച്ചു ശീലിച്ചു ഇഷ്ടമാകുന്നത്.
അടുത്ത നൂറു വർഷത്തിനുള്ളിൽ വീണ്ടും മനുഷ്യരുടെ അധികാരങ്ങൾ ഭൂമിയിൽ വരച്ച വരകളെല്ലാം വീണ്ടും മാറും. അതാണ് ലോക ചരിത്രത്തിൽ ഉടനീളം കണ്ടത്. ഓട്ടോമൻ സാമ്രാജ്യം ഇന്നില്ല. ഓട്ടോമാൻ വരകൾ മാഞ്ഞു പോയി. സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം ഇന്നില്ല.
ചരിത്രങ്ങൾ എല്ലാം വിചിത്രമാണ്. സത്യത്തിൽ നമ്മൾ ആരും ഒരു മതത്തിലും ഭാഷയിലും രാജ്യത്തും ഒന്നും അല്ല ജനിക്കുന്നത്. നമ്മൾ എല്ലാം ജനിക്കുന്നത് മനുഷ്യരായിട്ട് മാത്രം. പക്ഷെ പേരുടുന്നത് മുതൽ നമ്മെളെ ഭാഷയും മതവും ജാതിയും ഭാഷയും രാജ്യവുമെല്ലാം ആഗീകരിച്ചു നമ്മുടെ ജീവിതത്തിന്റ അതിർ വരമ്പുകൾ നിശ്ചയിക്കുന്നു. നമ്മുടെ ജനനം രെജിസ്റ്റർ ചെയ്യുമ്പോൾ തന്നെ ജീവിതം അടയാളപ്പെടുത്തി നമ്മുടെ സത്വബോധത്തിന്റെ ആദ്യ ആണി അടിക്കുന്നു.
അതു കഴിഞ്ഞു പേര് ഇടീലിൽ പിതൃസത്തയും മത അടയാളവും ഭാഷ സാംസ്‌കാരിക അടയാളവും അധികാരഘടനകൾ എല്ലാം ഭാഷയിലൂടെ തലയിൽ കയറി അടിസ്ഥാന സ്വയബോധവും സത്വ ബോധവുമുണ്ടാക്കുന്നു.
മാമോദീസയും സുന്നത്തും ഉപനയനവും ഗോത്ര പാരമ്പര്യ ചാപ്പകുത്തലിലൂടെ നമ്മുടെ മത ഗോത്ര ചിഹ്നങ്ങൾ പല വിധത്തിൽ നമ്മുടെ ശരീരത്തെ തന്നെ അവരുടെതാക്കുന്നു.
സ്കൂളുകൾ ഇതേ അധികാര ഘടനകളെ ഊട്ടി ഉറപ്പിക്കുന്ന ചിന്ത പദ്ധതിയുടെ അതിർ വരമ്പുകൾ നിശ്ചയിക്കുന്നു. രാജ്യ സ്നേഹം സ്‌കൂളുകളിൽ പഠിപ്പിച്ചു നമ്മൾ പത്തു വയസ്സാകുമ്പോഴേക്ക് എല്ലാവരെയും രാജ്യസ്നേഹികളായി അധികാര സ്വതബോധത്തിന്റെ ഭാഗമാക്കി അതിർ വരമ്പുകൾ മനസ്സിലും ഭൂമിയുടെ അതിരുകളിലും ഉറപ്പിക്കും.
മതങ്ങളും രാജ്യങ്ങളും സർക്കാരുകൾ എല്ലാം നമ്മൾക്ക് സ്വാതന്ത്ര്യവും സുരക്ഷയും സൗകര്യങ്ങളും വാഗ്ദാനം ചെയ്തിട്ട് ഭയപ്പെടുത്തി നമ്മളെ ഭരിക്കും. നമ്മൾ സ്വാതന്ത്ര്യരാണ് എന്ന മിഥ്യബോധമുണ്ടാക്കി നിരന്തരം നമ്മളുടെ സ്വാതന്ത്ര്യത്തിന്റ വരമ്പുകൾക്കുള്ളിൽ ഭയപ്പെടുത്തിയാണ് നമ്മളെ ഭരിക്കുന്നത്. സ്വാതന്ത്ര്യമോഹത്തിൽ ഭയചികിതരായി ജീവിക്കാനാണ് സമൂഹവും മതങ്ങളും രാഷ്ട്രവുമെല്ലാം ഒരു ഗോത്ര ബോധം പോലെ നമ്മെ പരുവപ്പെടുത്തുന്നത്.
