ജീവിതം എന്ത് പഠിപ്പിച്ചു -4
അമ്മ പറഞ്ഞ ബാലപാഠങ്ങൾ
നമ്മൾ ഓരോരുത്തരും ഒരു ജാതിയിലും മതത്തിലും ഭാഷയിലും ജനിക്കുന്നില്ല. പുരുഷ ബീജത്തിനും സ്ത്രീയുടെ അണ്ഡത്തിനും ജാതിയൊ മതമോ വർഗമോ ഇല്ല. ഭ്രൂണത്തിനും ഇതൊന്നും ഇല്ല. പക്ഷെ ഒരു കുട്ടി ജനിച്ചു പേരിടുമ്പോൾ മുതൽ ലിംഗസത്വവും ഭാഷയും ജാതിയും മതവും എല്ലാം ആ കുട്ടിയെ ആവാഹിച്ചെടുക്കും.
ജനിച്ചു കഴിഞ്ഞാൽ പിന്നെ ഭക്ഷണവും ഭാഷയും വീട്ടിലെ സാമൂഹിക സാഹചര്യങ്ങളുമാണ് ആ കുട്ടിയെ രൂപപെടുത്തുന്നത്. പേര് ഇടുന്നത് മുതൽ, അമ്പലത്തിൽ ചോറൂണ്, പൂണൂൽ ഇടീൽ, പള്ളിയിൽ മാമോദീസ, സമർപ്പണ, സുന്നത്ത് അങ്ങനെ പല വിധ ആചാരങ്ങളിലൂടെ മതവും ജാതിയൂമൊക്കെ മനുഷ്യന്റെ സത്വബോധങ്ങളെ നിയന്ത്രിക്കുന്നു. പിന്നെ അതിൽ നിന്നു മോചനം നേടാൻ വളരെ പ്രയാസം. പലതും നമ്മളെ മരണ വരെ പിന്തുടരും. മരിച്ചു കഴിഞ്ഞാലും വിട്ട് മാറില്ല.
ഒന്നാം വയസ്സ് മുതൽ ഒമ്പതു വയസ്സ് വരെയാണ് ഓരോ മനുഷ്യന്റെയും അടിസ്ഥാന ഓർമ്മകൾ . അവയാണ് ഒരു വലിയ പരിധിവരെ ഓരോ മനുഷ്യരെയും രൂപപെടുത്തുന്നത്. അന്നുള്ളിൽ കയറിയ ഓർമ്മകൾ മരണം വരെ വരെ കൂടെകാണും. ഒരു മദർ ബോഡ് പോലെ.
വീട്ടിൽ കിട്ടുന്ന ഭക്ഷണതിന്റെ രുചികൾ നാക്കിലെ രുചിമുകളങ്ങളും , ജീവിതത്തിലെ ഭക്ഷണങ്ങളുടെ ഇഷ്ടനിഷ്ട്ടങ്ങളെ ബാധിക്കും. അതു പോലെ ഉള്ളിൽ കയറുന്നതാണ് വീട്ടിലെ ഭാഷയും വിശ്വാസങ്ങളും. ഓരോ മനുഷ്യനെയും അടിസ്ഥാനപരമായി രൂപ പെടുത്തുന്നത് ഭക്ഷണവും ഭാഷയുമാണ്. അതുപോലെ ശ്വാസത്തോടൊപ്പം ഉള്ളിൽ കയറുന്ന പലതരം വിശ്വാസങ്ങളും അതു കൊണ്ടാണ് പറയുന്നത് ' ബാല്യകാലങ്ങളിലുള്ള ശീലം മറക്കുമോ മനുഷ്യനുള്ളകാലമെല്ലാം "
ഞാൻ ജനിച്ചത് ഒരു കുഷ്ട്ട രോഗാശുപത്രിയിലാണ്. അടൂർ -കായംകുളം റോഡിൽ നൂറനാട്ടുള്ള ലെപ്രെസി സാനിറ്റോറിയത്തിൽ സ്റ്റാഫ് നഴ്‌സ് ആയിരുന്നു അമ്മ.. ആദ്യ ഓർമ്മകൾ രൂപപെട്ടത് അവിടെയാണ്. അവിടെ സ്റ്റാഫ് കോർടെഴ്സിനു അടുത്തുണ്ടായിരുന്ന മഞ്ഞ നിറമുള്ള വലിയ ഉയരമുള്ള ടാങ്ക് ഇപ്പോഴും ഓർമ്മയിലുണ്ട്. അതിന്റ താഴെയുള്ളൂ വെള്ളത്തിൽ കളിച്ചതാണ് ഒന്നാം വയസ്സിലുള്ള ഓർമ്മകൾ. കുഷ്ട്ട രോഗ സാനിറ്റൊറിയവും അവിടെയുള്ളൂ മനുഷ്യരുമാണ് ജീവിതത്തിലെ ആദ്യ ഓർമ്മകൾ.
