Blog

ജീവിതം എന്ത് പഠിപ്പിച്ചു? -5

യാത്രകൾ പഠിപ്പിച്ചത്.

ഓരോ യാത്രകളും കാഴ്ചകളും കാഴ്ചപ്പാടുകളും മാറ്റുന്നു. ഓരോ യാത്രകളുംഇന്ത്യയിലുംലോകത്തുമുള്ള വൈവിദ്ധ്യങ്ങൾക്ക് അപ്പുറവുമുള്ള മനുഷ്യരെ അറിയാനും തിരിച്ചറിയാനും സാധിക്കുന്നു. യാത്രകൾ മനസ്സിനെയും മനുഷ്യരെയും മാറ്റും.

നാമൊരുത്തരും എന്ത് കാണും എന്നത്,നാം എവിടെ നിന്ന് വീക്ഷിക്കുന്നു എന്നത് അനുസരിച്ചും,എങ്ങനെ കാണുന്നു എന്നതനുസരിച്ചു മാറും. ഒരു വലിയ മലയുടെ മുകളിൽ നിന്നു കാണുന്നതും താഴ് വരയിൽ നിന്ന് കാണുന്നതും വ്യത്യസ്തമായിരിക്കും. കടൽ തീരത്തു നിന്ന് കാണുന്ന കാഴ്ചകൾ മലമുകളിൽ നിന്നുള്ളത് പോലെയാവില്ല . ന്യൂയോർക്കിൽ യു എൻ സെക്രട്ടറിയേറ്റിൽ നിന്നു നോക്കിയാൽ ദാരിദ്ര്യം സ്റ്റാറ്റിറ്റിക്സും സൂചികകളുമാണ്. പക്ഷെ സോമാലിയെ യും ഇന്ത്യയിലെയും ഗ്രാമങ്ങളിൽപോയാൽ പട്ടിണിയുടെയും ഇല്ലായ്മകളുടെയും മനുഷ്യ മുഖങ്ങളെയാണ് കാണുക. രണ്ടും തികച്ചും വിഭിന്നം.

ബൈനോക്കുലർ ഉപയോഗിച്ചു കാണുന്ന രീതിയും മൈക്രോ സ്കോപ്പ് ഉപയോഗിച്ച് കാണുന്നതും വ്യത്യസ്തമായിരിക്കും.. കുട്ടികാലത്ത് ബസിൽ പോകുമ്പോൾ മരങ്ങളും വീടുകളും എല്ലാം ഓടുന്നത് പോലെ തോന്നിയിട്ടുണ്ട്. അമ്മയാണ് പറഞ്ഞു തന്നത് ബസാണ് ഓടുന്നത്. മരങ്ങൾ അല്ലന്നു. ജീവിതത്തിൽ അമ്മ പഠിപ്പിച്ച പാഠമാണ് നമ്മൾക്ക് പെട്ടന്നുണ്ടാകുന്ന ധാരണകൾ ശരിയായിരിക്കണം എന്നില്ല.

പിന്നീട് ജീവിതത്തിൽ ഉടനീളം നടത്തിയ യാത്രകളിലാണ് വിവിധ രാജ്യങ്ങളിലും വംശങ്ങളിലും മതങ്ങളിലുമുള്ള മനുഷ്യരെ കുറിച്ചുള്ള മുൻവിധികൾ തെറ്റാണ് എന്ന് മനസ്സിലായത്. ഓരോ യാത്രയും എല്ലായിടത്തും മനുഷ്യർ ഏത് ഭാഷ പറഞ്ഞാലും ഏത് ഭക്ഷണം കഴിച്ചാലും അടിസ്ഥാനപരമായി ഒരുപോലെയൊക്കെയാണെന്ന് മനസ്സിലായി.