ആ ഗോത്ര സ്വത്വ ബോധത്തിന്റെ പരിധി എന്ന കോൺഫെമിസതിന്നു അപ്പുറം ചിന്തിക്കനോ പോകാനോ നമ്മൾൾക്ക് ഭയമാണ്. യഥാർത്ഥത്തിൽ സ്വാതന്ത്ര്യ ദാഹമോഹങ്ങളാണ് മനുഷ്യ വംശത്തിന്റ അടിസ്ഥാന സ്വഭാവം. പക്ഷെ ആ സ്വഭാവം മനുഷ്യൻ നടപ്പാക്കുന്നത് അതിരുകൾ ഇല്ലാത്ത സർഗ്ഗതമക ഭാവനകളിലൂടെയും സ്വപ്നങ്ങളി ലൂടെയും ഭോഗ മോഹ ഫാന്റസികളിലൂടെയുമൊക്കെയാണ്. ഓരോ മനുഷ്യരും നിരന്തരം സ്വാതന്ത്ര്യരാകാൻ ശ്രമിക്കുന്നതും അതിരുകൾകപ്പുറം പോകാൻ ശ്രമിക്കുന്നതും രഹസ്യചിന്തകളിലാണ്. വ്യവസ്ഥാപിത രതിക്രീഡയുടെ വരമ്പുകൾക്ക് അപ്പുറം ഓരോ മനുഷ്യരും രതിയിൽ സ്വതന്ത്രരാകാൻ ശ്രമിക്കുന്നത് രഹസ്യ ഫാന്റസികളിലൂടെയും രഹസ്യ സ്വയം ഭോഗങ്ങളിലൂടെയുമാണ്.
വീടും നാടും രാജ്യവും വിട്ടുള്ള ഓരോ യാത്രകളിലും അതു ഒരു പരിധിവരെ നൽകുന്ന അനോനിമിറ്റിയും ഒരു വലിയ സ്വതന്ത്ര വാഞ്ചയുടെ ഉൽമോഹമാണ്. ജീവിതം യാത്രയും യാത്ര ജീവിതമുമാക്കിയെനിക്ക് ഓരോ യാത്രയും അതിരുകൾകപ്പുറമുള്ള സ്വതന്ത്ര സ്വപ്നാടന ആഘോഷങ്ങളാണ്.
അപ്പോഴാണ് എന്ത് ഭക്ഷിക്കാനും എന്ത് ധരിക്കാനും വീടും നാടും ഭാഷകയും ഭക്ഷണവുമൊക്കെ കല്പ്പിച്ചു തന്ന അതിർ വരമ്പുകൾ കടന്നു പുതിയ ഭൂമിയും പുതിയ ആകാശവും ഒക്കെ കണ്ടു കുറെ നാളുകൾ എങ്കിലും വരമ്പുകൾകപ്പുറത്തെ പുൽമെടുകളിൽ പട്ടണ മോഹങ്ങളിൽ പേരും നാളുമില്ലാതെ കഴിയുന്ന സ്വാതന്ത്ര്യം അനുഭവിക്കുവൻ കഴിയുന്നത്.
ഗോത്രബോധങ്ങളിലാണ് ഞാൻ എന്നതിന് അപ്പുറം നമ്മളാകുന്നത്. അതു ഒരു സെൻസ് ഓഫ് ബൈലോങ്ങിങ്ങാണ്. ആ അടിസ്ഥാന ഗോത്ര ബോധത്തിൽ നിന്നാണ് കുടുംബം വീട് നാട് മരങ്ങളും മണ്ണും മനുഷ്യരുമെല്ലാം നമ്മുടെ ഉള്ളിലെ ഓർമ്മകളുടെ ലോകമാകുന്നത്. ഒരു മനുഷ്യൻന്റ് ലോകം അവനുള്ളിലെ രഹസ്യ ലോകത്തോടൊപ്പം അവനു /അവൾക്ക് ചുറ്റും ശീലിച്ച പ്രകൃതി വിശേഷങ്ങളും അവർ ഓരോരുത്തരും ശീലിച്ച ഭാഷയും ഭക്ഷണവും രുചി മുകുളങ്ങളും വസ്ത്രധാരണ രീതിയും പങ്ക് വയ്ക്കുന്ന മനുഷ്യരാണ്.
നമുക്ക് ചുറ്റുമുള്ള മനുഷ്യരാണ് നമ്മുടെ ലോകം. അവരുടെ ഭാഷയും ഭക്ഷണവും മതവുമെല്ലാം നമ്മൾ ശീലിക്കപെട്ടതും പരിശീലിക്കപെട്ടതുമാണ്. അങ്ങനെ നമ്മളെ പരുവപെടുന്ന ശീലങ്ങൾക്ക് അപ്പുറമുള്ളത് അശ്ലീലമാണ്.
മതങ്ങളും വീടും നാടും എല്ലാം മനുഷ്യന്റ രതിമോഹങ്ങൾക്കും ഭാഷക്കും ഭക്ഷണത്തിനുമൊക്കെ അതിർ വരമ്പുകൾ നിർണായിച്ചു നമ്മളെ ശീലിപ്പിക്കും. അതിന് അപ്പുറം ഉള്ളത് എല്ലാം അരുതാത്ത കനിയാണ്. അശ്ലീലമാണ്. പാപമാണ്. മത നിന്ദയും രാജ്യദ്രോഹവുമാണ്. അങ്ങനെയുള്ള ശീലപരിധിക്കു അപ്പുറമുള്ള അശ്ലീല ലോകം ഓരോ മനുഷ്യന്റ് ഉള്ളിലെ രഹസ്യലോകത്താബ് സംഭവിക്കുന്നത്. പുറലോകത്തെ ശീലങ്ങളെ മനുഷ്യൻ മറികടക്കുന്നത് ഉൾലോകത്തിലെ അശ്ലീലങ്ങളിലൂടെയാണ്.
