Blog

ജീവിതം എന്ത് പഠിപ്പിച്ചു? -3

രാഷ്ട്രീയമെന്താണ്?

അഞ്ചാംവയസ്സിലാണ് പത്രം വായിച്ചു തുടങ്ങിയത്. മഅറുപതു വയസ്സോളമുള്ള തലമുഴുവൻ നരച്ച ആശാനാണു എന്നെ മൂന്നു വയസ്സ് മുതൽ മണലിൽ ചൂണ്ടു വിരൽ കൊണ്ടു എഴുതി അക്ഷരം എഴുതാൻ പഠിപ്പിച്ചത്. ഓലയിലാണ് അക്ഷരങ്ങൾ എഴുതി തന്നിരുന്നത്. ക ഖ ങ്ങ... അങ്ങനെ അക്ഷരങ്ങൾ ഈണത്തിൽ ചൊല്ലിയാണ് മനസ്സിൽ/മൈൻഡിൽ കയറിയത്. കൂട്ടാനും കുറക്കാനും ഗുണന പട്ടികയും എഞ്ച്വടി പുസ്തകത്തിൽ നിന്ന് ചൊല്ലി തന്നു പഠിപ്പിച്ചതും ആശാൻ തന്നെ.

ബാല്യം എന്റെ അമ്മ വീട്ടിൽ ആയിരുന്നു. പ്രൈമറി സ്ക്കൂൾ വരെ. അവിടെ വീടിന്റെ അല്പം താഴെ ചെറിയ നാട്ടു വഴിയോടു ചേർന്നു ആകാശം മുട്ടി നിൽക്കുന്ന വലിയ ഒരു ആഞ്ഞിലി മരമുണ്ടായിരുന്നു. കുറഞ്ഞത് നൂറു വയസ്സ് എങ്കിലും ഉണ്ടായിരുന്ന അതു പോലെ വലിയൊരു ആഞ്ഞിലിമരം അതിന് ശേഷം എങ്ങും കണ്ടില്ല.

ആ ആഞ്ഞിലി മരത്തിന്റെ ചുവട്ടിൽ എന്നും രാവിലേ എന്നും ഒരാൾ മലയാള മനോരമ ഇട്ടിട്ട് പോകും. അതു എടുത്തു വീട്ടിൽ കൊണ്ടു വരുന്ന ജോലിയാണ് ജീവിതത്തിൽ ആദ്യംകിട്ടിയ ജോലി. അതിന് പ്രതി ഫലമായി വല്യപ്പച്ചൻ ഇലവുംതിട്ട ചന്തയിൽ നിന്ന് നാരങ്ങ മിഠായി വാങ്ങി തരുമായിരുന്നു.

പത്രം വീട്ടിൽ കൊണ്ടു പോകുന്നതിന് ഇടയിൽ പത്രത്തിന്റെ തലകെട്ടുകൾ ഉറക്കെ വായിച്ചാണ് പത്രം വായിച്ചു തുടങ്ങിയത്. അതു കണ്ടു ചാരു കസേരയിൽ കിടക്കുന്ന അപ്പച്ചന് പത്രം വായിച്ചു കൊടുത്തു വിശദീകരിക്കുന്ന ചുമതല തന്നു ജോലിയിൽ ഒരു പ്രൊമോഷൻ തന്നു. അതിന് പ്രതിഫലമായി വീട്ടിൽ ബാലരമ വരുത്തി കഥകൾ വായിക്കാൻ അവസരം തന്നു. അങ്ങനെ വായന ശീലമായി രാവിലെ എന്നും ഏഴുമണി മുതൽ എട്ടു മണിവരെയുള്ളൂ പത്രം വായനയിലൂടെയാണ് രാഷ്ട്രീയം പഠിച്ചു തുടങ്ങിയത്. 1970ലെ തിരെഞ്ഞെടുപ്പ്, 1972 ലെ യുദ്ധം, ബംഗ്ലാദേശിന്റെ ഉദയം, റീചാർഡ് നിക്സൻറെ വാട്ടർഗെറ്റ് സ്കാണ്ടൽ എല്ലാം വായിച്ചത് ഇപ്പോഴും ഓർമ്മയുണ്ട്.

