Blog

വേട്ടക്കാരായ മനുഷ്യർ

വേട്ടക്കാരായ മനുഷ്യർ

മാനവിക ചരിത്രത്തിൽ വേട്ട എന്ന രൂപകം ഇന്നും നിലനിൽക്കുന്ന ഒന്നാണ്. മനുഷ്യൻ കായിക ബലം കൊണ്ടു വേട്ടയാടി വേട്ട മൃഗത്തിന്റ മാംസം പങ്കിടുമ്പോൾ തൊട്ട് തുടങ്ങിയ സാമൂഹിക പങ്കിടലിൽകൂടിയാണ് മനുഷ്യൻ സാമൂഹിക ജീവിയാകുന്നത്. കൈയൂക്ക് ഉള്ളവർ കാര്യക്കാരൻ എന്ന ഗോത്രയുക്തിയും . ഏറ്റവും നല്ല വേട്ടക്കാരൻ ഗോത്ര നായകരുമാകുന്ന ഗോത്ര ത്വര - ട്രൈബൽ ഇൻസ്റ്റിൻകട് -മനുഷ്യരിൽ നിന്നും ഇത്രയും കാലം കഴിഞ്ഞും മാഞ്ഞു പോയിട്ടുണ്ടോ എന്ന് സംശയമാണ്

'വേട്ട 'ചരിത്രത്തിൽ ഉടനീളമുള്ള ഒരു രൂപകമാണ്. വേട്ടയും യുദ്ധവും ഹിംസയുമെല്ലാം ഇപ്പോഴും മനുഷ്യനെ പിന്തുടരുന്ന ഗോത്ര സ്മൃതി ശീലങ്ങളാകുന്നത്. അതു കൊണ്ടാണ് ' നിധി വേട്ട ' യും 'സ്വർണ്ണ വേട്ടയും " ' വെട്ടിപിടിക്കലും ' ' വെട്ടി നിരത്തലും ' എല്ലാം ഇന്നും വാക്കുകളിൽ പ്രയോഗിക്കുന്നത്. മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ സാങ്കേതിക ബ്രേക്ക്‌ ത്രൂ ലോഹങ്ങളുടെ കണ്ടുപിടിത്തമാണ്. വേട്ട യാടിയ മൃഗങ്ങളെ വരുതിയിലാക്കി. മനുഷ്യന്റ ആദ്യ ശക്തി മൃഗ സമ്പത്തുകളായി.കൂടുതൽ മൃഗങ്ങൾ ഉള്ളവരെ ഇല്ലാത്തവർ അനുഗമിച്ചു നദീതടങ്ങളിൽ കൃഷിചെയ്തു.

മനുഷ്യൻ മൃഗങ്ങളെയും ലോഹങ്ങളെയും ഉപയോഗിച്ച് തുടങ്ങിയതോടെ ആവശ്യത്തിൽ അധികം ഭക്ഷണം മിച്ച മൂല്യമായി. ഭക്ഷണം കുറഞ്ഞിടത്ത് ഭക്ഷണത്തിന് 'വില ' മനസ്സിലായ മനുഷ്യൻ വ്യാപാരിയായി. കൂടുതൽ മിച്ച മൂല്യം ഉള്ളവർ അതു സംരക്ഷിക്കാൻ വാളും പരിചയുമുണ്ടാക്കി. വേട്ടകളിൽ നിന്ന് യുദ്ധങ്ങളിലേക്ക് മനുഷ്യൻപോയത്. മണ്ണ് വെട്ടി പിടിക്കാനാണ്. കർഷക സമൂഹത്തിൽ മണ്ണിൽ കൃഷി ചെയ്യുവാൻ കൂടുതൽ മെയ് ബലമുള്ള ആളുകളെ പ്രസവിക്കാൻ സ്ത്രീകൾ വേണം. അങ്ങനെ മണ്ണിനെയും പെണ്ണിനെയും വെട്ടിപിടിക്കാനുള്ള അവസ്ഥയിൽ പുരുഷ മേധാവിത്തം വാളിന്റെ ശക്തിയിൽ വളർന്നു.

ശക്തി മാനവിക യുക്തിയായപ്പോൾ ശക്തിയുടെ അടയാളങ്ങൾ പ്രധാനമായി. ദൈവത്തെ സർവ്വശക്തൻ എന്ന് വിളിച്ചു അതിന്റ ശക്തിയിൽ ഭരിക്കുവാൻ തുടങ്ങി. സംഹാര ഭീതിയിൽ നിന്നുള്ള നിന്നുള്ള സുരക്ഷക്കായി മനുഷ്യൻ ശക്തികളെ ആവാഹിച്ചു പ്രാർത്ഥിച്ചു. മൃഗബലത്തിൽ നിന്ന് വാളും സ്വർണ്ണവും കൂടുതൽ ഉള്ളവർ കാര്യക്കാരായി. ആ ലോഹ സമ്പത്തു ശക്തിയുടെ പ്രതീകങ്ങളായി കായിക ശക്തിയും മാനസിക ധൈര്യവും ഗോത്ര വേട്ട ത്വരകളും ഉള്ളവർ മനുഷ്യനെ ചിട്ടപ്പെടുത്തി, ചിട്ടയിലാക്കി, മൃഗങ്ങളെ മെരുക്കി, വാളുമായി കാലദേശങ്ങളിൽ വെട്ടി പിടിച്ചു വേട്ടയാടി മുന്നേറിയാണ് അധികാര രൂപങ്ങളായത്. അലക്‌സാണ്ടറും സീസറും ജെങ്കിസ് ഖാനും മുഗളന്മാരും ക്രൂസേസ്കാരും എല്ലാ അങ്ങനെയാണ് വേട്ടകളിൽ നിന്ന് യുദ്ധങ്ങളിലെക്ക് പോയി അധികാരത്തിന്റെ സാമ്രാജ്യങ്ങളായത്.