ഒരു കുട്ടി വളരുന്നത് ചുറ്റും കാണുന്നതും കേൾക്കുന്നതും പിന്നെ ചോദ്യങ്ങൾ ചോദിച്ചുമാണ്. അതെന്താ അമ്മേ? ഇത് എന്താ അമ്മേ,? അതു എന്ത് കൊണ്ടാ അമ്മേ? അതു അങ്ങനെയായത് എങ്ങനെയാ അമ്മേ? കുട്ടികൾ ചോദ്യങ്ങൾ ചോദിച്ചാണ് കാര്യങ്ങൾ മനസ്സിലാക്കുന്നത്?
ചോദ്യങ്ങൾ ചോദിക്കാനുള്ള പ്രാപ്തിയാണ് മനുഷ്യനെ ശാസ്ത്രജ്ഞരും ഫിലോസഫെഴ്സുമൊക്കെയാക്കുന്നത്. ഓരോ കുട്ടിയും ചോദ്യങ്ങൾ ചോദിക്കുമ്പോൾ അവൻ /അവൾ ഒരു ഫിലോസഫറാണ്. അതു കൊണ്ടാണ് " Child like wonder ' ഏറ്റവും നല്ല സർഗാത്മ മനോഭാവമാകുന്നത്.
ചോദിക്കുവാനുള്ള കുട്ടികളുടെ ജിജ്ഞാസക്ക് വിരാമമിടുന്നത് മത ആചാരങ്ങളും,പിന്നെ സ്കൂൾ പഠന രീതികകളുമാണ്. കാരണവും മതവും സമൂഹവും അതു പോലെ സണ്ടെ സ്‌കൂളും മദ്രസയും അമ്പലവും പള്ളിയും സ്കൂൾ എല്ലാം നമ്മളെ ' പഠിപ്പിക്കുന്നതും പരിശീലിപ്പിക്കുന്നതും " ചോദ്യങ്ങൾ ചോദിക്കാതെ' അവർ പഠിപ്പിക്കുന്നത് പഠിച്ചു ഓർമിച്ചു പരീക്ഷ എഴുതാനാണ്.