അമ്മ വീട്ടിൽ നിന്ന് അച്ഛന്റെ നാട്ടിൽ പുതിയ വീട്ടിലേക്ക് മാറി. കർഷകരായ അവിടെയുള്ള വീടുകളിൽ കണ്ട ഏക പുസ്തകം വേദ പുസ്തകം ആയിരുന്നു.. പക്ഷെ എന്റെ വീടിന്റെ അടുത്തു തുവയൂർ സത്യവാൻ സ്മാരക വായന ശാലയുണ്ടായിരുന്നു. അവിടെ മനോരമയും മാതൃഭൂമിയും കേരള കൗമുദിയും ദീപികയും ജനയുഗവും എല്ലാം വായിക്കാൻ തുടങ്ങി. 1973 വരെ ഹീറോ ഇന്ദിര ഗാന്ധി ആയിരുന്നു. പക്ഷെ 1974 ൽ അവർക്കെതിരെ വിദ്യാർത്ഥി പ്രക്ഷോഭം. ജയ് പ്രകാശ് നാരായന്റെ നേതൃത്വംത്തിൽ പ്രതിപക്ഷം സമരങ്ങൾ. രാജ് നാരായണൻ കൊടുത്തു കേസിൽ ഇന്ദിര ഗാന്ധിയുടെ തിരെഞ്ഞെടുപ്പ് അസാധുവാക്കുന്നിടം വന്നപ്പോൾ അടിയന്തരാവസ്ഥ. എല്ലാം കടകളിലും വില നിലവാരം എഴുതി വയ്ക്കണം. ബസ് സമയത്ത് ഓടുന്നു. ഇരുപതിന പരിപാടി. നാവടക്കൂ പണിഎടുക്കൂ എന്ന മുദ്രാവാക്യം

പക്ഷെ എന്റെ നാട്ടിൽ ഉള്ള വായന ശാലയിൽ വന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തതോടെ ഞാൻ അടിയന്തരാവസ്ഥക്ക് എതിരായി. അങ്ങനെ ഏതാണ്ട് 11 വയസ്സിൽ രാഷ്ട്രീയ നിലപാട് എടുത്തു. മനുഷ്യവകാശങ്ങൾ പഠിച്ചത് ആ കാലത്താണ്. അന്ന് ഞങ്ങളുട നാട്ടിൽ കടമ്പനാട്ടു ചെരുപ്പ് കട നടത്തുന്ന ചേട്ടൻ വളരെ രഹസ്യമായി കോമ്രേഡ് എന്ന മാസിക തന്നു . കണ്ടാൽ പോലീസ് പിടിക്കും എന്ന് പറഞ്ഞത് കൊണ്ടു വീട്ടിൽ തട്ടുമ്പുറത്തു ഇരുന്നാണ് കോമ്രേഡ് വായിച്ചു തുടങ്ങിയത്. അതിലാണ് ആദ്യം വർഗ്ഗ സമരം കമ്മ്യുണിസം വിപ്ലവം എല്ലാം വായിക്കുന്നത്.

മനുഷ്യാവകാശത്തെ കുറിച്ചു ആദ്യം വായിച്ചത് മലയാളത്തിൽ ഉള്ള ഇന്ത്യൻ ഭരണ ഘടനയുടെ ആദ്യ മൂന്നു ഭാഗം വായിച്ചാണ്. അങ്ങനെയാണ് അന്നുമുതൽ മനുഷ്യവകാശങ്ങളെ കുറിച്ചു അറിഞ്ഞു പ്രവർത്തിക്കാൻ തുടങ്ങയതു.. കോമ്രേഡ് വായിച്ചു ഇടതൊട്ടായി ചിന്ത. അന്ന് ഞങ്ങളുട വീട്ടിൽ നിന്ന് മൂന്നു കിലോമീറ്റർ അകലെയുള്ളൂ കമ്മ്യൂണിസ്റ് പാർട്ടി സ്റ്റഡി ക്ളാസുകളിൽ എല്ലാ ശനിയാഴ്ചയും 10 മുതൽ 11.39 വരെയുള്ളൂ സ്റ്റഡി ക്ളാസുകളിൽ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞയാൾ ആയിരുന്നു. അവിടെ കിട്ടിയ പ്രഭാത് പബ്ലിക്കേഷൻറ് കമ്മ്യുണിസ്റ്റ് മാനിഫെസ്റ്റോ അടിവരയിട്ടു നോട്ട് എഴുതി പഠിച്ചു. അന്ന് ക്ളാസ്സുകൾ എടുത്തിരുന്നത് ഒരു ദാമോദരൻ ഉണ്ണിത്താൻ . അങ്ങനെയാണ് കാൾ മാർക്സ് വായിച്ചു തുടങ്ങിയത് .