അഞ്ചു വയസ്സിൽ ചെങ്ങന്നൂർ സ്റ്റേഷന്റ് രണ്ടാം പ്ലാറ്റഫോമിൽ നിന്ന് കയറി അമ്മയോടൊപ്പം, ബോംബെ ദാദർ സ്റ്റേഷനിൽ ഇറങ്ങി.. ആ യാത്രയിലെ ഓരോ കാഴ്ചകളും മനസ്സിൽ മായാതെയുണ്ട്. അച്ഛൻ ആർമി ജീപ്പിൽ സാന്ധാക്രൂസിനു അടുത്ത കലീന സൈനീക ക്യാമ്പിലെ ക്വാറ്റെഴ്സിൽ കൊണ്ട് പോയി.

അന്ന് അയൽ പക്കത്തുള്ള സഞ്ജു വന്നു കുശലം ചോദിച്ചു. എനിക്കൊന്നും മനസിലായില്ല. അപ്പോഴാണ് അവർ സംസാരിക്കുന്ന ഭാഷ മറാത്തിയാണെന്നു മനസ്സിലായത്. പക്ഷെ എന്റെ പ്രായക്കാരനായ സഞ്ചുവും ഞാനും നല്ല കൂട്ടുകാരായി. ഒരുമിച്ചു കളിച്ചു. ഞാൻ മലയാളത്തിലും അവൻ മറാത്തിയിലും സംസാരിച്ചു. പക്ഷെ രണ്ട് പേർക്കും കാര്യങ്ങൾ മനസ്സിലായി. മറാത്തി ഉത്സവ സമയത്തു അവൻ എനിക്കു ലഡ്ഡു കൊണ്ടു തന്നു . അങ്ങനെയാണ് ലഡ്ഡുവിന്റ രുചി ആദ്യമായി അറിഞ്ഞത്. ഇന്നും ലഡ്ഡു എനിക്കിഷ്ടമാണ്.

കലീന ആർമി ക്യാമ്പിൽ വച്ചാണ് ഇന്ത്യയിലെ വിവിധ ഭാഷകളെ കുറിച്ചും മതവിശ്വാസങ്ങളെ കുറിച്ചും വസ്ത്ര ധാരണത്തെകുറിച്ചും അച്ഛൻ പറഞ്ഞു തന്നത്. ആർമി ക്യാമ്പിൽ എല്ലാം കണ്ടു കറങ്ങി നടന്നു. എല്ലാവരോടും സംസാരിച്ചു (മലയാളത്തിൽ പിന്നെ അച്ഛൻ പറഞ്ഞ തന്ന ചില ഹിന്ദി പദങ്ങളും ). എല്ലാവരും സാമുവൽ സാബ് കാ ബേട്ടാ ' എന്ന് പറഞ്ഞു സ്നേഹമായി പെരുമാറി. ലങ്കറിൽ കൊണ്ടു പോയി ചപ്പാത്തിയും കറിയുമൊക്കെ തന്നു . അന്നത്തെ ഓർമ്മ സാന്താക്രൂസ് എയർ പോർട്ടിൽ താഴ്ന്നു ഇറങ്ങുന്ന അല്ലെങ്കിൽ ഉയർന്നു പൊങ്ങുന്ന വിമാനങ്ങൾ ആയിരുന്നു. അതു ചെയ്യുന്നത് പൈലാട്ടാണ് എന്ന് പറഞ്ഞത് സഞ്ചുവാണ്.

പക്ഷെ എന്റെ അന്നത്തെ ചിന്ത ആരാണ് പ്ലെയിൻ ഉണ്ടാക്കുന്നത്. എങ്ങനെയാണ് ആകാശത്തു പറക്കുന്ന വലിയ പക്ഷികളെ നിർമിക്കുന്നത്?. അതു പോലെ ഒന്ന് നമ്മൾക്ക് ഉണ്ടാക്കാനൊക്കുമോ? എങ്ങനെയാണ് പൈലറ്റ് ആകുന്നത് എന്നതൊക്കെ ആയിരുന്നു അന്ന് മനസ്സിൽ വന്ന സംശയങ്ങൾ.. അന്ന് ഹെലികോപ്റ്റർ കണ്ടപ്പോഴും അതൊക്കെ തോന്നി. വലുതാകുമ്പോൾ ഒക്കുവാണെങ്കിൽ ഒരു വിമാനം ഉണ്ടാക്കണം . പൈലാട്ടായി പറ ത്തണം എന്നൊക്ക മനസ്സിൽ ആഗ്രഹം മുളപൊട്ടി. ഒന്നും ഇല്ലെങ്കിൽ അതിൽ കയറി യാത്ര ചെയ്യണം എന്ന് മനസ്സിൽ പറഞ്ഞു. മൂന്നാമത്തെ ആഗ്രഹം മാത്രം നടന്നു . ജീവിതത്തിന്റെ നല്ല ഒരു ശതമാനം വിമാനങ്ങളിൽ ചിലവഴിച്ചു.