ചോദ്യങ്ങൾ ചോദിക്കാതെ മറ്റുള്ളവർ പറയുന്നത് കേട്ട് ജീവിക്കാൻ തുടങ്ങുന്നീടത്തു സമൂഹം നമ്മളെ അവർക്കു അനുരൂപമായ കൺഫെമിസ്റ്റുകളാക്കും. നമ്മുടെ ഭക്ഷണത്തെയും ഭാഷയെ യും വിശ്വാസങ്ങളെയും നിയന്ത്രിച്ചു ഒരു മതതിന്റെയും ജാതിയുടെയും പാർട്ടികളുടെയും സ്വതബോധത്തിന്റെ മരത്തിൽ ഒരു കയറിട്ടു കെട്ടും. അങ്ങനെ കൺഫെമിസ്റ്റ് അയാൽ പിന്നെ നിങ്ങൾ എന്ത് ചെയ്യണം എന്ന് വീട്ടുകാരും നാട്ടു കാരും തീരുമാനിക്കും. നിങ്ങൾ എന്ത് പഠിക്കണം എന്നും എങ്ങനെ പഠിക്കണം എന്നും എന്ത് ജോലി ചെയ്യണം എന്നും മറ്റുള്ളവർ തീരുമാനിക്കും . നിങ്ങൾ ആരെ എങ്ങനെ എപ്പോൾ കല്യാണം കഴിക്കണം എന്നും മറ്റുള്ളവർ തീരുമാനിക്കും. നിങ്ങൾ എങ്ങനെ ജീവിക്കണം എന്നും,എങ്ങനെ ചിന്തിക്കണം, എന്ത് ഭക്ഷിക്കണം,കഴിക്കണം, ഏത് വസ്ത്രം ഉപയോഗിക്കണം, എന്നതെല്ലാം പള്ളിയും പള്ളികൂടവും സർക്കാർ അധികരികളും ഭരണ പാർട്ടികളും പുരോഹിതരും മാർക്കെട്ടും നിയന്ത്രിക്കും.
കുഷ്ട്ട രോഗ സാനിറ്റോറിയത്തിൽ ജനിച്ച എന്റെ ആദ്യ ചോദ്യങ്ങൾ എല്ലാം അവിടെയുള്ളൂ മനുഷ്യരെകുറിച്ചായിരുന്നു. ഈ കുഷ്ട്ടരോഗികൾ അരാ അമ്മേ? അവർ നമ്മളെപോലെ തന്ന മനുഷ്യരാണ്. അവർക്ക് പകരാൻ സാധ്യതയുള്ളൂ അസുഖം ഉള്ളത് കൊണ്ടു അവിടെ താമസിക്കുന്നു. അവരെ സേവിക്കുമ്പോൾ നമ്മൾ അവരെ മനുഷ്യരായി കണ്ടു സേവിച്ചാൽ അതാണ് ദൈവീക സ്നേഹം.
അന്ന് അമ്മ ഒന്നും രണ്ടും വയസ്സിൽ പറഞ്ഞ ജീവിത വീക്ഷണം ഉള്ളിൽ കയറിയത് കൊണ്ടായിരിക്കും എനിക്ക് ഏറ്റവും അന്നും ഇന്നും ശ്രദ്ധയുള്ളത് മാറ്റി നിർത്തിപ്പെട്ട മനുഷ്യരായവരോടാണ്. സമൂഹത്തിൽ നിഷ്ക്കാസിതരോടൊപ്പമായിരുന്നു മനസ്സ്.
പിന്നീട് ആദിവാസി സമൂഹത്തിലും ഏറ്റവും പട്ടിണി ഉള്ളവരോടൊപ്പം നിൽക്കാൻ പ്രേരിപ്പിക്കുന്നത്. എച് ഐ വി ബാധിതർപൊക്കം ജീവിക്കുവാൻ പഠിച്ചത് അമ്മ ചൊല്ലി തന്ന ബാലപാഠങ്ങൾ കൊണ്ടാണ്.
ഞങ്ങളുടെ നാട്ടിൽ ഒരാൾ എയ്ഡ്സ് രോഗാവസ്ഥയിൽ മരിച്ചു. അയാളുടെ ഭാര്യയെയും കൊച്ചു മകനെയും ആരും അടുപ്പിച്ചില്ല. അവരെ സമൂഹം മാറ്റി നിർത്തിയപ്പോൾ ചേർത്തു നിർത്തി അവർക്കു സഹായം നൽകിയത് അമ്മയാണ്. വർഷങ്ങൾ കഴിഞ്ഞു അന്നത്തെ അമ്മയും കുട്ടിയും എന്നോട് അവരുടെ അനുഭവങ്ങൾ പറഞ്ഞു. നമ്മൾ തിരിഞ്ഞ് നോക്കിയാൽ അമ്മമാരാണ് ആദ്യ ഗുരു. കള്ളം പറയരുത്. സത്യ സന്ധമായി ജീവിക്കണം.അധ്വാനിച്ചു ജീവിക്കണം . ചെയ്യുന്ന എല്ലാ കര്യങ്ങളിലും ആത്മാർത്ഥ വേണം. നമ്മളുടെ നന്മകൾ പങ്ക് വയ്ക്കണം. പ്രയാസമുള്ളവരെ സഹായിക്കണം. മനസാ വാചാ കർമ്മണാ ആർക്കും ദോഷം ചെയ്യരുത്. എന്നും നീതിയുടെ പക്ഷത്താകണം. മനോധൈര്യം വിടരുത്.എന്നോതൊക്ക എട്ടു വയസ്സിനുള്ളിൽ അമ്മ പഠിപ്പിച്ചതാണ് .