വാളിൽ നിന്നും വാക്കുകളിലേക്ക് പക്ഷെ വാളിൽ നിന്നും വാക്കുകളിലേക്കുള്ള മാറ്റമാണ് അധികാരത്തെ വ്യ്വസ്ഥപാൽക്കരിച്ചു സാധുതയുടെ തലങ്ങൾ മാറ്റി മറിച്ചത്. വാക്ക് പറഞ്ഞാൽ വാക്ക് എന്ന പരസ്പരം വിശ്വാസം സാമൂഹിക വിനിമയത്തിന്റ അടിസ്ഥാനമയതോട് കൂടി വാളുകൾക്കപ്പുറം വാക്കുകൾ ആധാരങ്ങളായി. വാക്കുകൾ നീതിയുടെ ഒത്തു തീർപ്പ് ഉടമ്പഡി ആയതോട് ' നീതിമാനായ " ദൈവം പ്രത്യക്ഷനായി. വാക്ക് കൾ ഉടമ്പടി അധരങ്ങളായ സമൂഹങ്ങളിൽ വാക്കുകളും അക്ഷരങ്ങളും ദൈവം തുല്യമായി. വാക്കുകൾ വാഗ്ദത്തങ്ങളായി വാക്കുകളുടെ ആധാരത്തിൽ ഭരിക്കുന്നതിന് നീതി എന്നതും ന്യായം എന്നതും അടിസ്ഥാന സാമൂഹിക ഉടമ്പടികളായി. അതു 'രാജ നീതി ' യും . പിന്നെ 'രാജ ധർമ്മ", വുമായി

അങ്ങനെയുള്ള ' വാക്ക് ' വിപ്ലവമാണ് ഭാഷയിലൂടെ ഭരണങ്ങൾക്ക് സാധുത നൽകിയത്. അങ്ങനെയാണ് ദേശരാഷ്ട്രങ്ങളും ഭരണ ഘടനയും അവകാശങ്ങളും സുരക്ഷയുമെല്ലാം ഭാഷയുടെ ഉടമ്പടികളാകുന്നത്. വാക്കിന്റെ പരസ്പരം വിശ്വാസത്തിലും ഉടമ്പടിയിലുമാണ് കുടുംബം മുതൽ ദേശ രാഷ്ട്രീങ്ങൾ വരെ നിൽക്കുന്നതു. സാമൂഹിക രാഷ്ട്രീയ ഉടമ്പടികളാണ് ഭരണ ഘടനയും അവകാശങ്ങളും നിയമങ്ങളും. ഒരു പരിഷ്‌കൃത സമൂഹത്തിൽ വാളുകളുടെ പരിധി നിർണ്ണയിക്കുന്നത് വാക്കുകളാണ്. ആയുധങ്ങളെ നിയന്ത്രിക്കുന്നത് അക്ഷരങ്ങളാണ്

അങ്ങനെയുള്ള അക്ഷരങ്ങളുടെ. ഒരു വാഗ്ദത്ത ഉടമ്പടിയാണ് പണം. അതു ക്രയ വിക്രയ ഉപധിയായി അതാതു ദേശ രാഷ്ടങ്ങൾ അച്ചടിച്ചു നൽകുന്ന പ്രോമിസറി നോട്ടാണ് . നോട്ട് എന്നത് രേഖയാണ്. നോട്ടിന്റ വില അതു പ്രതിനിധാനം ചെയ്യുന്ന വസ്തുവിന്റെയൊ അല്ലെങ്കിൽ പ്രവർത്തിയുടെയൊ ലഭ്യത അനുസരിച്ചു മാറി മറിയും. അച്ചടിച്ച നോട്ടിന്റ വില അതു കൊണ്ടു എന്ത് വാങ്ങാം എന്നതിനെ ആശ്രയിച്ചിരിക്കും. ജീവിന ഉപാധിയായി പണം മാറുന്നത് കൊണ്ടാണ് മനുഷ്യൻ ശമ്പളത്തിന് വേണ്ടി തൊഴിൽ ചെയ്തു ജീവിക്കുന്നത്. എന്നാൽ കൂടുതൽ പണം എന്നത് ജീവനോപാധി എന്നതിന് അപ്പുറം ' വിലയും ' നിലയും ' ആകുമ്പോൾ അതു ആർജിക്കുവാൻ മനുഷ്യൻ പണം സ്വരൂപിക്കുവാനുള്ള മാർഗങ്ങൾ ആരായും.

ഇതിൽ വേട്ട ചെയ്തു വെട്ടി പിടിക്കാൻ ഉള്ള ഗോത്ര ത്വര ഇപ്പഴുമുണ്ട് ഏറ്റവും കൂടുതൽ ഭോഗ -ഉപ ഭോഗത്തിലൂടെ ആപേക്ഷികമായി കൂടുതൽ ഭൗതീക സുഖ സൗകര്യങ്ങളുടെ കാര്യക്കാർ ആകുക എന്ന സാമൂഹിക വില എന്ന മോഹവലയമുണ്ട്.

ജെ എസ് അടൂർ