ബാംബെ യാത്രകൾ മനസ്സിൽ മായാതെ ഇപ്പോഴും ഉണ്ട്. പക്ഷെ യാത്രകൾ ചെയ്യാനുള്ള സ്വപ്നങ്ങൾ തുടങ്ങിയത് ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ മുതൽ വായിച്ച എസ്‌ കെ പൊറ്റക്കാടിന്റ യാത്ര വിവിരണങ്ങളാണ്. ആദ്യമായി വായിച്ചത് പാതിരാ സൂര്യന്റ നാട്ടിൽ ആണ്. അദ്ദേഹം ഹെൽസിങ്കിയിൽ ചെന്നിറങ്ങുന്നതെല്ലാം ആകാംഷയോടെ വായിച്ചു അവിടെയൊക്കെ എന്നെങ്കിലും പോകും എന്ന് മനസ്സിൽ ഉറപ്പിച്ചു. പിന്നെ ആഫ്രിക്കയെ കുറിച്ചുള്ള ' കാപ്പിരികളുടെ ' നാട്ടിൽ. ഇൻഡോനേഷ്യൻ യാത്ര.

എന്തായാലും അന്ന് വിചാരിച്ചത് പോലെ പാതിരാ സൂര്യന്റ നാട്ടിൽ ഓസ്ലോയിൽ നാലു കൊല്ലം ജീവിച്ചു. നോർഡിക് രാജ്യങ്ങളിൽ എല്ലാം നിരന്തരം യാത്ര ചെയ്തു. മഞ്ഞു കാലത്ത് സൂര്യൻ ഉറങ്ങുന്ന ഇരുട്ടും വേനൽ കാലത്ത് സൂര്യന് ഉറക്കം ഇല്ലാത്ത രാവുകളും. പൊറ്റക്കാട് പോയിടതെല്ലാം പോയി. യൂറോപ്പിലും സൌത്ത് ഈസ്റ്റ്‌ ഏഷ്യയിലും യു എസ്‌ എ യിലും ഇഗ്ലണ്ടിലും ജോഹന്നാസ്‌ ബെർഗിലും എല്ലാം പലപ്പോഴും ജീവിച്ചു. ഇന്ത്യയിൽ പൂനയിലും ഹൈദ്രബാദിലും ബോംബെയിലും ഷില്ലോങ്ങിലും ഐസ്വാളിലും മിസോറാം ത്രിപുര ബോർഡറിൽ ഉള്ള മമ്മിത് ഗ്രാമത്തിലും ജീവിച്ചു.

വടക്ക് കിഴക്കേ ഇന്ത്യ മുഴുവനും സഞ്ചരിച്ചു. 1986 ൽ തുടങ്ങിയ യാത്രകൾ ഇപ്പോഴും തുടരുന്നു . ഇന്ത്യയിൽ പോകാത്തത് ലക്ഷ ദ്വീപിൽ മാത്രം. എല്ലാം സംസ്ഥാനങ്ങളിൽ ഗ്രാമങ്ങളിലും വൻ നഗരങ്ങളിലും യാത്ര ചെയ്തു.ആ യാത്രകളിൽ ഏതാണ്ട് ഏഴായിരം ആളുകളെ പബ്ലിക് പോളിസി, അഡ്വക്കസി, മനുഷ്യാവകാശങ്ങൾ, ഭരണ ഘടന, ബജറ്റ് വിശകലനം എന്നിവയിലൊക്കെ പരിശീലിപ്പിച്ചു. ആദ്യമായി വിമാനത്തിൽ കയറുന്നത് കൽക്കട്ടയിൽ നിന്നും ഗോഹട്ടിയിലേക്ക്. പിന്നീട് അതു നിരന്തരമായി.