1977 ലെ തിരെഞ്ഞെടുപ്പിലാണ്ആദ്യമായി സജീവമായതു . ജീപ്പിന്റ ബോനറ്റിൽ നിന്ന് ആദ്യ പ്രസങ്ങൾ ങ്ങൾ ഇടതു പക്ഷ സ്ഥാനാർഥി എ എം മാത്യു മുതലാളിക്ക് വേണ്ടി. അന്ന് എനിക്ക് ഉണ്ടായ ഒരു സംശയം തൊഴിലാളി വർഗ്ഗ പാർട്ടി എന്തിനാണ് മുതലാളിക്ക് വേണ്ടി വോട്ട് പിടിക്കുന്നത് എന്നതാണ്. അതു ഒരു സഖാവിനോട് ചോദിച്ചപ്പഴാണ് വിപ്ലവത്തിലെക്ക് പോകാനുയുള്ള അടവ് നയമാണ് എന്ന് ആദ്യം കേട്ടത്.

പക്ഷെ പശുവും കിടാവു ചിഹ്നത്തിൽ തെന്നല ബാലകൃഷ്ണ പിള്ള അടൂരിൽ ജയിച്ചു.

സ്കൂളിൽ സയൻസ് ക്ലബ് സ്റ്റുഡന്റ് കൺവീനറായി. അങ്ങനെയാണ് യുറേക്ക എന്ന മാസിക വായിച്ചു തുടങ്ങിയത്. അങ്ങനെയാണ് കെ എസ് എസ് പി യെ കുറിച്ചു എഴുപത്കളുടെ അവസാന വർഷങ്ങളിൽ മനസ്സിലായത്.

സൈലന്റ് വാലി കാട്കളെ കുറിച്ചു ആദ്യം അറിഞ്ഞത് പ്രൊ എം കെ പ്രസാദ് എഴുതിയ ലേഖനം വായിച്ചാണ്. അങ്ങനെ സൈലന്റ് വാലി ക്യാമ്പയിന്റെ ഭാഗമായാണ് പരിസ്ഥിതിയെ കുറിച്ചും സുസ്ഥിര വികസനത്തെ കുറിച്ചും അരിഞ്ഞത്. അന്ന് വായിച്ചിരുന്ന സൂചിമുഖി, ഡൈനാമിക് ആക്ഷൻ എല്ലാം സ്വാധീനിച്ചു.

പക്ഷെ കമ്പോഡിയയിലെ പോൾ പൊട്ട് ഭരണമാണ് പുസ്തകത്തിൽ വായിച്ച കമ്മ്യുണിസ്മല്ല യഥാർത്ഥത്തിൽ അധികാര പ്രയോഗത്തിലെ നിഷ്ടൂര കമ്മ്യുണിസം എന്ന് മനസ്സിലായി തുടങ്ങിയത്. പുസ്തകത്തിൽ വായിച്ച കമ്മ്യുണിവും മാർക്സിസവും ലോകത്തു എങ്ങും നടന്നിട്ടില്ല എന്നതും ആ ആശയധാരയുടെ പ്രയോഗിതയെകുറിച്ചു സംശയമുണ്ടാക്കി.

അതു മാത്രം അല്ല കമ്മ്യുണിസത്തെക്കാൾ എന്നിക്കു ആകർഷണകമായി തോന്നിയത് ലിബറേഷൻ തിയോളെജിയാണ്. കാരണം അന്നും ഇന്നും യേശുവിന്റ സ്നേഹം സുവിശേഷം ജീവിതത്തിൽ വലിയ സ്വാധീനമാണ് . ഡൈനാമിക് അക്ഷനും ഡോ എം എം തോമസും പൗലോസ് മാർ ഗ്രിഗോറിയൊസും സെബാസ്റ്റ്യൻ കാപ്പനും വായിച്ചാണ് ലിബറേഷൻ തിയോളജിൽ താല്പര്യം തോന്നിയത്. കോളേജ് കാലത്ത് വായിച്ച നെഹ്റുവും ഗാന്ധിയും അംബേദ്കറും സ്വാധീനിച്ചു.

