Blog

ജീവിതം എന്ത് പഠിപ്പിച്ചു -6

മോഹിപ്പിക്കുന്ന പണവും സമ്പത്തും

പണം മനുഷ്യനെ ഇത്രമാത്രം മോഹിപ്പിക്കുന്നത് എന്തു കൊണ്ടാണ് എന്ന് പലപ്പോഴും ആലോചിക്കും. മനുഷ്യനു ജീവിക്കുവാൻ വായു, ജലം, ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവ ആവശ്യമാണ്. കാലം മാറിയത് അനുസരിച്ചു വിദ്യാഭ്യാസം ആരോഗ്യ പരിപാലനം, യാത്ര സൗകര്യങ്ങൾ മുതലായവയും ആവശ്യമാണ്. അതിന് ആവശ്യമായ പണം വേണം.

പണം ഒരു വലിയ പരിധിവരെ വെള്ളം പോലെയാണ്. വെള്ളമില്ലാത്ത അവസ്ഥയിൽ ദാഹത്തിന് വെള്ളം ഇല്ലെങ്കിൽ അതുപോലെ ഒരു പീഡനം വേറെ ഇല്ല. എന്നാൽ പതിനായിരം ലിറ്റർ വെള്ളം ഉണ്ടെങ്കിലും ഒരു മനുഷ്യനും ഒരു ദിവസം സാധാരണ മൂന്നു ലിറ്ററിൽ കൂടുതൽ കുടിക്കാൻ സാധിക്കില്ല. വെള്ളകൂടി പ്രളയമായാൽ മുങ്ങി ചാകും. പണമെന്നത് സമൂഹത്തിൽ 'വിലയും ' ' നിലയും ' തരുന്ന സാധുത മുദ്രയാണ്. അതുകൊണ്ട് അതു പലപ്പോഴും സക്സസിന്റ മാനദണ്ഡമാകും. അതു കാമത്വരപോലെ മനുഷ്യനെ മോഹിപ്പിക്കും. പണവും സമ്പത്തും ഉള്ളവർ' വല്ല്യ ' ആളുകൾ എന്ന ധാരണ സമൂഹങ്ങളിൽ ചരിത്ര കാലം മുതലുള്ളയൊന്നാണ്.

പണം ഇല്ലാത്തവർ പിണം എന്നും . പണത്തിനു മീതെ പരുന്തും പറക്കുമെന്നും. ദീപസ്ഥമ്പം മഹാശ്ചര്യം എനിക്കും കിട്ടണം പണം. ഇതെല്ലാം സാമൂഹിക ധാരണകളും സമീപനങ്ങളുമാണ്. അധികാരത്തിന്റെ അടയാളങ്ങൾ അധികാരവും പണവും ആപേക്ഷികമാണ്. അതു സാമൂഹിക ധാരണകളെ അടിസ്ഥാനമാക്കിയ ശക്തി പ്രയോഗങ്ങളുടെ അടയാളങ്ങളാണ്. പണവും അധികാരവും തമ്മിലുള്ള ബാന്ധവത്തിലാണ് ഭരണവും ഭരണകൂടവും വ്യവഹരിക്കുന്നത്.

ഇപ്പോഴും ഒരു ഭരണകൂടം ആയുധ യുക്തിയുടെ പിൻബലത്തോടെയാണ് നിയമ ന്യായവ്യവസ്ഥകൾ നടപ്പാക്കുന്നത്. അതു രണ്ടുമുപയോഗിച്ചു ഒരു അതിർത്തികുള്ളിലെ ജനങ്ങൾക്ക് സുരക്ഷ വാഗ്ദാനം ചെയ്തു നികുതി എന്ന 'പ്രൊട്ടക്ഷൻ മണി ' വാങ്ങിയാണ് ഭരിക്കുന്നത്. അധികാരത്തിന്റ യുക്തിയിലാണ് പണത്തിനു 'വിലയും ' നിലയും ' ഉള്ള പ്രതീകങ്ങളാകുന്നത്. അതു കൊണ്ടാണ് ഡോളർ ശക്തമായ കറൻസിയുടെ മാനദണ്ഡമാകുന്നത്.