ലോകത്തിന്റ കോണിലുള്ള കുഗ്രാമങ്ങളിലും അതു പോലെ മഹാ നഗരങ്ങളിലും ഒരുപോലെ സഞ്ചരിച്ചിട്ടുള്ളതിനാൽ മനുഷ്യ അവസ്ഥകളുടെ വൈവിദ്ധ്യങ്ങൾ കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞു. ബ്രസിലിലെ ഗ്രാമങ്ങളിലും ചൈനയിലെ ഗ്രാമങ്ങളും റുവണ്ടയിലെ ഗ്രാമങ്ങളും മധ്യപ്രദേശിലെ ഗ്രാമങ്ങലെ മിസോറാമിലെ ഗ്രാമങ്ങളും പല തരത്തിൽ വ്യത്യസ്തമാണെങ്കിലും അവിടെയെല്ലാം മനുഷ്യർ ഇല്ലായ്മയിൽ പോലും ഉള്ളത് പങ്ക് വയ്ക്കുന്നവരാണ്. അധികം ഇല്ലാത്തവരാണ് ഉള്ളത് പങ്ക് വയ്ക്കുന്നത്. ഒരുപാട് ഉള്ളവർ പലപ്പോഴും പങ്കു വയ്പ്പിൽ ദരിദ്രരാണ്.

യാത്രകൾ ഓരോന്നും ഓരോ ഓർമ്മകളാണ്. സിയറിലിയൊനിലെ ഒരു കുഗ്രമത്തിൽ വൈകുന്നേരം റംസാൻ ഡാൻസ് ചെയ്തു ആഘോഷിക്കുന്ന ഗോത്ര വംശജരായ സ്ത്രീകളെ കണ്ടപ്പോഴാണ് ഇസ്ലാം മത വിശ്വാസം ഒരു പാട് വൈവിദ്ധ്യ പൂർണമാണ് എന്ന് മനസ്സിലായത്.

ഇൻഡോനേഷ്യയിലെ ബഹുഭൂരിപക്ഷം മുസ്ലിം മത വിശ്വാസികൾ. ജോഗ് ജക്കാർതയിലെ വലിയ അമ്പലത്തിന്റ മുന്നിലാണ് രാമായണതിന്റെ ഏറ്റവും നല്ല പെർഫോമൻസ് കണ്ടിട്ടുള്ളത്. അതിൽ പങ്കെടുത്തവർ എല്ലാം മുസ്ലിംങ്ങൾ. അവിടെയുള്ളൂ എല്ലാം വലിയ ക്ഷേത്രങ്ങളും നല്ലത്പോലെ പരിപാലിക്കപെടുന്നു. അവിടുത്തെ എറ്റവും വലിയ റീറ്റയിൽ ചെയിനിന്റ പേര് ' രാമായണ ' എന്നാണ്. യാത്രകൾ ഒരുപാട് മുൻവിധികൾ മാറ്റും . പാകിസ്ഥാനിൽ നിരവധി തവണപോയപ്പോഴാണ് . അവിടെയുള്ള മനുഷ്യരുടെ സ്നേഹം അറിയുന്നത്. പറഞ്ഞു പഠിപ്പിച്ച മുൻവിധികൾ എല്ലാം വാസ്തവുമായി നിരക്കാത്തത് എന്നറിഞ്ഞത്. സർക്കാർ സന്നാഹങ്ങളും സർക്കാരുകൾ തമ്മിലുള്ള ശത്രുതയും സാധാരണ ജനങ്ങളും വിഭിന്നമാണെന്ന് മനസ്സിലാക്കി തന്നത് യാത്രകളാണ്. സാധാരണ ജനങ്ങൾ എല്ലായിടത്തും ഒരുപോലെയൊക്കയാണ്.