അന്നും ഇന്നും വ്യത്യസ്തമായി ജീവിക്കാൻ പ്രേരിപ്പിക്കുന്നത് അമ്മ പഠിപ്പിച്ച ബാല പാഠങ്ങളാണ് . അതു പോലെ നാട് ഓടുമ്പോൾ നടുവേ ഓടത്ത നോൺ കൺഫെമിസ്റ്റ് ആകാൻ തീരുമാനിച്ചത് കൗമാരത്തിൽ. കുട്ടിക്കാലം മുതൽ ശീലിച്ച ചോദ്യങ്ങൾ ചോദിക്കുവാനുള്ള ശേഷം ബാക്കി വച്ചത് കൊണ്ടാണ് എല്ലാത്തിലും വീട്ടുകാരും നാട്ടുകാരും പറയുന്നതിന് അപ്പുറം ജീവിക്കുന്നത്. ഇഷ്ട്ടം ഉള്ളത് പഠിച്ചു. ഇഷ്ട്ടമുള്ള ജീവിതസഖിയെ തെരെഞ്ഞെടുത്തു. ഇഷ്ട്ടം ഉള്ള ജോലി ചെയ്തു. ഇഷ്ട്ടം പോലെ മറ്റുള്ളവരെ സഹായിച്ചു.
ഒരുപക്ഷെ സാധാരണ നാട്ടുകാരും വീട്ടുകാരും മാറ്റി നിർത്തിയ കുഷ്ട്ടരോഗികൾ ജീവിക്കുന്നയിട ത്തു ആദ്യ മൂന്നു വർഷം അവിടെ ജോലി ചെയ്ത അമ്മ ചൊല്ലി തന്നത് കേട്ട് വളർന്നതാണ് എന്നെ സ്വാധീനിച്ച ഒരു ഘടകം. ബോധിഗ്രാം കാരുണ്യയിലൂടെ പ്രയാസപെടുന്നവർക്ക് സഹായം നൽകാൻ അമ്മ പൈസ തരുമായിരുന്നു. ഒരിക്കൽ ഒരു ലക്ഷം രൂപ തന്നിട്ട് പ്രയാസമുള്ള സ്ത്രീകളെ സഹായിക്കാൻ പറഞ്ഞു.
അമ്മ മരിക്കുന്നതിന് കുറെ മാസങ്ങൾക്ക് മുമ്പ് പറഞ്ഞു അഞ്ചു ലക്ഷം രൂപ ഡിപ്പോസിറ്റിൽ ഇട്ട് അതിന്റ പലിശ എടുത്തു പ്രയാസം അനുഭവിക്കുന്ന വിധവമാരെ സഹായിക്കണമെന്നു. അമ്മയുടെ ഒന്നാം ചരമ വാർഷികത്തിൽ അതു ചെയ്യും അതു പോലെ ബോധിഗ്രാമിൽ എന്ത് ചർച്ചകൾ ഉണ്ടായാലും എന്ത് വിജ്ഞാന സെമിനാർ ഉണ്ടായാലും അമ്മ അവിടെ കാണും. അതു കൊണ്ടു ബോധിഗ്രാം കോൺഫെറൻസ് സെന്ററിനു അന്നമ്മ ഹോൾ എന്നറിയപ്പെടും.
തുടരും.
ജെ എസ് അടൂർ