അക്ഷരങ്ങളിൽ നിന്നും മനുഷ്യൻ അക്കങ്ങളിലേക്ക് മാറി. ഇന്ന് ജനനവും മരണവും അക്കങ്ങളാണ്. ഡേറ്റയാണ്. പണത്തിന്റെ അക്കങ്ങളും ക്രെഡിറ്റ് /ഡെബിറ്റ് കാർഡ് അക്കങ്ങളും മാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. ഭരണകൂടം നിങ്ങളെ ആധാർ അക്കങ്ങളാക്കിയാണ് ' നോക്കി ' 'കരുതി ' ഭരിച്ചു വരിധിയിൽ നിർത്തുന്നത്. ദേശത്തിന്റ സമ്പത്തു സ്റ്റോക് എക്സ്ചേഞ്ചു അക്കങ്ങളുടെ ഏറ്റകുറിച്ചിലാണ് പണത്തോടുള്ള സമീപനം.

പണം സ്വരൂപിക്കുക എന്ന ആർത്തി ജീവിത ലക്ഷ്യമാക്കുമ്പോൾ അതു പലപ്പോഴും മനുഷ്യരുടെ ഉറക്കം കെടുത്തും. പലപ്പോഴും പണം കൂടുതൽ സുരക്ഷ തരും എന്ന മോഹത്തിൽ അതു കൂടി കൂടി വരുമ്പോൾ പലപ്പോഴും മനുഷ്യൻ കൂടുതൽ അരക്ഷിതനാകും എന്നത് മനുഷ്യ ജീവിതത്തിന്റെ വിരോധാഭാസമാണ്. ഒരിക്കൽ ഒരുപാടു പണമുണ്ടാക്കാൻ അവസരമുണ്ടായി. ഗൾഫിൽ എണ്ണ കമ്പനിയിൽ ഉള്ള ഉന്നതൻ സുഹൃത്തായിരുന്നു . സൗഹൃദ വലയത്തിൽ ഉള്ള ചില രാജ്യങ്ങളിലെ മന്ത്രിമാരോട് പറഞ്ഞു ബ്ലാക്ക് മാർകെറ്റിൽ എണ്ണ വിൽപ്പന. ഓരോ കപ്പൽ ലോഡിനും വൻ തുക ബ്രോക്കർ ഫീസ്. ശത കോടീശ്വരന്റ വാക്ക്. നൂറുകണക്കിന് കോടികൾ ഉണ്ടാക്കാമായിരുന്ന അവസരങ്ങൾ. വേണ്ട എന്നു പറഞ്ഞു . കാശ് ആവശ്യത്തിന് ഉണ്ടെന്നും

ഇരുപത്തി ഒന്നും കൊല്ലം മുമ്പാണ് ആദ്യ ബിസിനസ് തുടങ്ങിയത് . ആദ്യവർഷം തന്നെ അഞ്ചു കോടി ടെൻ ഓവർ. പക്ഷെ ആവശ്യത്തിന് വീടും മറ്റു സൗകര്യങ്ങളുമയായപ്പോൾ നിർത്തി. കൂടുതൽ വളർത്തി വലുതാക്കിയായിരുന്നെങ്കിൽ ഇപ്പോൾ നൂറു കോടി ബിസിനസ്സ് കുറഞ്ഞെത് കണ്ടേനെ. വേണ്ടയെന്നു വച്ചത് നന്നായി എന്ന് തോന്നി. സത്യത്തിൽ പണം ഉണ്ടാക്കുന്നതിനോട് ഒരൂ വിമുഖതയുമില്ല. ആവശ്യമുണ്ടെന്നു തോന്നിയാൽ ഇനിയുമുണ്ടാക്കും . പക്ഷെ അതു ജീവിത ലക്‌ഷ്യമല്ല. അതു ഉണ്ടാക്കുന്നവരോട് ഒരു തരി അസൂയ തോന്നിയിട്ടില്ല .അതു മാത്രം അല്ല സര്ഗാത്മ സരംഭകരോടു ബഹുമാനമാണ്