ഒരിക്കൽ ടോക്കിയൊയിൽ വഴി തെറ്റിയപ്പോൾ ഒരാൾ എന്നോടൊപ്പം നടന്നു ശരിയായ സ്ഥലം കാണിച്ചു തന്നു. ന്യൂയോർക്കിൽ ഒരു ടാക്സിയിൽ വച്ചു അറിയാതെ താഴെപോയ ഫോൺ ടാക്സി ഉടമ ഒരാഴ്ച കഴിഞ്ഞു തേടിപ്പിടിച്ചു തിരികെ തന്നു. അങ്ങനെ സാധാരണ മനുഷ്യർ സഹായിച്ച കുറെ കഥകളുണ്ട്. അവയെല്ലാം കാഴ്ച്ച കഥകൾ എന്ന അടുത്ത മാസം ഇറങ്ങുന്ന പുസ്തകത്തിലുണ്ട്.

കഴിഞ്ഞ മുപ്പതു കൊല്ലങ്ങളിൽ 132 രാജ്യങ്ങളിൽ നിരന്തരം യാത്ര ചെയ്തെങ്കിലും എനിക്ക് ഏറ്റവും സന്തോഷം തരുന്ന സ്ഥലം കേരളമാണ്. പൗലോ കൊയ്‌ലോയുടെ ആൽകെമിസ്സ്റ്റിലെ ആട്ടിടയ ബാലൻ നിധി തേടിയുള്ളൂ യാത്രകളുടെ അവസാനം നിധി അവൻ യാത്ര തിരിച്ച ഇടത്തു തന്നെയെന്ന് അറിഞ്ഞു തിരിച്ചു വന്നു.

ലോകയാത്രകളെ കുറിച്ചെഴുതുന്നത് വളർന്ന ഗ്രാമത്തിൽ നിന്നാണ്. ലോകത്തു പല രാജ്യങ്ങളിൽ സ്ഥിരതാമസത്തിന് അവസരമുണ്ടായിട്ടും ഇവിടുത്തെ മന്യഷരും മരങ്ങളും ശുദ്ധ വായുവും ജലവുമൊക്കയാണ് എനിക്കു പ്രിയം. ഇവിടുത്തെ ഭാഷയും ഭക്ഷണവുമാണ് എന്റെ ആദ്യ ഓർമ്മകളുടെ വേരുകൾ.

എല്ലാ യാത്രകളും അവസാനിക്കുന്നത് അവനവനിൽ തന്നെയാണ്. കാരണം ഓരോ യാത്രകളിലും മറ്റുള്ളവരെ കണ്ടെത്തി തിരിച്ചറിയുമ്പോൾ നമ്മൾ സ്വയം കണ്ടെത്തി നമ്മളെ തിരിച്ചറിയും. അതു കൊണ്ടു ജാതി മത ഭ്രാന്തും പാർട്ടി ഭ്രാന്തും വർഗീയതയും വംശീയത യും ഒന്നും ഒരിക്കലും തോന്നിയിട്ടില്ല. പുരുഷ -സ്ത്രീ തുല്യതകളെ കുറിച്ചു കൂടുതൽ അറിഞ്ഞത് യാത്രയിലാണ്. പുരുഷ സുഹൃത്തുക്കളേക്കാൾ സ്ത്രീ സുഹൃത്തുക്കളാണ് കൂടുതൽ

യാത്രകൾ പഠിപ്പിച്ചത് നമ്മൾ എല്ലാവരും ആദ്യമായും അന്ത്യമായും വെറും മനുഷ്യർ മാത്രമാണ് എന്നതാണ്. ബാക്കി എക്സ്ട്രാ ഫിറ്റിങ് എല്ലാം മനുഷ്യന്റെ മിഥ്യ ബോധങ്ങളാണ്.

ഏത് വലിയ അധികാരിയും വലിയ സമ്പന്നനും സെലിബ്രിറ്റിയും ഒരു ദിവസം മിഥ്യ ധാരണകൾ എല്ലാം വിട്ട് തട്ടിപോകുന്ന വെറും മനുഷ്യർ മാത്രമാണ്.

തുടരും.

ജെ എസ് അടൂർ