തിരിഞ്ഞു നോക്കുമ്പോൾ കൗമാര കാലത്തെ അടിയന്തരാവസ്ഥയും സൈലന്റ് വാലി മൂവ്മെന്റും പതിനെട്ട് വയസ്സ് കഴിഞ്ഞു ലിബറേഷൻ തിയോളജിയും പിന്നീട് വായിച്ചറിഞ്ഞ നെഹ്റുവും ഗാന്ധിജിമാണ് എന്റെ രാഷ്ട്രീയ വീണ്ടും വിചാരത്തെ രൂപപെടുത്തിയത്.

കൗമാര കാലത്ത് ഗാഡമായി വായിച്ചു തുടങ്ങിയ മാർക്സിന്റ എഴുത്തുകൾ (പ്രത്യേകിച്ച് 1844 ൽ economic and philosophical manuscripts) വീണ്ടും തുടർന്നു. മാർക്സിനെ വായിക്കാതെ ചരിത്രത്തെ കുറിച്ചും സമൂഹത്തെകുറിച്ചും സർവ്വദേശീയതെകുറിച്ചും ഒരു സാകല്യ കാഴ്ചപ്പാടുകളുണ്ടാക്കാൻ പ്രയാസമാണ്. മാർക്സിസമാണ് ലോകത്തെ കുറിച്ചും ചരിത്രത്തെകുറിച്ചും മനുഷ്യനെകുറിച്ചും എനിക്ക് അവബോധം നൽകിയ പ്രധാന വായനകളിൽ ഒന്ന്. ആശയങ്ങളുടെയും രാഷ്ട്രീയ സംഹിതകളുടെയും ചരിത്രത്തിൽ പത്തൊമ്പതാം നൂറ്റാണ്ടിലെ മാർക്സ് ഒരു പ്രകാശ ഗോപുരമാണ്.

പക്ഷെ മാർക്സിനെ സാമാന്യം നല്ലത് പോലെ പഠിച്ച ഞാൻ മാർക്സിസ്റ്റ് അല്ല. കാരണം ആ ആശയധാരകൾ എങ്ങും പ്രായോഗികമായി നടന്നില്ല എന്നു മാത്രം അല്ല. അതു നടത്തുന്ന എന്ന അവകാശപെട്ടവർ മനുഷ്യ അവകാശങ്ങളെ പട്ടാളബൂട്ട് കൊണ്ടു ചവിട്ടി അരച്ചു

സ്റ്റാലിനിസത്തിന്റെ നിഷ്ട്ടരതകളും ചൈനയിൽ മാവോയുടെ സാംസ്കാരിക വിപ്ലവം എന്ന പേരിൽ ആളുകളെകൊന്നതും പോൾപൊട്ടിന്റ നിഷ്ടൂരതയും എല്ലാം എന്നെ കമ്മ്യുണിസത്തിൽ നിന്ന് അകറ്റി കമ്മ്യൂണിസ്റ് ആശയത്തിൽ ഉള്ള ഡിക്ട്ടേട്ടർ ഷിപ് ഓഫ് പ്രോലിട്ടെറിയേറ്റും, ഉന്മൂല സിത്താന്ധവും ഹിംസ അക്രമ ത്വരയുമാണ് ആ അധികാര പ്രത്യയ ശാസ്ത്രം പ്രയോഗത്തിൽ നിന്ന് മാറി നടക്കാൻ പ്രേരിപ്പിച്ചത്

അടിസ്ഥാനപരമായി എല്ലാ മനുഷ്യർക്കും തുല്യ മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യവും ഉറപ്പു തരുന്ന മനുഷ്യരെ വിവേചിക്കാത്ത, സാമൂഹിക- സാമ്പത്തിക നീതിയിൽ അധിഷ്ട്ടിതമായ ജനായത്ത ബോധ്യങ്ങളും മൂല്യ ബോധവുമാണ് എന്റെ രാഷ്ട്രീയത്തിന്റെ അടിസ്ഥാനം. അതു പോലെ ഈ ഭൂമിയും അതിൽ ഉള്ളത് എല്ലാം വരും തലമുറക്ക് വേണ്ടി ഉള്ളതാണ് എന്ന സുസ്ഥിര വികസന കാഴ്ചപ്പാടാണ്.

ജെ എസ് അടൂർ