നമ്മുടെ വീടും നാടും മതവും രാജ്യവുമൊക്ക യഥാർത്ഥത്തിൽ പഴയ ഗോത്ര ബോധത്തിന്റെ പുണരാവിഷ്ക്കാരങ്ങളാണ്. ഒരേ സമയം ആ ഗോത്ര ബോധം സെൻസ് ഓഫ് ബൈലോങ്ങിങ്ങും അതെ സമയം അതു സ്വാതന്ത്ര്യത്തിന്റ അതിർ വരുമ്പുമാണ്. ഒരേ സമയം നമ്മെളെ ആശ്ലേഷിച്ചു നമ്മളാക്കുകയും അതെ സമയം അതു ധൃതരാഷ്ട്ര ആലിംഗനമാക്കി നമ്മെ വരുക്കി മുറുക്കി ഇല്ലായ്മ ചെയ്യുന്നുഎന്നതാണ് എല്ലാം ഗോത്ര ബന്ധ - ബന്ധനങ്ങളുടെ വിരോധാഭാസം. ബന്ധങ്ങൾ ബന്ധനങ്ങളാകുമ്പോഴാണ് മനുഷ്യൻ വീട്ടിൽ നിന്നും നാട്ടിൽ നിന്നും കുതറിയോടാൻ ശ്രമിക്കുന്നത്.
അങ്ങനെ ശ്രമിക്കുന്നവരെ നമ്മൾ ഭ്രാന്തരാക്കും. അതു കൊണ്ടു തന്നെ മിക്കവാറും പേർ ഈ കൂതറിയോട്ടം നടത്തുന്നത് അവരുടെ ഉള്ളിലെ രഹസ്യലോകത്താണ്.
ഓരോ ഗോത്രത്തിനും ഓരോ ടോട്ടവും ടബുമുണ്ട്. ഇന്ത്യ രാജ്യം എന്ന ഗോത്ര ബോധത്തിന്റെ ടോട്ടം പോളാണ് പതാക അതു അടിസ്ഥാന സ്ഥപനമായ വീട്ടിൽ ഉയർത്തി നമ്മൾ ആ ഗോത്ര ടോട്ടം പോളിന്റ ഭാഗമായി നമ്മുടെ ഗോത്രബോധ കൂറ് വെളിപെടുത്തുന്നു.
ഒന്ന് വിചാരിച്ചാൽ ഈ പരിധികളുടെ പരി രക്ഷയും പരീക്ഷകളു കുറ്റവും ശിക്ഷയും പരിധികൾക്കുപരത്തുള്ള നമ്മൾ ശീലിച്ചതും പരിശീലിപ്പിച്ചതിനും അപ്പുറത്തുള്ളയാണ് നാറാണത്ത് ഭ്രാന്തൻ.
ഞാനാണ് നാറാണത്ത് ഭ്രാന്തൻ എന്നുള്ളിൽ കരുതുന്ന മനുഷ്യരുടെ ശീലങ്ങൾകപ്പുറം ഒരാൾ നമ്മുടെ ഉള്ളിൽ ഇരുന്നു നമ്മെ കളിയാക്കി പൊട്ടി ചിരിക്കുന്നുണ്ട്. ഉള്ളിലെ ഭ്രാന്ത് വെളിയിൽ കാണിക്കാതെ നമ്മൾ എല്ലാവരും ചെയ്യുന്നത് പോലെ അഭിനയിച്ചു നോർമലായി ജീവിച്ചു മരിക്കുന്നു.
' നോർമൽ ' ആയി മതത്തിനും സമൂഹത്തിനും അനുരൂപരായി ജീവിച്ചു മരിക്കുമ്പോഴാണ് സംസ്കാരവും ശവ സംസ്കാരവുണ്ടാകുന്നത്.
മരിച്ചു കഴിഞ്ഞാൽ മാത്രം സ്വർഗ്ഗവും പുനർജന്മവുമൊക്കെ വാഗ്ദാനം ചെയ്യുന്ന മതങ്ങളുടെ പേരിൽ മനുഷ്യൻ തമ്മിലടിച്ചു പരസ്പരം കൊന്നു സ്വർഗതിന്നു വേണ്ടി യുദ്ധ ചെയ്യ്തു കൊല്ലുന്നു. രാജ്യത്തിനു വേണ്ടി പഴയ ഗോത്രബോധത്തോടെ യുദ്ധം കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യുന്നു.
കോടി ഉയർത്തി നാം ഗോത്ര ടോട്ടത്തിന്റ ഭാഗമാകുന്നു
അതിന് അപ്പുറം നാറാണത്തു ഭ്രാന്തൻ പൊട്ടി ചിരിക്കുന്നു
ജെ എസ് അടൂർ