അച്ഛൻ ചെറുപ്പത്തിൽ പറഞ്ഞു തന്നതാണ്. ആവശ്യത്തിൽ അധികം എന്തായാലും അതു ഉറക്കം കെടുത്തും . എത്ര പൈസ ഉണ്ടെങ്കിലുംസന്തോഷവും സമാധാനവും ഒരു മാർക്കറ്റിലും വാങ്ങുവാൻ കിട്ടില്ല. അതു കൊണ്ടു നീ ഒരിക്കലും ഒരുപാടു പണത്തിനു പുറകെ പായരുത്. അതു മരീചിക പോലെയൊന്നാണ്. ജീവിക്കാൻ പൈസ വേണം. പൈസക്ക് വേണ്ടി ജീവിക്കരുത്. കടം വാങ്ങി ജീവിക്കരുത്. അച്ഛൻ പറഞ്ഞു തന്നത് ജീവിത പാഠങ്ങളായി

ബാല്യത്തിൽ അപ്പച്ചൻ പഠിപ്പിച്ചതാണ് ജ്ഞാനപ്പാനയിൽ പൂന്താനം നമ്പൂതിരി എഴുതിയ വരികൾ : " ഇന്നലെയോളമെന്തെന്നറിഞ്ഞീലാ ഇന്നി നാളെയുമെന്തെന്നറിഞ്ഞീലാ ഇന്നിക്കണ്ട തടിക്കു വിനാശവു- മിന്ന നേരമെന്നേതുമറിഞ്ഞീലാ. കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ- ക്കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍. രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍, മാളികമുകളേറിയ മന്നന്റെ തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാൻ "

അതുപോലെ യേശു ശമര്യക്കാരി സ്ത്രീയോട് പറഞ്ഞത് " ഈ വെള്ളം കുടിക്കുന്നവർ ഏവരും ദാഹിക്കും ' ഇതൊക്കെ എന്റെ മക്കളോടും പറയും. കോടികണക്കിന് പണം ബാങ്കിൽ ഉണ്ടായിട്ടും സമാധാനവും സന്തോഷവും ഇല്ലാത്ത ഒരുപാട് ആളുകളുണ്ട് ഭൂമിയിൽ. അവരുടെ സ്വത്തും പണവും ആരുമായും പങ്കു വയ്ക്കാതെ സ്വാർത്ഥതയിൽ ജീവിച്ചു മരിക്കുന്നവർക്ക് ഒന്നുകിൽ ഒരുപിടി ചാരം അല്ലെങ്കിൽ ആറടി മണ്ണിൽ അഴുകും. ആരും ഇതൊന്നും കൊണ്ടുപോകില്ല.

പരസ്പരം പങ്കുവയ്ക്കലിലൂടെയും പരസ്പരം കരുതലിലൂടെയുമാണ് നമ്മൾ മനുഷ്യരാകുന്നത്. ജീവിക്കാനുള്ള അടിസ്ഥാന ആവശ്യങ്ങൾക്ക് (വായു, ജലം, ഭക്ഷണം, ഭാഷ, വസ്ത്രം, പാർപ്പിടം, സഞ്ചാര സ്വാതന്ത്ര്യം, രോഗാവസ്ഥയിൽ വിടുതൽ )അപ്പുറം ഉള്ളത് ഒക്കെയും അധികപറ്റാണ്..

അതു കൊണ്ടാണ് അധ്വാനിച്ചു ആർജിച്ച പണത്തിന്റെയും സ്വത്തിന്റ സിംഹ ഭാഗവും ദുഖിക്കുന്നവർക്ക് ആശ്വാസവും വിശക്കുന്നവർക്ക് ഭക്ഷണവും മാനവിക നന്മക്കും മാറ്റി വയ്ക്കാൻ തീരുമാനിച്ചത്. അതു കൊണ്ടാണ് ബോധിഗ്രാം മാനവിക നന്മക്കും മാനവിക ധാർമ്മികതക്കും വേണ്ടി നില കൊള്ളുന്നത്.

തുടരും.

ജെ എസ് അടൂർ